സര്‍ക്കാര്‍ അവഗണിക്കുന്നു, മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലേക്ക്; നാളെ കരിദിനം ആചരിക്കും

തിരുവനന്തപുരം : സര്‍ക്കാര്‍ ന്യായമായ ആവശ്യങ്ങള്‍ പോലും അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലേക്ക്. മെഡിക്കല്‍ അദ്ധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ നാളെ കരിദിനം ആചരിക്കും. ശമ്പള പരിഷ്‌കരണ ഉത്തരവില്‍ എന്‍ട്രി കേഡര്‍ ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ വന്ന കുറവ് പരിഹരിക്കുക, അസിസ്റ്റന്റ് പ്രൊഫസറില്‍ നിന്നും അസോസിയേറ്റിലേക്കുള്ള പ്രമോഷന്‍ കാലാവധി ഏഴുവര്‍ഷത്തില്‍ നിന്ന് എട്ട് ആയി ഉയര്‍ത്തിയത് തിരുത്തുക, പെന്‍ഷന്‍ അപാകത പരിഹരിക്കുക, ശമ്പള കുടിശ്ശിക ഉടന്‍ അനുവദിക്കുക തുടങ്ങിയവയാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

ഇത്കൂടാതെ രോഗിബാഹുലൃം അനുസരിച്ച് സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കണമെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് വിഐപി ഡ്യൂട്ടി, പുറത്തുള്ള ഡ്യൂട്ടി തുടങ്ങിയവ ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം ഉന്നയിച്ച് മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും പലവട്ടം കണ്ടെങ്കിലും കൃത്യമായ ഇടപെടലുണ്ടായിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ഒരു നീക്കവും ഇല്ലാത്തതിനാലാണ് പ്രത്യക്ഷ സമരത്തിലേക്ക് പോകുന്നതെന്നും കെജിഎംസിടിഎ അറിയിച്ചു. നവംബര്‍ 21 ന് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ഡിഎംഇ ഓഫീസിലും ധര്‍ണ്ണ നടത്തും. എന്നിട്ടും തീരുമാനമുണ്ടായില്ലെങ്കില്‍ ഡിസംബര്‍ 1 മുതല്‍ ചട്ടപ്പടി സമരം നടത്താനാണ് തീരുമാനം. ന്യയമായ ആവശ്യങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ ഇനിയും മുഖം തിരിച്ച് രോഗികളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിലേക്ക് തള്ളി വിടരുതെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top