ഖലിസ്ഥാൻ ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നു; കടുത്ത നടപടികളുമായി എൻഐഎ

ന്യൂഡൽഹി: പഞ്ചാബിൽ ഖലിസ്ഥാൻ ഭീകരർക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് എൻഐഎ. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് നേതാവും ഖലിസ്ഥാൻ ഭീകരനുമായ ഗുർപട് വന്ത് സിംഗ് പന്നുവിന്റെ സ്വത്തുകൾ എൻഐഎ കണ്ടുകെട്ടി. ചണ്ഡിഗഡിലെ വീടും അമൃത്സറിലെ സ്വത്തുവകകളുമാണ് കണ്ടുകെട്ടിയത്.
കാനഡയിലെ ഹിന്ദുക്കൾ ഇന്ത്യയിലേക്കു മടങ്ങണമെന്നു പന്നു കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. രാജ്യദ്രോഹക്കുറ്റം അടക്കം 22 ക്രിമിനൽ കേസുകളാണ് ഇയാളുടെ പേരിൽ പഞ്ചാബിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കാനഡയിൽ കൊല്ലപ്പെട്ട ഹർദീപ് സിംഗ് നിജ്ജാറിന്റെ സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മൊഹാലിയിലെ എൻ ഐ എ കോടതിയാണു സ്വത്തുക്കൾ കണ്ടു കെട്ടാൻ നിർദേശം നൽകിയത്. കോടതി നിർദേശ പ്രകാരം ജലന്ധർ ജില്ലയിലെ ഹർദീപിന്റെ വീടിനു മുന്നിൽ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here