കനേഡിയൻ ഹൈക്കമ്മീഷണറെ ഇന്ത്യ തിരിച്ചു വിളിച്ചു; ആറ് കാനഡ ഉദ്യോഗസ്ഥരെ പുറത്താക്കി; കടുത്ത നടപടിയുമായി ഇന്ത്യ
കാനഡയുമായുള്ള നയതന്ത്രബന്ധം വഷളായിരിക്കെ നടപടി കടുപ്പിച്ച് ഇന്ത്യ. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചു. ഹൈക്കമ്മിഷണർ ഉൾപ്പെടെ 6 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് കാനഡ അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയും തിരിച്ചടിച്ചത്. ആറു കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിട്ടുണ്ട്.
കനേഡിയൻ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണു നിലപാട് അറിയിച്ചത്. കനേഡിയൻ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനാണു തിരിച്ചു വിളിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ത്യ-കാനഡ ബന്ധം തകര്‍ച്ചയിലേക്ക് നീങ്ങിയത്. നിജ്ജാര്‍ വധത്തില്‍ ഇന്ത്യൻ ഹൈക്കമ്മിഷണർക്കെതിരെ കേസെടുക്കാനുള്ള കാനഡ നീക്കത്തിൽ പ്രതിഷേധിച്ചാണു കേന്ദ്രത്തിന്റെ നടപടി. നിജ്ജാർ വധത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സംശയനിഴലിൽ ആണെന്നു കാനഡ കത്തയിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യ കടുത്ത നടപടികള്‍ കൈക്കൊണ്ടത്.
‘‘തീവ്രവാദത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷമാണ്. ട്രൂഡോ സർക്കാരിന്റെ നടപടികൾ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് അടിവരയിട്ട് പറയേണ്ടതുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിലവിലെ കനേഡിയൻ സർക്കാരിനുള്ള പ്രതിബദ്ധതയിൽ ഞങ്ങൾക്കു വിശ്വാസമില്ല. ഇന്ത്യൻ ഹൈക്കമ്മിഷണറെയും മറ്റു നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു’’– വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖലിസ്ഥാന്‍ നേതാവാണ് ഹർദീപ് സിങ് നിജ്ജാര്‍. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഇയാളെ എന്‍ഐഎ അന്വേഷിക്കുകയും നിജ്ജാറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് 2023 ജൂൺ 18ന് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിക്കുന്നത്. ബൈക്കിലെത്തിയ അജ്ഞാതരാണ് ഇയാളെ വെടിവെച്ച് വീഴ്ത്തിയത്. ഇതിന് ഇന്ത്യയെ കുറ്റപ്പെടുത്തി ട്രൂഡോ രംഗത്ത് വന്നതോടെയാണ് ഇന്ത്യ-കാനഡ ബന്ധം ഉലയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here