മോദിക്ക് പിന്നാലെ ഖാര്‍ഗെയും തൃശ്ശൂരിലേക്ക്; ഒരുലക്ഷം പേരുടെ മഹാസമ്മേളം അടുത്തമാസം
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തൃശ്ശൂരിലേക്ക്. ഫെബ്രുവരി 3ന് തേക്കിന്‍കാട് മൈതാനത്തുവെച്ച് നടക്കുന്ന കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ ഖാര്‍ഗെ പങ്കെടുക്കും. ഇതോടെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.
സംസ്ഥാനത്തെ 25177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബി.എല്‍.എമാര്‍ എന്നിങ്ങനെ മൂന്നുപേര്‍വീതം, ആകെ 75000 ത്തില്‍പ്പരം പേർ പരിപാടിയില്‍ പങ്കെടുക്കും. മണ്ഡലതല നേതാക്കൾ മുതല്‍ കേരളത്തില്‍ നിന്നുള്ള എഐസിസി ഭാരവാഹികൾ വരെ ഇവരോടൊപ്പം പങ്കുചേരും. ഇങ്ങനെ ഏതാണ്ട് ഒരുലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. ഇവർക്ക് കോൺഗ്രസ് പ്രസിഡൻ്റുമായി നേരിട്ട് സംവദിക്കാൻ അവസരമുണ്ടാകും എന്നതാണ് തൃശ്ശൂർ മഹാസമ്മേളനത്തിന്‍റെ പ്രത്യേകത.
സമ്മേളനം വന്‍ വിജയമാക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി ഭാരവാഹിയോഗം തീരുമാനിച്ചു. ബൂത്ത് ശാക്തീകരണത്തിലൂടെ പാർട്ടിയുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരിൽ ഊർജം നിറയ്ക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here