ആലത്തൂർ എസ്ഐക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി വേണം; എജിക്ക് കത്തുനല്‍കി ഹൈക്കോടതി അഭിഭാഷക സംഘടന
എറണാകുളം : ആലത്തൂരിലെ പോലീസ് – അഭിഭാഷക തര്‍ക്കത്തില്‍ കോടതിയലക്ഷ്യത്തിന് നടപടി സ്വകരിക്കണമെന്ന ആവശ്യവുമായി കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍(കെ.എച്ച്.സി.എ.എ). ഇക്കാര്യം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണ കുറുപ്പിന് സംഘടന കത്ത് നല്‍കി.
ആലത്തൂര്‍ പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍പെക്ടര്‍മാരായ റനീഷ്.വി.ആര്‍, ഉണ്ണികൃഷ്ണന്‍ ടി.എന്‍ എന്നിവര്‍ക്കെതിരേയാണ് നടപടിയാവശ്യപ്പെട്ടിരിക്കുന്നത്. റോഡപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടു കൊടുക്കണമെന്ന കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകന്‍ അക്വിബ് സുഹൈലിനെ എസ്‌ഐ റനീഷ് അധിക്ഷേപിച്ചതായാണ് സംഘടന ആരോപിക്കുന്നത്. ‘കോടതിയോ, ഏത് കോടതി, ഇറങ്ങി പോടാ’ എന്ന് എസ്ഐ ആക്രോശിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങളടക്കമാണ് കെ.എച്ച്.സി.എ.എ കത്ത് നല്‍കിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ 1971 ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷന്‍ 15(1)(എ) പ്രകാരം ക്രമിനല്‍ കോടതിയലക്ഷ്യത്തിന് നടപടി വേണമെന്നാണ് ആവശ്യം. സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍ ഇത് തടയാന്‍ ശ്രമിക്കാത്തതിനാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
കോടതി ഉത്തരവ് നടപ്പേക്കേണ്ട ഉദ്യോഗസ്ഥന്‍ തന്നെ കോടതിയെ അധിക്ഷേപിച്ച് സംസാരിക്കുന്നത് ഗൗരവമായ കാര്യമാണ്. അതിനാല്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് എജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ ഈ മാസം 18ന് ഓണ്‍ലൈനായി ഹാജരായി വിശദീകരണം നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌റ്റേഷനില്‍ എത്തുന്നവരോട് പോലീസുകാര്‍ മാന്യമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡിജിപിക്ക് കോടതി പലവട്ടം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും പാലിക്കാത്ത നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ വിമര്‍ശിച്ചിരുന്നു.
ഈ മാസം അഞ്ചിനാണ് ആലത്തൂര്‍ സ്‌റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥനും അഭിഭാഷകനും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായത്. വാഹനാപകടത്തില്‍പെട്ട ആന്ധ്രാ സ്വദേശികളുടെ ബസ് വിട്ട് നല്‍കാനുളള ഉത്തരവുമായി സ്റ്റേഷനിലെത്തിയതായിരുന്നു അഭിഭാഷകനായ അക്വിബ് സുഹൈല്‍. ഉത്തരവ് പരിശോധിക്കണമെന്ന് എസ്‌ഐ റനീഷ് പറഞ്ഞതോടെയാണ് തര്‍ക്കമുണ്ടായത്. നീ ആരാടായെന്നും പോലീസ് സ്‌റ്റേഷനില്‍ ഷോ കാണിക്കേണ്ടെന്നും എസ്‌ഐ അഭിഭാഷകനോട് പറയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here