മസാലബോണ്ട് വീണ്ടും തോമസ് ഐസക്കിന് കുരുക്കാകുന്നു; ഇഡി സമന്‍സ് ഐസക്കിനെ തേടിയെത്തും
കൊച്ചി: മസാല ബോണ്ട് ഇറക്കിയതിൽ മുൻ മന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും എതിരെയുള്ള അന്വേഷണം തുടരാൻ തടസ്സമില്ലെന്നും പുതിയ സമൻസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അയയ്ക്കാമെന്നും ഹൈക്കോടതി. എന്നാൽ ഇത് കോടതിയുടെ തുടർ ഉത്തരവുകൾക്കു വിധേയമായിരിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഈ കേസില്‍ തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് സമൻസ് അയയ്ക്കുന്നത് ഇടക്കാല ഉത്തരവിലൂടെ കോടതി തടഞ്ഞിരുന്നു. ഈ ഉത്തരവിലാണു ഭേദഗതി വരുത്തിയത്.
മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ ഫെമ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനെന്ന പേരിൽ ഇഡി തുടർച്ചയായി സമൻസ് നൽകി ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ച് തോമസ് ഐസക്കും കിഫ്ബി സിഇഒ കെ.എം.ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരും നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ഇഡി അന്വേഷണം അനന്തമായി നീളുന്ന മട്ടിലാണെന്നും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും കോടതി ഇടപെടണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. എന്നാൽ പുതിയ സമൻസ് അയയ്ക്കാൻ തയാറാണെന്നും അതിന് കോടതി അനുവദിക്കണമെന്നും ഇഡിക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചു. ഹർജി ഡിസംബര്‍ 1ന് വീണ്ടും പരിഗണിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here