‘ഇങ്ങനെയൊക്കെ ചെയ്യാമോ’… ടോൾ പിരിച്ച് നിത്യചിലവിന് നോക്കുന്ന കിഫ്ബിക്ക് 90 കോടിയുടെ ആസ്ഥാന മന്ദിരം!!

സാമ്പത്തികമായി മുടിഞ്ഞ് മുണ്ടക്കോല് വെച്ച് നില്‍ക്കുമ്പോഴും കിഫ്ബിയുടെ ധൂര്‍ത്തിന് ഒരു കുറവുമില്ല. 90 കോടി രൂപ മുടക്കി തലസ്ഥാനത്ത് ആസ്ഥാനമന്ദിരം പണിയാനുള്ള ആലോചനയിലാണ് ചുമതലക്കാര്‍. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വഴിയില്ലാതെ കിഫ്ബി പണികഴിപ്പിച്ച റോഡില്‍ നിന്ന് ടോള്‍ പിരിച്ച് ചിലവുകള്‍ നടത്താന്‍ ആലോചിക്കുമ്പോഴാണ് അടുത്ത ‘ദീപാളി കുളി’ക്ക് നീക്കം.

ഓഫീസ് കെട്ടിടത്തിനായി സ്ഥലത്തിന് വേണ്ടി താല്‍പര്യപത്രം പുറപ്പെടുവിച്ചിരുന്നു. ഓഫീസ് സ്ഥലമോ, ഭൂമിയോ നല്‍കുന്നതിന് മൂന്ന് പേര്‍ താല്‍പര്യപത്രവും നല്‍കി. സണ്ണി വര്‍ക്കി, മുത്തൂറ്റ് ഫിന്‍ കോര്‍പ്പ്, സ്റ്റാര്‍ ഹില്‍ റിയല്‍ എസ്റ്റേറ്റ് എന്നിവരാണ് ടെണ്ടര്‍ സമര്‍പ്പിച്ചത്.

സെക്രട്ടേറിയറ്റിന് സമീപം ഏജീസ് ഓഫീസിന് എതിരെയുള്ള ഫെലിസിറ്റി സ്‌ക്വയറിലാണ് കിഫ്ബി നിലവില്‍ വാടകക്ക് പ്രവര്‍ത്തിക്കുന്നത്. 13.74 കോടി രൂപ വാടകയ്ക്കായി 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ 2024- 25 വരെ ചിലവഴിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു.

കിഫ്ബിയുടെ 46-മത് ജനറല്‍ ബോഡി യോഗമാണ് സ്വന്തമായി ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. സിഇഒ കെ എം എബ്രഹാമിനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. 90 കോടിയാണ് ചിലവ് കണക്കാക്കുന്നത് എങ്കിലും 100 കോടി കടക്കാനാണ് സാധ്യതയെന്നും ടൈംസ് ഓഫ് ഇന്ത്യയിൽ കെ പി സായ് കിരൺ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെക്രട്ടറിയേറ്റിന്റെ രണ്ടാമത്തെ അനക്‌സ് കെട്ടിടം പൂര്‍ത്തിയായതോടെ പഴയ സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ ഓഫീസ് മുറികള്‍ ഒഴിവ് വരും. ഇതൊന്നും പരിഗണിക്കാതെയാണ് കോടികള്‍ മുടക്കി ഓഫീസ്’ കെട്ടിടം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ അടക്കം ബാധ്യത പൊതുജനത്തിന് മേല്‍ കെട്ടിവയ്ക്കാനാണ് ടോള്‍ പിരിവിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top