ടിപിക്കേസ് പ്രതികളുടെ സിപിഎം ബന്ധം ജയില്‍ റിപ്പോര്‍ട്ടില്‍ വ്യക്തം; ഷാഫിയുടെ അമ്മയ്ക്ക് പ്രതിമാസം പാര്‍ട്ടി അനുഭാവികള്‍ നല്‍കുന്നത് 5000 രൂപ
കൊച്ചി : ടി.പി.ചന്ദ്രശേഖരന്‍ വധവുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതൃത്വം അവകാശപ്പെടുമ്പോഴും കൊടുംകുറ്റവാളികളായ പ്രതികള്‍ക്ക് പാര്‍ട്ടി സഹായം ലഭിക്കുന്നതായി ജയില്‍ റിപ്പോര്‍ട്ട്. ജയില്‍ പ്രൊബേഷണറി ഓഫീസര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഗൗരവമായ പരാമര്‍ശങ്ങളാണുള്ളത്. കേസിലെ അഞ്ചാം പ്രതി കെ.കെ.മുഹമ്മദ് ഷാഫിയുടെ അമ്മയ്ക്ക് പ്രതിമാസം 5000 രൂപ സിപിഎം അനുഭാവികളില്‍ നിന്ന് ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാഫിയുടെ അമ്മയില്‍ നിന്ന് നേരിട്ട് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. പ്രതികളായ എല്ലാവരും സിപിഎം അനുഭാവികളാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് രണ്ട് പ്രധാന പ്രാദേശിക നേതാക്കള്‍ കൂടി കേസില്‍ ശിക്ഷിക്കപ്പെട്ടത്. കീഴ്‌ക്കോടതി വെറുതേവിട്ട കെ.കെ.കൃഷ്ണനേയും ജ്യോതി ബാബുവിനേയുമാണ് ഹൈക്കോടതി ഇന്നലെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്ന ഈ വിധി സിപിഎമ്മിന് രാഷ്ട്രീയമായി വെല്ലുവിളിയാണ്.
ഹൈക്കോടതി ശിക്ഷിച്ച പ്രതികളില്‍ ബഹുഭൂരിപക്ഷം പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. സിപിഎം പ്രാദേശിക നേതാക്കളും വാടകഗുണ്ടകളായ കൊലയാളികളും എങ്ങനെ ഒത്തു ചേര്‍ന്ന് ഈ കൃത്യം നടത്തിയെന്നതിന് സിപിഎമ്മിന് ഇപ്പോഴും കൃത്യമായ മറുപടിയില്ല. കൊടി സുനി, കിര്‍മാണി മനോജ് തുടങ്ങി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ യഥേഷ്ടം പരോള്‍ അനുവദിച്ചിരുന്നു. മറ്റ് ജയില്‍പുള്ളികള്‍ക്കില്ലാത്ത എന്ത് പ്രത്യേകത കൊണ്ടാണ് ടിപി കേസിലെ പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍ എന്നതിന് സര്‍ക്കാര്‍ ഒരു വിശദീകരണവും നല്‍കിയിട്ടില്ല. ഇതുകൂടാതെ ജയില്‍ മോചനം അനുവദിക്കാനുള്ളവരുടെ പട്ടികയിലും ഇവര്‍ ഉള്‍പ്പെടുകയും ചെയ്തു. 2012ലാണ് ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. 12 വര്‍ഷം കഴിഞ്ഞിട്ടും ഈ കേസ് ഉയര്‍ത്തുന്ന രാഷ്ട്രീയ വെല്ലുവിളി മറികടക്കാന്‍ സിപിഎമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here