‘ഡൽഹി വിട്ടുപോകാൻ പോലും ആലോചിച്ചു…’ ആംആദ്മി ക്ഷണിച്ചുവരുത്തിയ തോൽവിയെന്ന് കിരൺ ബേദി

ആംആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് മുൻ ഡിജിപിയും, പുതുച്ചേരി ലഫ്റ്റനൻ്റ് ഗവർണറും ആയിരുന്ന കിരൺ ബേദി. പത്തുവർഷം കൊണ്ട് ഡൽഹി ആകെ തകർന്ന അവസ്ഥയിലായി. കേന്ദ്ര പദ്ധതികളൊന്നും കൊണ്ടുവരാൻ ആപ്പ് ഭരണത്തിന് കഴിഞ്ഞില്ല. ഡൽഹിയുടെ സ്ഥിതി മോശമായി ഇവിടം വിട്ടുപോകേണ്ടിവരുമെന്ന് പോലും താനടക്കം പലരും കരുതിയെന്ന്, 2015ൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിയായിരുന്ന കിരൺ ബേദി പറഞ്ഞു.

ഇപ്പോഴത്തെ പരാജയം ആംആദ്മിയുടെ പ്രവർത്തനത്തിൻ്റെ ഫലം തന്നെയാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ നിന്ന് ഡൽഹിയെ തിരിച്ച് കൊണ്ടുവരിക എന്നത് പുതിയ സർക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ആരോപണ, പ്രത്യാരോപണങ്ങളുടെ കാലം കഴിഞ്ഞു. ഡൽഹി ആരോഗ്യകരവും സുരക്ഷിതവുമായ നിലയിലേക്ക് തിരിച്ചെത്തിക്കുക ആണ് ഇനിയുള്ള ലക്ഷ്യം. ബിജെപിക്ക് അതിന് കഴിയുമെന്നും കിരൺ ബേദി പറഞ്ഞു.

2011ൽ യുപിഎ ഭരണകാലത്ത് അണ്ണാ ഹസാരെ തുടങ്ങിവച്ച അഴിമതിവിരുദ്ധ പോരാട്ടത്തിൽ ഇടംവലംനിന്ന കിരൺ ബേദിയും കേജരിവാളും പക്ഷെ വഴിപിരിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. 2015ൽ ബിജെപിയിൽ ചേർന്ന ബേദി, തൊട്ടടുത്ത് തന്നെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിച്ചു. എട്ടുനിലയിൽ പൊട്ടിയ ശേഷം 2016ൽ പുതുച്ചേരി ലഫ്റ്റനൻ്റ് ഗവർണറായി പോകുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top