തിരുവനന്തപുരം റൂറല്‍ എസ്പിയായി വീണ്ടുമൊരു വനിത, വനിതകള്‍ ഈ സ്ഥാനത്ത് എത്തുന്നത് തുടര്‍ച്ചയായി മൂന്നാം തവണ

തിരുവനന്തപുരം : തിരുവനന്തപുരം റൂറല്‍ എസ്പിയായി വീണ്ടും ഒരു വനിതയെ നിയമിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായിരുന്ന കിരണ്‍ നാരായണിനെയാണ് തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലയുടെ മേധാവിയാക്കിയിരിക്കുന്നത്. 2014ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥയാണ് കിരണ്‍.
നിലവില്‍ ഡി. ശില്പയായിരുന്നു ഈ ചുമതല വഹിച്ചിരിക്കുന്നത്. 2016 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥയായ ഇവരെ കോഴിക്കോട് റൂറല്‍ ജില്ലാപോലീസ് മേധാവിയായി മാറ്റി നിയമിച്ചിട്ടുണ്ട്. ഡോ. ദിവ്യ വി ഗോപിനാഥില്‍ നിന്നാണ് ശില്പ ചുമതല ഏറ്റെടുക്കുന്നത്. 2010ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥയാണ് ഇവര്‍. 56വര്‍ഷത്തെ ചരിത്രമുള്ള തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലയുടെ ആദ്യ വനിത പോലീസ് മേധാവിയായിരുന്നു ദിവ്യ. അതിനു ശേഷം തുടര്‍ച്ചയായി മൂന്നാം തവണയാണ് ഒരു വനിത ഉദ്യോഗസ്ഥ ഈ സ്ഥാനത്ത് എത്തുന്നത്.

എസ് പി, അഡിഷണല്‍ എസ് പി എന്നിവരടക്കം ഏതാണ്ട് രണ്ടായിരത്തിയിരുന്നൂറാണ് റൂറല്‍ ജില്ലയുടെ പോലീസ് അംഗബലം. ഡി വൈ എസ് പി മാരുടെ നേതൃത്വത്തിലുള്ള അഞ്ചു പോലീസ് സബ് ഡിവിഷനുകളാണ് ജില്ലയിലുള്ളത്. ആറ്റിങ്ങല്‍, വര്‍ക്കല, നെടുമങ്ങാട്, കാട്ടാക്കട നെയ്യാറ്റിന്‍കര എന്നിവയാണിവ. ഇതിനു പുറമെ നാലു ഡി വൈ എസ് പിമാര്‍ കൂടി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലുണ്ട്.

1967 ഒക്ടോബര്‍ 9 നാണു തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ല രൂപീകരിക്കുന്നത്. പി കെ മുഹമ്മദ് ഹസ്സന്‍ ആയിരുന്നു ആദ്യ എസ് പി. കേരള പോലീസിന്റെ തലപ്പത്തു എത്തിയ ഏതാണ്ട് എല്ലാവരും എസ് പി ആയിരിക്കെ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയായിട്ടുണ്ട്. ക്രമസമാധാന വിഭാഗം അഡിഷണല്‍ ഡി ജി പിയായ എം ആര്‍ അജിത് കുമാറും ഇക്കൂട്ടത്തിലുണ്ട്.മൂന്നു പ്രാവശ്യം തിരുവനന്തപുരം റൂറല്‍ എസ് പി ആയിരുന്ന ഒരാളുമുണ്ട്-എ ഗോപിനാഥ് ഐ പി എസ്. ഇദ്ദേഹത്തിന്റെ ഈ റെക്കോര്‍ഡ് ആരും തകര്‍ത്തിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top