‘കൊള്ളക്കാരനെ കോൺഗ്രസ് സംരക്ഷിക്കുന്നു’; ‘സഹകരണത്തില്‍’ കെപിസിസിക്ക് ഇരട്ടത്താപ്പ്

കല്‍പ്പറ്റ: കേരളത്തിൽ പുറത്തുവന്ന ബാങ്ക് തട്ടിപ്പുകളിൽ ‘സഹകരണ കൊള്ളക്കാരുടെ ഒപ്പമല്ലെന്ന’ കോൺഗ്രസ് നിലപാട് പൊളിയുന്നു. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന കെ.കെ. എബ്രഹാം ഇപ്പോഴും കെപിസിസി അംഗമായി തുടരുന്നതിൽ കോൺഗ്രസ് നേതാക്കൾക്കും അണികൾക്കും അമർഷം. സിപിഐ അടക്കമുള്ളവർ തട്ടിപ്പുകാർക്കെതിരെ നടപടിയെടുക്കുമ്പോൾ എബ്രഹാമിനെ സംരക്ഷിക്കുന്ന നിലപാട് തിരിച്ചടിയാകുമെന്ന് ജില്ലയിലെ ഭൂരിപക്ഷം നേതാക്കളും ചൂണ്ടിക്കാട്ടുന്നു. സഹകരണ മേഖലയിലെ ‘കൊള്ളക്കാരെ’ സർക്കാരും സിപിഎമ്മും സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവർത്തിച്ച് പ്രസ്താവനകളിറക്കുമ്പോഴാണ് കോൺഗ്രസ് നിലപാടിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി പാർട്ടിയിൽ തന്നെ വിമർശനമുയരുന്നത്.

ക്രൈംബ്രാഞ്ച് അറസ്റ്റിലായ ശേഷം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും കെ.കെ.എബ്രഹാം രാജിവെച്ചെങ്കിലും അദ്ദേഹത്തിനെതിരെ പാർട്ടി നേതൃത്വം യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല. കെ.കെ.എബ്രഹാമിനെതിരെ നടപടിയെടുക്കേണ്ടത് കെപിസിസിയാണെന്നും ഇതുവരെ അത്തരം നീക്കങ്ങളൊന്നുമുണ്ടായില്ലെന്നും വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി.അപ്പച്ചൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. വരും ദിവസങ്ങളിൽ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങളറിയാൻ കെപിസിസി സംഘടനാ ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണനേയും മറ്റ് നേതാക്കളേയും ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ അവർ തയ്യാറായില്ല.

ഒരേ സമയം സിപിഎം-സിപിഐ നേതാക്കളുടെ സഹകരണ ബാങ്ക് ക്രമക്കേടുകളെ വിമർശിക്കുകയും എബ്രഹാമിനെ ചിറകിനടിയിൽ സംരക്ഷിച്ച് നിർത്തുകയും ചെയ്യുന്ന കെപിസിസി നിലപാടിനോട് ജില്ലയിലെ രണ്ട് കോൺഗ്രസ് എംഎൽഎമാർക്കും ഡിസിസി അധ്യക്ഷനും വിയോജിപ്പുണ്ട്. അത് നേതാക്കൾ കെപിസിസി നേതൃത്വത്തെ അറിയിച്ചതായിട്ടാണ് സൂചനകൾ. എന്നാൽ കെ.സി.വേണുഗോപാലിൻ്റെ വിശ്വസ്തനായതിനാലാണ് എബ്രഹാമിനെതിരെ പാർട്ടി നേതൃത്വം നടപടി സ്വീകരിക്കാത്തത് എന്ന വിമർശനവും പാർട്ടിയിൽ ശക്തമാണ് . കെ.കെ. എബ്രഹാമിനെ പുറത്താക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിൻ്റെ നാടായ പുൽപ്പള്ളി പഞ്ചായത്തിൽ പാർട്ടിയിലെ ഒരു പ്രമുഖ വിഭാഗം കോൺഗ്രസുമായി സഹകരിക്കാതെ വിട്ടുനിൽക്കുകയാണ്.

യുഡിഎഫ് നിയന്ത്രണത്തിലുള്ള പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ വായ്പ ഇടപാടില്‍ 8.64 കോടി രൂപയുടെ അഴിമതിയാണ് ഇഡി കണ്ടെത്തിയത്. ബാങ്ക് പ്രസിഡൻ്റ് കെ.കെ. എബ്രഹാം, ബിനാമി സജീവൻ കൊല്ലപ്പള്ളി, മുൻ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവരടക്കം ഭരണസമിതി അംഗങ്ങളും ബാങ്ക് ജീവനക്കാരും ഉൾപ്പെടെ പത്ത് പേരാണ് പ്രതികൾ. കേസിലെ ഒന്നാം പ്രതിയാണ് എബ്രഹാം. കോടികളുടെ വായ്പാ തട്ടിപ്പില്‍ ബാങ്ക് ഭരണ സമിതി കുറ്റക്കാരാണെന്ന് സഹകരണ വകുപ്പും വിജിലൻസും കണ്ടെത്തിയെങ്കിലും നാല് വര്‍ഷമായി കേസിൽ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നുവെന്ന ആരോപണം ഉയരുന്നതിനിടയിൽ ബാങ്കില്‍ വായ്പ തട്ടിപ്പിന് ഇരയായ രാജേന്ദ്രന്‍ നായര്‍ എന്ന കർഷകൻ ആത്മഹത്യ ചെയ്തതായിരുന്നു എബ്രഹാമിനും മറ്റ് പ്രതികൾക്കും തിരിച്ചടിയായത്. കെ.കെ. എബ്രഹാം ഉള്‍പ്പെടെ നാലോളം പേരുടെ പേരുവിവരങ്ങള്‍ ആത്മഹത്യക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം വേഗത്തിൽ സമർപ്പിച്ചു. തുടർന്ന് എബ്രഹാമിനെയും മുൻ ബാങ്ക് സെക്രട്ടറിയേയും പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ ജാമ്യത്തിൽ കഴിയുമ്പോഴാണ് കോൺഗ്രസ് നേതാവിനെ ഇഡി പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപെട്ട കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്യുന്നത്. റിമാൻഡിൽ കഴിയുന്ന കെ.കെ.എബ്രഹാമിൻ്റെയും മറ്റ് പ്രതികളുടേയും 4.34 കോടി രൂപയുടെ സ്വത്തുക്കൾ കേന്ദ്ര ഏജൻസി കണ്ടുകെട്ടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top