പിണറായി വളര്‍ത്തിയ സിപിഎം ഫാസിസ്റ്റ് രീതിയുടെ മിനിയേച്ചറാണ് പൂക്കോട് കണ്ടത്; മാഫിയയുടെ മാസപ്പടിക്കാരനാണെന്ന് വിധിയുണ്ടായിട്ടും പാര്‍ട്ടിയാകെ വാലാട്ടി നിര്‍ക്കുന്നു; രൂക്ഷ വിമര്‍ശനങ്ങളുമായി കെ.കെ.രമ
വടകര : ഭയം വിതച്ചും ആക്രമിച്ചും കൊന്നും വിമര്‍ശനങ്ങളെ വരുതിയിലാക്കുന്ന പിണറായിരാജാണ് വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്നതെന്ന് കെ.കെ.രമ എംഎല്‍എ. ടി.പി.ചന്ദ്രശേഖരന്‍ വധം ഒരു സന്ദേശം നല്‍കലായിരുന്നു. എതിര്‍ത്താല്‍ എന്ത് സംഭവിക്കുമെന്ന സന്ദേശം. ഇതാണ് വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ ഇപ്പോഴും തുടരുന്നത്. ഈ ക്രൂര രാഷ്ട്രീയത്തിന്റെ ഇരയാണ് സിദ്ധാര്‍ത്ഥന്‍. പൂക്കോട് വെറ്ററിനറി കോളേജില്‍ കണ്ടത് കേരളത്തിലെ തെരുവുകളില്‍ പിണറായിസ്റ്റ് സിപിഎം വളര്‍ത്തിയ ഫാസിസ്റ്റ് രീതിയുടെ മിനിയേച്ചറാണ്. സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നില്‍ എസ്എഫ്‌ഐ എന്നത് നടുക്കമുളവാക്കുന്നതാണ്. അപരശബ്ദത്തെ സംഗീതമായി ആസ്വദിച്ച പ്രസ്ഥാനത്തിന്റെ പുതുതലമുറയുടെ രാഷ്ട്രീയ പരിണാമത്തിന് കാരണം പിണറായി വിജയനാണെന്നും രമ വിമര്‍ശിച്ചു. കത്തോലിക്ക സഭ മുഖപത്രമായ ദീപികയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക, അല്ലാത്തവരെ കൊന്ന് തീര്‍ക്കുക എന്ന പിണറായി ലൈനാണ് എസ്എഫ്‌ഐ കുട്ടികള്‍ പഠിച്ചിരിക്കുന്നത്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളെ ആയുധമണിയിച്ച് അരാഷ്ട്രീയവത്കരിച്ചിരിക്കുകയാണ്. ഈ ക്രൂരമായ പിണറായി ലൈനിനെ പുറത്താക്കാന്‍ സിപിഎമ്മില്‍ അവശേഷിക്കുന്ന അപൂർവം കമ്മ്യൂണിസ്റ്റുകാര്‍ തന്റേടം കാട്ടണം. ടിപി കേസില്‍ ഉന്നത ഗൂഡാലോചനയുണ്ട്. വധശിക്ഷയില്‍ ഒപ്പു ചാര്‍ത്തിയ ആ പ്രമുഖനാരെന്നത് പറത്തു വരണം. അതിനാണ് പോരാട്ടമെന്നും രമ വ്യക്തമാക്കുന്നു.
ടിപിയെ വധിച്ച പ്രതികളുടെ കാറിൽ ‘മാഷാ അള്ളാ’ സ്റ്റിക്കർ ഒട്ടിച്ചുവിട്ട് ന്യൂനപക്ഷങ്ങളെ വേട്ടയ്‌ക്കെറിഞ്ഞു കൊടുത്തവരാണ് തിരഞ്ഞടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രേമം പറയുന്നത്. മുഖ്യമന്ത്രിയും കുടുംബവും മാഫിയകളുടെ മാസപ്പടിക്കാരാണെന്ന് അപ്പീല്‍ ഇല്ലാത്ത വിധി വന്നിട്ടും സിപിഎം സംഘടനയാകെ അയാള്‍ക്ക് മുന്നില്‍ വാലാട്ടി നില്‍ക്കുകയാണെന്നും രമ വിമര്‍ശിച്ചു.
പൂക്കോട് നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണ്. ക്യാംപസിലെ ചില വിദ്യാര്‍ത്ഥികളുടെ സാഹസിക ഇടപെടലില്ലായിരുന്നെങ്കില്‍ സിദ്ധാര്‍ത്ഥന്റെ ബലികുടീരത്തില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രചരണ പര്യടന യാത്ര ആഘോഷപൂര്‍വ്വം ആരംഭിച്ചേനെയെന്നും രമ പരിഹസിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here