ടിപി കേസിൽ പ്രസ്താവനകൾ നിയന്ത്രിക്കാൻ കെകെ ശൈലജ പാർട്ടിയോട് ആവശ്യപ്പെടും; വടകരയിൽ മൗനം അനിവാര്യം; ഇപിയുടെ പ്രതികരണം കടന്നുപോയെന്നും പരാതി

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ കേസുമായി ബന്ധപ്പെട്ട് ഇപി ജയരാജന്‍ നടത്തുന്ന പ്രസ്താവനകളില്‍ വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി കൂടിയായ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം കെകെ ശൈലജക്ക് അതൃപ്തി ശക്തം. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ടിപി കേസിലെ പ്രതികളെ ന്യായീകരിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ശൈലജയുടെ ഉറച്ച നിലപാട്. ഇക്കാര്യം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അറിയിക്കും. ഇപി അടക്കമുള്ള നേതാക്കളോട് വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ദേശീയ നേതൃത്വം നിർദ്ദേശിക്കണം എന്നതാകും ശൈലജയെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുക. അതിശക്തമായ മത്സരം നടക്കുമ്പോൾ ചില കാര്യങ്ങളിൽ മൗനം പാലിക്കുന്നത് വിജയത്തിന് അനിവാര്യമാണെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.

വടകരയില്‍ എത്തിയ കെകെ ശൈലജ കരുതലോടെയാണ് ടിപി വിഷയത്തില്‍ പ്രതികരിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് രംഗത്തെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോൾ വരേണ്ട വിഷയമല്ല ടിപി ചന്ദ്രശേഖരന്‍ കേസ് എന്ന് വിശദീകരിച്ചാണ് അതിനെ ചർച്ചയിൽ നിന്നൊഴിവാക്കാൻ അവർ ശ്രിച്ചത്. സംസ്ഥാന സെക്രട്ടറി പറഞ്ഞതുപോലെ ടിപി കേസില്‍ കോടതി വിധിയാണ് പ്രധാനമെന്നും അതിനെ മാനിക്കുമെന്നും ശൈലജ പറഞ്ഞു. “കോടതി വിധി അനുസരിച്ച് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം, ഞങ്ങള്‍ കോടതി വിധിയെ മാനിക്കുന്നു”- ഇതാണ് ശൈലജ ടീച്ചര്‍ പറഞ്ഞത്. എന്നാല്‍ ഈ വികാരമല്ല ഇപിയുടെ വാക്കുകളിലുള്ളത്. ഇപിയാകട്ടെ കുഞ്ഞനന്തന്‍ എന്ന പ്രതിയ്ക്ക് ക്ലീന്‍ ചിറ്റും നല്‍കുന്നു. ഇതോടെ വിഷയം യുഡിഎഫ് വടകരയില്‍ ആളിക്കത്തിക്കാനുള്ള സാധ്യതയും കൂടി. അതുകൊണ്ടാണ് ഇനിയെങ്കിലും പ്രതികളെ അനുകൂലിക്കുന്ന പ്രതികരണം തൽക്കാലത്തേക്ക് എങ്കിലും ആരും നടത്തരുതെന്ന നിര്‍ദ്ദേശം കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കണമെന്ന ആവശ്യം സിപിഎം ദേശീയ നേതൃത്വത്തിന് മുന്നില്‍ കെകെ ശൈലജ വയ്ക്കുന്നത്.

വടകരയില്‍ ടിപി ചന്ദ്രശേഖരന്റെ മരണശേഷം സിപിഎമ്മിന് ലോക്‌സഭയില്‍ ജയിക്കാനായില്ല. കഴിഞ്ഞ തവണ ജനകീയ പരിവേഷം ഉണ്ടായിരുന്ന പി ജയരാജന്‍ പോലും തോറ്റു. ഈ സാഹചര്യത്തിലാണ് ജയിക്കാന്‍ വേണ്ടി ശൈലജയെ വടകരയിലേക്ക് പാർട്ടി നിയോഗിച്ചത്. കേരളത്തിലെ രാഷ്ട്രീയത്തില്‍ നിന്നും ശൈലജയെ അകറ്റാനുള്ള തന്ത്രമായി ഇതിനെ വിലയിരുത്തുന്നവരുമുണ്ട്. ഇതിനൊപ്പം പ്രതിച്ഛായ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം ചില കേന്ദ്രങ്ങളില്‍ നടക്കുന്നതായും അവരുടെ അനുകൂലികള്‍ സംശയിക്കുന്നുണ്ട്. ഇതിനിടെയാണ് ടിപി കേസില്‍ ഹൈക്കോടതിയുടെ വിധി വരുന്നത്. രണ്ട് സിപിഎം നേതാക്കളെ പുതുതായി ഹൈക്കോടതി ശിക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ടിപി വധത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസും ആര്‍എംപിയും വീണ്ടും ശക്തമായി ആരോപിക്കുന്നു. ഇതിന് കരുത്തു പകരുന്ന പ്രസ്താവനകളാണ് ഇപി ജയരാജൻ അടക്കമുള്ളവർ നടത്തുന്നതെന്നാണ് ശൈലജയെ അനുകൂലിക്കുന്നവരുടെ വിലയിരുത്തൽ.

ടിപി കേസില്‍ സിപിഎം നേതാക്കളെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് ആവര്‍ത്തിച്ച് എൽഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്തുവരുമ്പോള്‍ അതില്‍ ചില പ്രതിസന്ധികളും ശൈലജാ അനുകൂലികൾ കാണുന്നുണ്ട്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇതിനുപിന്നില്‍ പ്രവർത്തിച്ചതെന്നും നിരപരാധിത്വം തെളിയിക്കാന്‍ നിയമ പോരാട്ടം തുടരുമെന്നും ഇപി പറഞ്ഞു. സി.പി.എമ്മിന്റെ നിരപരാധിത്വം ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വാക്കുകളില്‍ നിന്നും സിപിഎമ്മാണ് പ്രതികള്‍ക്കായി കേസ് നടത്തുന്നതെന്ന പൊതു വിലയിരുത്തല്‍ ഉയരാന്‍ സാധ്യതയുണ്ട്. ഇത് വടകരയില്‍ കോണ്‍ഗ്രസ് പ്രചരണായുധമാക്കിയാല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ശൈലജാ അനുകൂലികളുടെ പക്ഷം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ഇതറിയിക്കും. മുഖ്യമന്ത്രി പിണറായി വിജയനേയും സാഹചര്യം ധരിപ്പിക്കും. ഇതിനൊപ്പം യെച്ചൂരിയേയും. ജയരാജന്‍ കേന്ദ്ര കമ്മറ്റി അംഗമാണെന്നതു കൊണ്ടാണ് ഇത്.

പ്രത്യക്ഷത്തിൽ പാർട്ടിയെ പിന്തുണയ്ക്കുന്ന തരത്തിലാണ് ഇപിയുടെ നിലപാട്. എന്നാൽ മറ്റ് ചില വായനകളും അതിൽ സാധ്യമാണ് എന്ന സത്യം നേതാക്കൾ ശ്രദ്ധിക്കാതെ പോകുന്നു എന്നതിലാണ് ശൈലജയുടെ വിഷമം. “ചിലര്‍ക്ക് സിപിഎമ്മുകാരെ തൂക്കിക്കൊല്ലാത്തത് കൊണ്ട് വിഷമമുണ്ട്. നിരപരാധികളായ പാര്‍ട്ടി നേതാക്കളെ ഉള്‍പ്പടുത്തുകയായിരുന്നു കോണ്‍ഗ്രസ്. കുഞ്ഞനന്തന്‍ ആരെയും ഉപദ്രവിക്കാത്ത ആളാണ്. മോഹനന്‍ മാഷിനെ ഉള്‍പ്പെടുത്തിയില്ലേ. എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് അറിയാം. അത് വടകരയിലുള്ളവര്‍ക്കും അറിയാം”; എന്നിങ്ങനെയെല്ലാം ഇപി പറയുമ്പോൾ 12 വർഷത്തിന് ശേഷവും ചര്‍ച്ചകള്‍ വീണ്ടും വടകരയിലേക്ക് തന്നെ എത്തുകയാണ്. കുഞ്ഞനന്തനെ വിചാരണ കോടതിയും ഹൈക്കോടതിയും ശിക്ഷിച്ചതാണ്. ഈ സാഹചര്യത്തില്‍ ആ പ്രതിയെ അനുകൂലിക്കുന്നത് ജനങ്ങളില്‍ എതിര്‍വികാരമുണ്ടാക്കും. ഇതിനെ കോണ്‍ഗ്രസ് സമര്‍ത്ഥമായി ഉപയോഗിക്കുമെന്നതാണ് ശൈലജയുടെ നിലപാട്. കോണ്‍ഗ്രസിനായി കെ മുരളീധരനാണ് മത്സരിക്കുന്നതെന്ന് കൂടി ഓര്‍ത്തുവേണം ടിപി കേസ് ചര്‍ച്ചയാക്കാന്‍ എന്നാണ് ശൈലജ പക്ഷക്കാർ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top