“ഹമാസ് ഭീകരർ” തന്നെ, പക്ഷേ ; പാർട്ടി വിരുദ്ധ നിലപാടിന് ബാലൻസിംഗ് പോസ്റ്റുമായി കെ.കെ. ശൈലജ

തിരുവനന്തപുരം: ഇസ്രയേല്‍ – ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട  ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. സിപിഎം നിലപാടിന് വിരുദ്ധമായി ഹമാസിനെ ഭീകരരായി പരാമർശിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിനെതിരെയാണ് ഒരു വിഭാഗം വിമര്‍ശനം ഉയർത്തിയത്. ഇതോടെ വിഷയത്തില്‍ തന്‍റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ് ശൈലജ. 

യുദ്ധത്തെക്കുറിച്ച് താന്‍ എഴുതിയ പോസ്റ്റ്‌ പല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നതായി കാണുന്നു.1948 മുതൽ പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത് എന്ന് ശൈലജ തൻ്റെ പുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

ഇടതുപക്ഷം എപ്പോഴും പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവരാണ്. അവരുടെ ഭൂമിയിൽ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ  വിമർശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ യുദ്ധതടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരത ന്യായീകരിക്കാൻ കഴിയുന്നതല്ല എന്നാണ് പോസ്റ്റില്‍ എഴുതിയിരുന്നത്. യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കും എന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഹമാസിനെ ‘ഭീകരർ’ എന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന് കടുത്ത സൈബർ ആക്രമണത്തെയാണ് ശൈല നേരിട്ടത്.’ഇസ്രയേലിൻ്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ഭീകരാക്രമണത്തെ മനസാക്ഷിയുള്ളവരെല്ലാം അപലപിക്കും’ എന്ന ഫേസ്ബുക് പോസ്റ്റിലെ ഒരു വാചകമാണ് പ്രകോപനത്തിന് കാരണം.

അതേ സമയം; നേത്രസിപിഎം പോളിറ്റ് ബ്യൂറോയും ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും പിബി അംഗം എം.എ. ബേബിയും അടക്കമുള്ളവർ പലസ്തീന് പിന്തുണയുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ശൈലജ പാർട്ടിക്ക് ഘടക വിരുദ്ധ നിലപാടുമായി രംഗത്ത് വന്നത്. സ്വതന്ത്ര പലസ്തീൻ എന്നതാണ് സിപിഎം നിലപാട്. അതിനാൽ ഔദ്യോഗിക പാര്‍ട്ടി മാധ്യമങ്ങളോ നേതാക്കളോ ഹമാസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനമായി വിശേഷിപ്പിക്കാറില്ല. “ഹമാസ് നടത്തിയ ആക്രമണത്തിന് ഇസ്രയേൽ നടത്തുന്ന തിരിച്ചടിയെന്ന മാധ്യമ വാർത്തകൾ ശരിയല്ല. ഇസ്രയേൽ നടത്തിയ പ്രകോപനങ്ങളോടുള്ള പ്രതികരണമാണ് ഹമാസ് നടത്തിയത്” എന്നായിരുന്നു എം.എ.ബേബിയുടെ പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top