‘പിണറായി സീനിയര്‍ മാന്‍ഡ്രേക്ക്’; അഴിക്കോട്ട് തോല്‍പ്പിച്ചിട്ടും തീരാത്ത സിപിഎം പക; ഒരിഞ്ച് വിട്ടുകൊടുക്കാതെ കെഎം ഷാജിയും
വയനാട്ടില്‍ നിന്നെത്തി അഴിക്കോട് എന്ന സിപിഎം കോട്ട പിടിച്ച മുസ്ലിം ലീഗ് നേതാവാണ് കെഎം ഷാജി. ചടയന്‍ ഗോവിന്ദന്‍, ഇപി ജയരാജന്‍, പ്രകാശന്‍ മാസ്റ്ററര്‍ ഇങ്ങനെ എണ്ണംപറഞ്ഞ സിപിഎം നേതാക്കളെ നിയമസഭയിലെത്തിച്ച മണ്ഡലം. 1987ല്‍ സാക്ഷാല്‍ എംവി രാഘവന്‍ സിപിഎമ്മിനെ ഒന്ന് ഞെട്ടിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ ആയിരുന്നപ്പോള്‍ എംവിആറിന്റെ പ്രിയ ശിഷ്യനായിരുന്ന ഇപിയെ ഇറക്കി സിപിഎം അഴിക്കോട് തിരിച്ചുപിടിച്ചു. ആ ഇടത് കോട്ടയാണ് കെഎം ഷാജി 2011ല്‍ വെറും 493 വോട്ടിന് പിടിച്ചെടുത്തത്. സ്വാഭാവികമായും സിപിഎമ്മിന് പക തോന്നാം.
2016ലും അഴീക്കോട് ഷാജിക്കൊപ്പം കോണി കയറി. അത്തവണ ഭൂരിപക്ഷം 2287 വോട്ട്. ഈ പോരാട്ട സമയത്തെല്ലാം ഷാജിക്കെതിരായ സിപിഎം എതിര്‍പ്പ് രാഷ്ട്രീയപരം ആയിരുന്നു. എന്നാല്‍ ഇതെല്ലാം മാറിമറിഞ്ഞത് കെഎം ഷാജി നിയമസഭക്ക് അകത്തും പുറത്തും മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെയാണ്. പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം എന്ന ഫെയ്സ്ബുക്ക് പോസ്റ്റും മുഖ്യമന്ത്രിയുടെ മകളെ ലക്ഷ്യമിട്ട് നിയമസഭക്കുള്ളില്‍ നടത്തിയ ‘രക്തബന്ധു’ പരാമര്‍ശം കൂടിയായതോടെ ഈ പക വര്‍ദ്ധിച്ചു. പിണറായി ജൂനിയര്‍ മാന്‍ഡ്രേക്ക് അല്ല സീനിയര്‍ മാന്‍ഡ്രേക്കാണെന്ന പരാമര്‍ശം കൂടിയായതോടെ സിപിഎം ഷാജിയെ ‘സ്‌കെച്ചുചെയ്തു’ എന്ന് തന്നെ പറയാം.
പിന്നാലെയാണ് അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈക്കൂലി വാങ്ങിയെന്ന ആരോപണം പൊടിതട്ടി എടുത്തത്. 2014ല്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ പരാതി എത്തിയത് 2017ല്‍. വിജിലന്‍സ് കേസെടുത്തു. കള്ളപ്പണ ഇടപാട് നടന്നുവെന്ന് കേസ് ഫ്രെയിം ചെയ്തതോടെ ഇഡിയും ഷാജിക്ക് പിന്നാലെ എത്തി. പിന്നീട് നടന്നത് ഏറെ നാടകീയ നീക്കങ്ങളാണ്. ഷാജിയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി. കള്ളപ്പണ ഇടപാട് നടന്നെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ അഴിമതി പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കള്‍ എന്ന് പറഞ്ഞ് ഷാജിയുടെ ഭാര്യയുടെ പേരിലുളള സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് പരാജയപ്പെടുത്തിയും സിപിഎം ഷാജിയോട് പക തീര്‍ത്തു. 6141 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിലെ കെവി സുമേഷ് മണ്ഡലം തിരിച്ചുപിടിച്ചത്. പരാജയപ്പെട്ടിട്ടും ഷാജിയും വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. അഴിമതിക്കാരന്‍ എന്ന കറ നീക്കാന്‍ ഷാജി നിയമപോരാട്ടം നടത്തി. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടി. എന്നാല്‍ പിണറായി സര്‍ക്കാര്‍ നികുതിപ്പണം ഉപയോഗിച്ച് സുപ്രീം കോടതിയില്‍ അപ്പീല്‍ പോയി. അവിടേയും ഇപ്പോള്‍ ഷാജിക്ക് തന്നെയായി വിജയം.
ഈ പോരാട്ടമെല്ലാം ഷാജി ഒറ്റക്ക് തന്നെ നടത്തിയെന്ന് വേണം പറയാന്‍. എതിരാളികളെ കടന്ന് ആക്രമിക്കാത്ത മുസ്ലിം ലീഗ് നേതാക്കളുടെ പതിവ് ശൈലിയിലെ മാറ്റം പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്, പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിക്ക് സ്വീകാര്യമായില്ല. ഇതോടെ പലപ്പോഴും ഷാജി ഒറ്റപ്പെട്ടു. യുവാക്കളുടെ പിന്തുണയിലാണ് പിടിച്ചു നിന്നത്. ഷാജി സംസാരിക്കേണ്ട പൊതുയോഗം പോലും നേതൃത്വം ഇടപെട്ട് വിലക്കുന്ന സ്ഥിതിയുണ്ടായി. അവിടെ നിന്നെല്ലാം പൊരുതി മുന്നോട്ടുപോവുകയാണ് ഷാജി. പാണക്കാട് തങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചപ്പോള്‍ ആദ്യം കടുത്ത പരാമര്‍ശത്തില്‍ മറുപടി നല്‍കിയത് ഷാജിയാണ്. പിന്നീട് എല്ലാ ലീഗ് നേതാക്കളും ഈ ശൈലി പിന്‍തുടരുന്നതും രാഷ്ട്രീയ കേരളം കണ്ടു.
പ്ലസ്ടു കോഴക്കേസ് തളളിക്കൊണ്ടുളള വിധി ഷാജിക്ക് വ്യക്തിപരമായും ഏറെ പ്രാധാന്യം ഉള്ളതാണ്. കുടുംബം അടക്കം വേട്ടയാടപ്പെട്ട കേസാണ്. കൂടാതെ രാഷ്ട്രീയമായും ഷാജിയെ അവഗണിക്കാന്‍ ഇനി ലീഗ് നേതൃത്വത്തിന് കഴിയില്ല. അതുകൊണ്ട് തന്നെ നിര്‍ണ്ണായക പദവികളിലേക്ക് ഷാജി എത്തുമെന്ന് ഉറപ്പാണ്. ഷാജിക്കെതിരായ ഇഡി കേസ് റദ്ദാക്കി കൊണ്ട് പരമോന്നത കോടതി നടത്തിയ പരാമര്‍ശങ്ങള്‍ സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിന് മാത്രമല്ല, രാജ്യത്തിനാകെ നിര്‍ണായകമാണ് എന്നതും വസ്തുതയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here