കേന്ദ്ര വിമര്‍ശനങ്ങളും പ്രഖ്യാപനങ്ങളുമായി കേരള ബജറ്റ്; ക്ഷേമപെന്‍ഷനില്‍ വര്‍ധനയില്ല; പങ്കാളിത്ത പെന്‍ഷന് പകരം പുതിയ പദ്ധതി; റബ്ബര്‍ താങ്ങുവില കൂട്ടിയത് 10 രൂപ മാത്രം

തിരുവനന്തപുരം: നിരവധി പ്രഖ്യാപനങ്ങളും പ്രതീക്ഷകളുമാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലുള്ളത്. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞുള്ള ബജറ്റില്‍ കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയാണെന്ന പ്രഖ്യാപനമാണ് നടത്തിയത്. സാമ്പത്തികമായി കേന്ദ്രം ഞെരുക്കുകയാണെങ്കിലും കേരളത്തെ തകര്‍ക്കാനാകില്ലെന്നാണ് മന്ത്രി പറഞ്ഞത്. കേരളത്തോടുള്ള അവഗണന തുടരുകയാണെങ്കില്‍ ഒരു ‘പ്ലാന്‍ ബി’യെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ ഒരു കുറവും വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ മൊത്തവരുമാനം 1.35 ലക്ഷം കോടി രൂപയാണ്. പ്രതിശീര്‍ഷവരുമാനം 1.74 ലക്ഷം രൂപ കൂടി. വളര്‍ച്ച 6.6 ശതമാനമാണെന്നും അദ്ദേഹം സഭയെ അറിയിച്ചു. ദേശീയവളര്‍ച്ചയേക്കാള്‍ കുറവാണ് ഇത്.

2020-21ല്‍ കേരളത്തിന്റെ മൊത്തം ചെലവ് 1,38,884 കോടി രൂപയായിരുന്നു. 2022-23ല്‍ അത് 1,58,738 കോടി രൂപയായി ഉയര്‍ന്നു. ഈ വര്‍ഷം അവസാനമാകുമ്പോഴേക്ക് അത് 1,68,407 കോടി രൂപയായി ഉയരുമെന്ന് കണക്കാക്കുന്നു. ഏകദേശം മുപ്പതിനായിരം കോടി രൂപയുടെ വര്‍ധനവാണ് മൂന്നുവര്‍ഷത്തിനിടയില്‍ ഉണ്ടായത്. അടുത്ത മൂന്നുവര്‍ഷം കേരളം പ്രതീക്ഷിക്കുന്നത് മൂന്നുലക്ഷം കോടി രൂപയുടെ നിക്ഷേപമാണ്. പ്രവാസികളേയും സ്വകാര്യ നിക്ഷേപകരേയും ആകര്‍ഷിക്കും. തീരദേശ പാതകള്‍ അതിവേഗം പൂര്‍ത്തിയാക്കും. കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടാണ്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകും. തിരുവനന്തപുരം മെട്രോയുടെ കാര്യത്തിൽ കേന്ദ്രാനുമതി വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വന്ദേഭാരത് എക്‌സ്പ്രസുകള്‍ വന്നതോടുകൂടി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിലെ ശരി ജനങ്ങള്‍ക്കുമാത്രമല്ല മുഖ്യധാര മാധ്യമങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയില്‍ വികസനം അവഗണിക്കപ്പെട്ടു എന്നതാണ് വസ്തുത. സംസ്ഥാന ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ലോട്ടറി സമ്മാനഘടന പരിഷ്ക്കരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

വിദേശമദ്യത്തിന് ലിറ്ററിന് 10 രൂപ കൂട്ടി. റബ്ബര്‍ താങ്ങുവില 10 രൂപ വർദ്ധിപ്പിച്ച് 180 രൂപയാക്കി. ഇരുപത് രൂപ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചത്. ക്ഷേമപെന്‍ഷനില്‍ വര്‍ധന വരുത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പ്രഖ്യാപനം വന്നില്ല. ഈ വര്‍ഷത്തെ കേരളീയം പരിപാടിക്കായി ബജറ്റില്‍ 10 കോടി രൂപയാണ് അനുവദിച്ചത്. ഡല്‍ഹി അന്താരാഷ്ട്ര വ്യാപാരമേളയുടെ മാതൃകയില്‍ വ്യവസായ വാണിജ്യ പ്രദര്‍ശനങ്ങള്‍ കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് ഫീച്ചറുകളും മറ്റു തയ്യാറാക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനത്തിനായി പത്ത് ലക്ഷം രൂപയും നീക്കിവെച്ചു. കേന്ദ്രം പ്രഖ്യാപിച്ച മൂലധനവായ്പ വഴി 5000 കോടി കിട്ടുമെന്ന് പ്രതീക്ഷയെന്നും രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റ് അവതരിപ്പിച്ച് മന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.

യാഥാര്‍ഥ്യബോധമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ വിമര്‍ശനം നടത്തി ബജറ്റിന്റെ പവിത്രത ഇല്ലാതാക്കി. പ്രഖ്യാപനങ്ങളെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബജറ്റ് 2024-25
ഒറ്റനോട്ടത്തില്‍

  1. 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
  2. റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)
  3. ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)
  4. നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.
  5. കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടിയുടെ വകയിരുത്തല്‍
  6. വിളപരിപാലനത്തിന് 535.90 കോടി.
  7. ഏഴ് നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60 കോടി.
  8. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി.
  9. നാളീകേര കൃഷി വികസനത്തിന് 65 കോടി.
  10. ഫലവര്‍ഗ്ഗ കൃഷി വികസനത്തിന് 18.92 കോടി, ഇതില്‍ 25 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കും.
  11. കാര്‍ഷികോല്‍പ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടി.
  12. മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടി.
  13. മൃഗസംരക്ഷണത്തിന് 277.14 കോടിയുടെ വകയിരുത്തല്‍
  14. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വീട്ടുപടിക്കലേക്ക്
  15. ക്ഷീരവികസന മേഖലയ്ക്ക് 109.25 കോടി
  16. മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി.
  17. മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സമാശ്വാസത്തിന് 22 കോടി.
  18. ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 80.91 കോടി.
  19. തീരദേശ വികസനത്തിന് 136.98 കോടി.
  20. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ, മാനവശേഷി വികസനത്തിന് 60 കോടി
  21. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഭൂമിയും വീടും നല്‍കുന്ന പദ്ധതിയ്ക്ക് 10 കോടി.
  22. തീരദേശ അടിസ്ഥാന സൗകര്യമൊരുക്കാന്‍ 10 കോടി.
  23. പുനര്‍ഗേഹം പദ്ധതിയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് 40 കോടി.
  24. മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി 9.5 കോടി.
  25. മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയ്ക്ക് 11.18 കോടി
  26. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ 10 കോടി
  27. പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി
  28. നിര്‍മ്മാണ മേഖലയെ സജീവമാക്കാന്‍ 1000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍.
  29. ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി
  30. വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി.
  31. പാരിസ്ഥിതിക പുനരുദ്ധാരണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിനായി 50.30 കോടി.
  32. മനുഷ്യ-വന്യമൃഗ സംരക്ഷണ ലഘൂകരണത്തിന് 48.85 കോടി.
  33. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 6 കോടി
  34. കേരള കാലാവസ്ഥ പ്രതിരോധ കാര്‍ഷിക മൂല്യ ശൃംഖല ആധുനികവല്‍ക്കരണ പദ്ധതിയ്ക്ക് സംസ്ഥാന വിഹിതം 100 കോടി. ലോകബാങ്ക് സഹായത്തോടെ 5 വര്‍ഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയ്ക്ക് 2365 കോടി രൂപ ചെലവിടും.
  35. പത്ര പ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 25 ലക്ഷം.
  36. നാടുകാണിയില്‍ സഫാരി പാര്‍ക്കിന് 2 കോടി
  37. പെരുവണ്ണാമൂഴി മുതുകാടുള്ള 120 ഹെക്ടറില്‍ ടൈഗര്‍ സഫാരി പാര്‍ക്ക്.
  38. തദ്ദേശസ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം സംസ്ഥാന പദ്ധതി അടങ്കലിന്റെ 28.09 ശതമാനമായി ഉയര്‍ത്തി. (8532 കോടി വകയിരുത്തല്‍)
  39. ഗ്രാമവികസനത്തിന് 1768.32 കോടി.
  40. തൊഴിലുറപ്പില്‍ 10.50 കോടി തൊഴില്‍ ദിനം ലക്ഷ്യം. ഇതിനായി സംസ്ഥാന വിഹിതം 230.10 കോടി.
  41. 2025 നവംബറോടെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറും.
  42. കുടുംബശ്രീയ്ക്ക് 265 കോടി
  43. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1736.63കോടി
  44. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി.
  45. പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി
  46. 2025 മാര്‍ച്ച് 31-നകം ലൈഫ് പദ്ധതിയില്‍ 5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം ലക്ഷ്യം. അടുത്ത വര്‍ഷത്തേക്ക് 1132 കോടി രൂപ.
  47. മുതിര്‍ന്ന പൗരന്മാര്‍ക്കായി വാര്‍ദ്ധക്യ സൗഹൃദ ഭവനം പദ്ധതി.
  48. എം.എന്‍ ലക്ഷം വീട് ഭവന പദ്ധതിയിലെ 9004 വീടുകള്‍ വാസയോഗ്യമാക്കാന്‍ 10 കോടി.
  49. കാസര്‍ഗോഡ്, ഇടുക്കി, വയനാട് പാക്കേജുകള്‍ക്ക് 75 കോടി വീതം
  50. ശബരിമല മാസ്റ്റര്‍ പ്ലാനിന് 27.60 കോടി.
  51. സഹകരണ മേഖലയ്ക്ക് 134.42 കോടി.
  52. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീര പരിപാലനത്തിനുമായി 588.85 കോടി.
  53. ഊര്‍ജ്ജ മേഖലയ്ക്ക് 1150.76 കോടി (2024-25)
  54. സൗരോര്‍ജ്ജത്തിലൂടെ ആയിരം മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കല്‍ ലക്ഷ്യം.
  55. കെ.എസ്.ആര്‍.ടി.സിയ്ക്ക് 1120.54 കോടി
  56. ദ്യുതി പദ്ധതിയ്ക്ക് 400 കോടി.
  57. വ്യവസായവും ധാതുക്കളും മേഖലയ്ക്കായി 1729.13 കോടി.
  58. ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍ക്ക് 773.09 കോടി.
  59. കൊച്ചി മറൈന്‍ ഡ്രൈവില്‍ 2150 കോടി രൂപയുടെ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം
  60. കശുവണ്ടി വ്യവസായത്തിന് 53.36 കോടി.
  61. കശുവണ്ടി ഫാക്ടറി പുനരുദ്ധാരണത്തിന് 2 കോടി
  62. കാഷ്യു ബോര്‍ഡിന് റിവോള്‍വിംഗ് ഫണ്ടായി 40.81 കോടി
  63. കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 51.89 കോടി.
  64. പൊതുജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി ആരോഗ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കും.
  65. സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതിയുടെ നടത്തിപ്പിന് 100 കോടി
  66. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.1കോടി
  67. കയര്‍ വ്യവസായത്തിന് 107.64 കോടി
  68. ഖാദി വ്യവസായത്തിന് 14.80 കോടി
  69. കെ.എസ്.ഐ.ഡി.സിയ്ക്ക് 127.50 കോടി
  70. നിക്ഷേപ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് 22 കോടി.
  71. സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് ഉദ്യമങ്ങള്‍ക്കായി 6 കോടി
  72. 2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.
  73. ധനകാര്യ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകള്‍ക്കായി ഓഫീസ് കോംപ്ലക്സ് തിരുവനന്തപുരത്ത് നിര്‍മ്മിക്കും.
  74. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവര്‍ വിരമിച്ച ശേഷം മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാക്കുന്ന തരത്തില്‍ അന്വിറ്റി എന്ന പുതിയ പദ്ധതി നടപ്പിലാക്കും.
  75. ലൈഫ് സയന്‍സ് പാര്‍ക്കിന് 35 കോടി.
  76. കേരള റബ്ബര്‍ ലിമിറ്റഡിന് 9കോടി
  77. വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്കായി 300.73 കോടി
  78. കിന്‍ഫ്രയ്ക്ക് 324.31 കോടി
  79. കെല്‍ട്രോണിന് 20 കോടി
  80. വിവരസാങ്കേതിക മേഖലയ്ക്ക് 507.14 കോടി
  81. കേരള സ്പേസ് പാര്‍ക്കിന് 52.50 കോടി.
  82. സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി
  83. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയ്ക്ക് 23.51 കോടി
  84. ഗ്രാഫീന്‍ അധിഷ്ഠിത ഉല്‍പ്പന്ന വികസനത്തിന് 260 കോടി
  85. ഗതാഗത മേഖലയ്ക്ക് 1976.04 കോടി.
  86. കൊല്ലം തുറമുഖം പ്രധാന നോണ്‍ മേജര്‍ തുറമുഖമാക്കി വികസിപ്പിക്കും.
  87. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി.എ അനുവദിക്കും. ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും.
  88. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി.
  89. റബ്ബര്‍ സബ്സിഡി 180 രൂപയാക്കി ഉയര്‍ത്തി.
  90. നഗര വികസന പരിപാടികള്‍ക്ക് 961.14 കോടി.
  91. ബീഡി, ഖാദി, മുള, ചൂരല്‍, മത്സ്യബന്ധനവും സംസ്കരണവും കശുവണ്ടി, കയര്‍, തഴപ്പായ കരകൗശല നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് 90 കോടി.
  92. പട്ടിക ജാതി ഉപ പദ്ധതിയ്ക്ക് 2979.40 കോടി.
  93. പട്ടിക വര്‍ഗ്ഗ വികസനത്തിന് 859.50 കോടി.
  94. മറ്റ് പിന്നാക്ക വിഭാഗ ക്ഷേമങ്ങള്‍ക്കായി 167 കോടി.
  95. ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി
  96. മുന്നോക്ക വിഭാഗ ക്ഷേമത്തിന് 35 കോടി.
  97. കെ.എസ്.എഫ്.ഇയ്ക്ക് പുതിയ 50 ബ്രാഞ്ചുകള്‍
  98. 3 വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനുള്ള പരിപാടികള്‍.
  99. വിഴിഞ്ഞം തുറമുഖത്തിന്റ വികസന സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ പ്രത്യേക ഡെവലപ്മെന്റ് സോണുകള്‍. ഇതിനായി നിക്ഷേപക സംഗമവും മാരിടൈം ഉച്ചകോടിയും.
  100. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ പി.ജി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി പഠനത്തിന് അവസരമൊരുക്കും.
whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top