അച്ചടക്ക നടപടി ഏറെ വേദനയുളവാക്കിയെന്ന് കുര്യാക്കോസ് മാർ സേവേറിയോസ്; സസ്പെന്‍ഷന് സ്റ്റേ ലഭിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ അനുകൂലികള്‍; 21നുള്ള സഭാ യോഗം നിര്‍ണായകം
കോട്ടയം: തനിക്കെതിരായ അച്ചടക്ക നടപടിയില്‍ പ്രതികരിച്ച് ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്. അച്ചടക്ക നടപടി ഏറെ വേദനയുളവാക്കിയ സംഭവമാണെന്ന് മാർ സേവേറിയോസ് പറഞ്ഞു. പത്തനംതിട്ട റാന്നി സെന്റ് തോമസ് ക്‌നാനായ വലിയ പള്ളിയില്‍ ശുശ്രൂഷ ചടങ്ങില്‍ വികാരാധീനനായാണ് അദ്ദേഹം പ്രതികരിച്ചത്.
ഇപ്പോഴത്തെ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെന്‍ഡ് ചെയ്ത അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവയുടെ നടപടി കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കോട്ടയം മുൻസിഫ് കോടതി (രണ്ട്) യാണ് സ്റ്റേ അനുവദിച്ചത്. ഇതോടെ മെത്രാപ്പോലീത്തയായി മാര്‍ സേവേറിയോസിന് തുടരാന്‍ കഴിയും. മാര്‍ സേവേറിയോസിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര സഭയായി മാറാനുള്ള നീക്കം നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ തന്നെ സസ്‌പെന്റ് ചെയ്ത് അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവയുടെ നടപടി വന്നത്. എന്നാല്‍ സ്വതന്ത്ര സഭയായി നില്‍ക്കുമെന്ന് സേവേറിയോസ് അനുകൂലികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്
ക്‌നാനായ യാക്കോബായ സഭയുടെ സുപ്രധാന കൗൺസിൽ യോഗമാണ് അനുയായികള്‍ ഉറ്റുനോക്കുന്നത്. ക്‌നാനായ യാക്കോബായ സഭ ഒരു പിളര്‍പ്പിനെ നേരിടുമ്പോള്‍ 21നുള്ള യോഗം നിര്‍ണായകമാണ്. ചൊവ്വാഴ്ച ചേരുന്ന ക്‌നാനായ അസോസിയേഷന്‍ യോഗത്തില്‍ വെച്ച് അന്ത്യോഖ്യാ പാത്രിയാര്‍ക്കീസ് ബാവയുടെ പരമാധികാരം എടുത്തു കളയാനും ഭരണഘടന ഭേദഗതി ചെയ്യാനുമാണ് മാര്‍ സേവേറിയോസിനെ അനുകൂലിക്കുന്നവര്‍ ഒരുങ്ങുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here