നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് തിരിച്ചടി; സാക്ഷികളെ വീണ്ടും വിസ്തരിക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ വൈകാന്‍ കാരണമാകുമെന്നാണ് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. സുനിയുടേത് ബാലിശമായ വാദമെന്ന് പറഞ്ഞ കോടതി സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും കൂട്ടിച്ചേർത്തു.
ജസ്റ്റിസ് സി ജയചന്ദ്രന്‍റെ സിംഗിള്‍ ബെഞ്ചാണ് പള്‍സര്‍ സുനിയുടെ ആവശ്യം തള്ളിയത്. സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫോറന്‍സിക് ലബോറട്ടറി അസിസ്റ്റൻ്റ് ഡയറക്ടർ എന്നിവരെ വിസ്തരിക്കണമെന്നായിരുന്നു ആവശ്യം. ഇവരെ വിസ്തരിക്കുന്ന സമയത്ത് താന്‍ ജയിലില്‍ ആയിരുന്നു. ഈ സാഹചര്യത്തില്‍ അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ വാദം.
സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയെന്നും അതിനാൽ വീണ്ടും സാക്ഷികളെ വിസ്തരിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. സുനിയുടെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം കേസിലെ അന്തിമ വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണ്. നടൻ ദിലീപ് കൂടി പ്രതിയായ കേസിൽ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിൽ കഴിയുകയാണ്. അന്തിമ വാദം തുറന്ന കോടതിയിൽ വേണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്.
അടച്ചിട്ട മുറിയിൽ രഹസ്യവിചാരണയായിരുന്നു കേസില്‍ ഇതുവരെ നടന്നുവന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി മുമ്പാകെയാണ് നടി അപേക്ഷ നൽകിയിട്ടുള്ളത്. അന്തിമവാദത്തിലെ വിശദാംശങ്ങൾ പുറത്തുവരുന്നതിൽ തനിക്ക് എതിർപ്പില്ല എന്നാണ് അതിജീവിത കോടതിയെ അറിയിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here