‘പള്‍സര്‍’ പുറത്തിറങ്ങുമ്പോള്‍ പി.ടി.തോമസിനെ ഓര്‍ക്കണം; ആ നിര്‍ണായകമായ ഇടപെടലും

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് കൃത്യം ഏഴരവർഷംമുമ്പ് ഒരു ജനപ്രതിനിധി നടത്തിയ ഇടപെടലാണ്. ആകസ്മികമായി ആക്രമിക്കപ്പെട്ട് മിനിറ്റുകള്‍ക്കകം നടിയുടെ അടുത്തെത്തിയ തൃക്കാക്കര എംഎല്‍എയായിരുന്ന പിടി തോമസ് എന്ന നിലപാടുളള രാഷ്ട്രീയ നേതാവില്ലായിരുന്നെങ്കില്‍ ഇന്ന് ഈ കാണുന്ന രീതിയില്‍ കേസ് എത്തില്ലായിരുന്നു. പള്‍സര്‍ സുനിയെന്ന ക്രിമിനല്‍ ആദ്യമായല്ല സിനിമാ സൈറ്റില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നത്. നേരത്തെ ഒരു മുതിര്‍ന്ന നടിയോട് അപമര്യാദയോടെ പെരുമാറിയെങ്കിലും നിയമ നടപടിയുണ്ടായത് 2017ൽ നടി ആക്രമിക്കപ്പെട്ട ഈ സംഭവത്തിന് ശേഷമാണ്. എന്നാല്‍ ഇന്ന് ലക്ഷങ്ങള്‍ മുടക്കി സുപ്രീം കോടതിവരെ പോയി ജാമ്യം നേടാന്‍ സഹായിച്ചവര്‍ തന്നെ അന്നും ഇന്നും സുനിയെ രക്ഷിച്ചെടുക്കുകയാണ്.

കൊച്ചിയില്‍ ആക്രമണം നേരിട്ട ശേഷം യുവനടി ആദ്യം എത്തിയത് സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലായിരുന്നു. ആക്രമണ വിവരം അറിഞ്ഞ് പുലര്‍ച്ചെ ലാലിന്റെ വീട്ടിലേക്ക് പുറപ്പെട്ട നിര്‍മ്മാതാവ് ആന്റോ ജോസഫാണ് അന്ന് തൃക്കാക്കര എംഎല്‍എയായ പിടി തോമസിനെ സഹായത്തിനായി വിളിച്ചത്. ഇതോടെ നടി അനുഭവിച്ച പീഡനങ്ങള്‍ പിടിക്ക് നേരിട്ട് അറിയാന്‍ കഴിഞ്ഞു. ഒപ്പം പള്‍സര്‍ സുനിയെന്ന ക്രിമിനലിനെ മനസിലാക്കാന്‍ പിടി എന്ന രാഷ്ട്രീയ നേതാവിന് കഴിഞ്ഞതും ഏറെ നിര്‍ണ്ണായകമായി. ഇതിനിടയിലാണ് സുനിയെ രക്ഷിക്കാനുളള നീക്കങ്ങള്‍ നടക്കുന്നെന്ന് പിടി മനസിലാക്കിയതും പോലീസ് ഉന്നത ഉദ്യോഗസ്ഥനെ തന്നെ സ്ഥലത്തേക്ക് വിളിച്ചു വരുത്തി കൃത്യമായി കേസെടുപ്പിച്ചതും.

കൃത്യമായ ഇടപെടലുകള്‍ നടത്തിയെങ്കിലും നിയമസഭയ്ക്കുളളില്‍ പോലും ഇക്കാര്യത്തില്‍ പിടി ആക്ഷേപങ്ങളും കേട്ടിരുന്നു. പള്‍സര്‍ സുനിയെ പിടികൂടുന്നത് വൈകാന്‍ കാരണം പിടിയാണെന്ന് നിയമസഭയില്‍ പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ഒപ്പം പിടിയെ തന്നെ സംശയ നിഴലിലാക്കി നിങ്ങള്‍ നില്‍ക്കുമ്പോഴാണ് മറ്റേയാള്‍ സുനിയെ ഫോണില്‍ വിളിച്ചതെന്നും പറഞ്ഞിരുന്നു. ആക്രമണ വിവരം അറിഞ്ഞയുടൻ ആന്റോ ജോസഫ് പള്‍സര്‍ സുനിയെ പിടി തോമസിന്റെ സാന്നിധ്യത്തില്‍ ഫോണില്‍ വിളിച്ചത് ഉന്നംവച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമർശം. എന്നാല്‍ കേസില്‍ നീതി ഉറപ്പാക്കും വരെ പോരാടും എന്ന നിലപാടാണ് പിടി പ്രഖ്യാപിച്ചതും തുടര്‍ന്നതും. ഇപ്പോള്‍ ഉമാ തോമസും പിടിയുടെ അതേ നിലപാടിലാണ്.

പിടിയുടെ ഇടപെടലുകളെ കുറിച്ച് അതിജീവിതയായ നടി പറഞ്ഞത് ഹൃദയത്തില്‍ തൊടുന്ന വാക്കുകളായിരുന്നു. തനിക്ക് സംഭവിച്ചത് എന്താണെന്ന് ആദ്യം ഉള്‍ക്കൊണ്ടവരില്‍ ഒരാളാണ് പിടി തോമസ്. നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം ഉപദേശിച്ചിരുന്നു. എല്ലാ പ്രയാസകരമായ ഘട്ടങ്ങളിലും, സത്യം വിജയിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. നന്ദിയോടെ അദ്ദേഹത്തെ ഓര്‍ക്കുകയാണെന്നും നടി പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top