കുസാറ്റ് പരിപാടി പോലീസിനെ അറിയിച്ചില്ല; വാക്കാൽ അറിയിച്ചെന്ന് വിസി; ദുരന്തം പ്രത്യേകസംഘം അന്വേഷിക്കും

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (കുസാറ്റ് ) ടെക് ഫെസ്റ്റിൻ്റെ ഭാഗമായി പരിപാടി നടക്കുന്ന വിവരം അറിയിച്ചിട്ടില്ലെന്ന് പോലീസ്. യൂണിവേഴ്സിറ്റിയിൽ നിന്നും രേഖാമൂലം അനുമതിക്കായി അപേക്ഷിച്ചിട്ടില്ലെന്ന് കൊച്ചി ഡിസിപി കെ.എസ്. സുദർശൻ അറിയിച്ചു. കോളേജിനുള്ളിൽ നടക്കുന്ന പരിപാടിയായതിനാൽ പോലീസ് അനുമതി ആവശ്യമില്ല. വിദ്യാർത്ഥികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാല്‍ കുസാറ്റിൽ പോലീസ് പട്രോളിംഗ് ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, പരിപാടി നടക്കുന്ന വിവരം മുൻകൂട്ടി വാക്കാൽ അറിയിച്ചിരുന്നതായി വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ പറഞ്ഞു. അതനുസരിച്ച് ആറ് പോലീസുകാർ വന്നിരുന്നു. എന്നാൽ പരിപാടിക്ക് എത്രപേർ പങ്കെടുക്കുമെന്നും പരിപാടിയുടെ സ്വഭാവം എന്താണെന്നും എത്ര പോലീസുകാർ വേണമെന്നും ആവശ്യപ്പെട്ടില്ലെന്നും വിസി വ്യക്തമാക്കി. സമയക്രമം പാലിച്ച് കുട്ടികളെ കയറ്റി വിടുന്നതിൽ വീഴ്ച്ച സംഭവിച്ചു. അത് തിരക്കിന് കാരണമായി. പ്രതീക്ഷിക്കാത്ത ആൾകൂട്ടം പരിപാടി കാണാനെത്തി. അധ്യാപകർ ഉൾപ്പെടെ സംഘാടക സമിതിയിൽ ഉണ്ടായിരുന്നു. സംഘാടകർ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്നും പി.ജി. ശങ്കരൻ പറഞ്ഞു.

പോലീസിനെ പരിപാടി നടക്കുന്ന വിവരം അറിയിക്കാത്തത് വീഴ്ചയാണെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. മുന്നൊരുക്കങ്ങളിലെ പാളിച്ച അടക്കം പരിശോധിക്കും. അപകടത്തിന് കാരണമായ വസ്തുതകള്‍ അടക്കം കണ്ടെത്തുന്നതിന് പുറമേ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കൂടിയാണ് മൂന്നംഗ സമിതിയെ നിയോഗിച്ചതെന്നും മന്ത്രി അറിയിച്ചു. ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സമിതി തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ യൂണിവേഴ്സിറ്റി വിസിക്കും രജിസ്ട്രാർക്കും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും മന്ത്രി നിർദേശം നൽകി. സംഭവത്തിൽ പ്രാഥമിക റിപ്പോര്‍ട്ട് വിസി മന്ത്രിക്ക് കൈമാറി. ഇന്ന് തന്നെ സമ്പൂർണ റിപ്പോർട്ട് സമർപ്പിക്കും.

ടെക് ഫെസ്റ്റിൻ്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മഴ പെയ്തതോടെ ഓഡിറ്റോറിയത്തിന് പുറത്ത് നിന്നവർ അകത്തേക്ക് ഓടിക്കയറിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ 4 പേർ മരിക്കുകയും അറുപതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ മൂന്നുപേർ വിദ്യാർത്ഥികളാണ്. രണ്ടാംവർഷ സിവിൽ വിദ്യാർത്ഥി അതുൽ തമ്പി, രണ്ടാംവർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിനി ആൻ റിഫ്ത്ത, രണ്ടാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗ് വിദ്യാർഥിനി സാറ, പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ് എന്നിവരാണ് മരണപ്പെട്ടത്. നാല് പേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top