കൊച്ചി ബാര്‍ വെടിവയ്പ്പില്‍ മുഖ്യപ്രതി പിടിയിൽ; വിനീത് തോക്കിന്റെ ഉടമയെന്ന് പോലീസ്; ഇതുവരെ അറസ്റ്റിലായത് 13 പ്രതികള്‍
കൊച്ചി: ഇടശേരി ബാര്‍ വെടിവയ്പ് കേസിലെ പ്രധാന പ്രതി പിടിയിൽ. ഒന്നാം പ്രതി വിനീത് വിജയനാണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം ഒളിവിൽ താമസിക്കുകയായിരുന്നു. ഇയാൾ പല കേസുകളിലും പ്രതിയാണ്. തോക്ക് വിനീതിന്റെതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
വെടിവയ്പ് സംഘത്തിലെ അഞ്ചുപേരിൽ മൂന്നു പേരെ പിറ്റേന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ രക്ഷപ്പെടാനും ഒളിവിൽ പോകാനും സഹായിച്ചവരും പണം നൽകിയവരുമടക്കം 13 പേർ പിടിയിലായി. എന്നിട്ടും വിനീതിനെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഫെബ്രുവരി 12ന് അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. വെടിവയ്പ്പിൽ ബാർ മാനേജർ കോട്ടയം കാഞ്ഞിരപ്പള്ളി ഉള്ളാട്ടിൽ ജിതിൻ ജോർജ് (25), ബാർ ജീവനക്കാരും എറണാകുളം സ്വദേശികളുമായ സുജിൻ ജോൺ (30), അഖിൽ (30) എന്നിവർക്കാണ് പരുക്കേറ്റത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിൽ ഇരുന്നു മദ്യപിച്ച സംഘം ബാർ പൂട്ടിയപ്പോൾ അവിടെ നിന്നിറങ്ങി ഇടശേരി ബാറിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു.
ബാറില്‍ പ്രതികളായ ഷമീറും ദിൽഷനും തമ്മിൽ വാക്കുതർക്കവും സംഘട്ടനവുമുണ്ടായി. ഇതു ചോദ്യം ചെയ്ത മാനേജർ ജിതിനെ പ്രതികൾ മർദിച്ച് അവശനാക്കി. ഇത് കണ്ട് ഓടിവന്ന അഖിലിനും സുജിനും നേര്‍ക്ക് സംഘത്തിലെ ഒരാൾ വെടിയുതിർക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here