തൊഴിലാളിയുടെ ജീവനെടുത്ത ബോയിലര്‍ അംഗീകാരമില്ലാത്തത്; ഫാക്ടറിക്ക് ബോയിലര്‍ ലൈസന്‍സും ഇല്ല

കൊച്ചി എടയാറില്‍ ഫോർമൽ ട്രേഡ് ലിങ്ക് കമ്പനിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒഡിഷ സ്വദേശി ബിക്രം പ്രധാന്‍ മരിക്കാനിടയാക്കിയതിന് പിന്നില്‍ കമ്പനി അധികൃതരുടെ അനാസ്ഥയെന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് കണ്ടെത്തല്‍. ബോയിലര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് കമ്പനി എടുത്തിട്ടില്ല. ഉപയോഗിച്ച ബോയിലര്‍ അംഗീകാരമില്ലാത്തതുമാണ്. ഈ രണ്ടു കാരണങ്ങളാണ് പൊട്ടിത്തെറിക്ക് വഴിവച്ചതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

കഴിഞ്ഞ അഞ്ചിന് രാത്രിയാണ് ബോയിലര്‍ പൊട്ടിത്തെറിച്ചത്. ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നാലുപേരില്‍ ഒരാളായ ബിക്രമാണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

രണ്ടുവര്‍ഷമായി കമ്പനി ഇടയാറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മൃഗക്കൊഴുപ്പ് സംസ്കരിച്ച് കമ്പനികള്‍ക്ക് നല്‍കുന്ന ഫാക്ടറിയാണിത്. പൊട്ടിത്തെറിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോയിലര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് കമ്പനിക്ക് ഇല്ലെന്നു വ്യക്തമാകുന്നത്. സ്ഥാപനത്തിനുള്ള ലൈസന്‍സും ഫാക്ടറി പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സും മാത്രമാണ് ഇവര്‍ക്കുള്ളത്.

“കമ്പനി അംഗീകാരമുള്ള ബോയിലര്‍ വാങ്ങുന്നതിന് പകരം പ്രാദേശികമായി നിര്‍മിച്ചതാണ് വാങ്ങിയത്. പൊട്ടിത്തെറി തടയാനുള്ള സംവിധാനം ഈ ബോയിലറില്‍ ഉണ്ടായിരുന്നില്ല. വെള്ളമില്ലാതെ ബോയിലര്‍ പ്രവര്‍ത്തിപ്പിച്ചു. ഇത് മനസിലാക്കി വലിയ രീതിയില്‍ വെള്ളം ബോയിലറിലേക്ക് തുറന്നുവിട്ടപ്പോള്‍ ഹൈ പ്രഷര്‍ വന്നു. ഇതാണ് പൊട്ടിത്തെറിക്ക് കാരണം. പ്രാഥമികമായി ഒരറിവും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല എന്നതിന്റെ തെളിവാണിത്. അംഗീകാരമില്ലാത്ത ബോയിലര്‍ സ്ഥാപിച്ച് പ്രവര്‍ത്തിച്ച കമ്പനിക്ക് എതിരെ നടപടി എടുക്കും. കമ്പനിയില്‍ പരിശോധന നടത്തിയ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് സീനിയര്‍ ഇന്‍സ്പെക്ടര്‍ കെ.ആര്‍.ഷാജി കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

ബോയിലര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ ട്രേഡ് പാസായ ആളുകളെ നിയമിക്കണം. ഇത് ഒഴിവാക്കി ഇതര സംസ്ഥാന തൊഴിലാളികളെ ബോയിലര്‍ ഓപ്പറേറ്റര്‍ ആയി നിയമിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു. – ഓള്‍ കേരള ബോയിലേഴ്സ് ഓപ്പറേറ്റെഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബേബി പറഞ്ഞു.

“ഫാക്ടറികളില്‍ ഉള്ള ഗുരുതരമായ സുരക്ഷാ പാളിച്ചകളിലേക്ക് ആണ് ഇടയാര്‍ പൊട്ടിത്തെറി വിരല്‍ ചൂണ്ടുന്നത്. ബോയിലര്‍ എന്താണ് എന്നറിയാതെ പ്രവര്‍ത്തിപ്പിച്ചാല്‍ വലിയ അപകടം സംഭവിക്കും. എടയാറില്‍ സംഭവിച്ചതും അത് തന്നെയാണ്. എല്ലാ ഫാക്ടറികളിലും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് യഥാസമയം പരിശോധന നടത്തണം. ലൈസന്‍സ് ഇല്ലാത്തവരെ ജോലിക്കാരായി നിയമിക്കാന്‍ അനുവദിക്കരുത്. ഇതെല്ലാം ചൂണ്ടിക്കാട്ടി സമരം നടത്താനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്.” – ബേബി പറഞ്ഞു.

ഒരു തൊഴിലാളി മരിച്ചതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കും. ബിനാമിപുരം എസ്എച്ച്ഒ വി.ആര്‍.സുനില്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top