കൊച്ചി ഇന്‍ഫോപാര്‍ക്ക് മേഖലയാകെ മുങ്ങി; കാറും ബൈക്കുകളുമെല്ലാം വെള്ളത്തില്‍, ‘തുഴഞ്ഞെത്തി ടെക്കികൾ’; കടമ്പ്രയാറിലേക്ക് ഒഴുക്കില്ലാത്തത് പ്രശ്നമെന്ന് ആവർത്തിച്ച് സിഇഒ

കൊച്ചി: കഴിഞ്ഞയാഴ്ചത്തെ വെള്ളക്കെട്ടിന് പിന്നാലെ പ്രശ്നം പരിഹരിച്ചെന്ന് അവകാശപ്പെട്ട ഇൻഫോപാർക്ക് അധികൃതരുടെ വാദം പാടേ പൊളിച്ച് വീണ്ടും മഴയിൽ മുങ്ങി പരിസരങ്ങൾ. കാറുകളുടെയുള്ളിൽ കയറാൻ പാകത്തിൽ പൊക്കത്തിൽ ക്യാമ്പസിൽ പലയിടത്തും വെള്ളം കെട്ടിനിന്നു. പാർക്കുചെയ്തിരുന്ന ബൈക്കുകളാകെ മുങ്ങി. നടന്നെത്തിയവരെല്ലാം നനഞ്ഞ് കുളിച്ച് ജോലിക്ക് കയറേണ്ടിവന്നു. മഴയിലല്ല, റോഡിലെ മലിനജലത്തിലാണ് ഇങ്ങനെ നനഞ്ഞത് എന്നതാണ് ഏറ്റവും കഷ്ടം. ഏറെ നേരമൊന്നും മഴ പെയ്തില്ല. എന്നിട്ടും ഇതാണ് അവസ്ഥയെങ്കിൽ മുന്നോട്ടുള്ള ദിനങ്ങൾ എങ്ങനെയാകുമെന്ന് പലരും ആശങ്ക പ്രകടിപ്പിച്ചു.

കഴിഞ്ഞ ബുധനാഴ്ചയുണ്ടായ അപ്രതീക്ഷിത മഴയിൽ ഇൻഫോപാർക്കും പാർക്കും പരിസരങ്ങളും ആകെ മുങ്ങിയിരുന്നു. പിന്നാലെ വ്യാഴാഴ്ച ഔദ്യോഗികമായി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അധികൃതർ അറിയിച്ചത്, കടമ്പ്രയാറിലെ ബണ്ട് പൊളിക്കാത്തതാണ് കാരണമായത് എന്നാണ്. മഴക്ക് പിന്നാലെ കലക്ടറെ വിവരമറിയിച്ച് അടിയന്തര നടപടി സ്വീകരിച്ചു, ബണ്ട് നീക്കം ചെയ്തു, ഇനി പ്രശ്നമൊന്നും ഉണ്ടാകില്ലെന്നും അവകാശപ്പെട്ടു. കൂടാതെ പരിസരങ്ങളിലെല്ലാമുള്ള ഡ്രൈയിനേജുകൾ വൃത്തിയാക്കിയിട്ടുണ്ടെന്നും അറിയിച്ചു. എന്നാൽ കൃത്യം അഞ്ചുദിനം പിന്നിട്ടപ്പോൾ ഇന്ന് പെയ്ത മഴയിൽ മുൻപെങ്ങുമുണ്ടാകാത്ത വെള്ളക്കെട്ടാണ് എല്ലാവരും അനുഭവിച്ചറിഞ്ഞത്. വെളളത്തിലൂടെ ഇഴജന്തുക്കൾ വരെ ക്യാമ്പസിലെത്തി. ഇത് കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്.

എന്നാൽ പഴയ പല്ലവി തന്നെയാണ് അധികൃതർക്ക് ഇപ്പോഴും പറയാനുള്ളത്. “ഇവിടെ നിന്ന് വെള്ളം ഒഴുകിപ്പോകുന്ന കടമ്പ്രയാറില്‍ വെള്ളം പൊങ്ങി നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ഇന്‍ഫോപാര്‍ക്കില്‍ നിന്നും അങ്ങോട്ട് ഒഴുക്കില്ല. കടമ്പ്രയാറില്‍ വെള്ളം കുറഞ്ഞാലേ ക്യാമ്പസിലെ വെള്ളം അങ്ങോട്ട്‌ ഒഴുകിപ്പോകൂ” – ഇന്‍ഫോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുശാന്ത് കുറുന്തിൽ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ജില്ലാ കളക്ടറെ സ്ഥിതിഗതികള്‍ ധരിപ്പിച്ചിട്ടുണ്ട്. ഇറിഗേഷന്‍ വകുപ്പിനെയും അറിയിച്ചു. ആറ്റിൽ അടിഞ്ഞുകൂടിയ പോളകള്‍ അടക്കമുള്ളവ മാറ്റേണ്ടതുണ്ട്. ബണ്ട് പൊളിച്ചത് പൂർണമായില്ലേ എന്ന് പരിശോധിക്കുകയും വേണം. അത് ചെയ്യേണ്ടത് ഇറിഗേഷന്‍ വകുപ്പാണ്. നടപടികള്‍ക്ക് കാക്കുകയാണ്.” സിഇഒ പറയുന്നു.

കടമ്പ്രയാറില്‍ വേനല്‍ക്കാലത്ത് ഇറിഗേഷന്‍ വകുപ്പ് ബണ്ട് കെട്ടാറുണ്ട്. വേനല്‍ക്കാലത്തെ ഉപയോഗത്തിനാണിത്. മഴക്കാലത്തിന് മുൻപേ ഈ ബണ്ടിന്റെ ഒരുഭാഗം ഇറിഗേഷന്‍ വകുപ്പ് പൊളിച്ച് മാറ്റുകയും ചെയ്തിരുന്നു. ഇത് കാരണം ഒഴുക്ക് തടസപ്പെടാന്‍ സാധ്യതയില്ല. എന്നിട്ടും വെള്ളം പൊങ്ങിയതിൻ്റെ കാരണമാണ് ഇപ്പോൾ തേടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top