കല്ലട ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്; ബസില്‍ കണ്ടെത്തിയത് ഒട്ടേറെ നിയമലംഘനങ്ങള്‍

കൊച്ചിയില്‍ ഒരാളുടെ മരണത്തിന് ഇടയാക്കുകയും ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കല്ലട ബസ് അപകടത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. ബസിന്റെ അമിതവേഗമാണ് അപകടം വരുത്തിയത് എന്ന് വ്യക്തമായിട്ടുണ്ട്.

ഡ്രൈവര്‍ തമിഴ്നാട് സ്വദേശി പാല്‍പാണ്ഡ്യന്‍റെ ലൈസന്‍സ് ആണ് റദ്ദാക്കുക. ഇതിനായി തമിഴ്നാട് മോട്ടോര്‍വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. ബെംഗളൂരുവിൽനിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്.

ഒട്ടേറെ നിയമലംഘനങ്ങള്‍ ബസില്‍ കണ്ടെത്തിയിട്ടുണ്ട്. ബസിന്റെ സ്പീഡ് ഗവര്‍ണറിന്റെ വയര്‍ മുറിച്ചുമാറ്റിയ നിലയിലാണ്. ടയറുകള്‍ രണ്ടും തേഞ്ഞുതീര്‍ന്ന നിലയിലാണ്. അനുവദിച്ചതിനെക്കാള്‍ ഏഴ് സീറ്റ് ബസില്‍ അധികമുണ്ടായിരുന്നു. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തിയ ശേഷം കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ്‌ അധികൃതരുടെ നീക്കം.

രണ്ട് ദിവസം മുന്‍പാണ് ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ കല്ലട ബസ് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചത്. സിഗ്നലില്‍ ബൈക്ക് നിര്‍ത്തിയിട്ടിരിക്കെ അമിത വേഗതയില്‍ വന്ന കല്ലട ബസ് സിഗ്നല്‍ തകര്‍ത്ത് ബൈക്കിനു മുകളിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികന്‍ ജിജോ സെബാസ്റ്റ്യനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിരവധിപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top