ബോട്ടുകൾ പ്രധാനമന്ത്രി കൊണ്ടുപോയോ? കൊച്ചിമെട്രോയുടെയും കപ്പൽശാലയുടെയും പ്രതികരണം ഇങ്ങനെ

കൊച്ചി: കൊച്ചി വാട്ടർ മെട്രോക്കായി കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ച രണ്ട് ബോട്ടുകൾ പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനത്തിന് പിന്നാലെ ഉത്തർപ്രദേശിലേക്ക് കൊണ്ടുപോയി എന്ന പ്രചരണം സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്നുണ്ട്. അയോദ്ധ്യ, വാരാണസി എന്നിവിടങ്ങളിൽ സർവീസ് നടത്താനാണ് ഇവ കൊണ്ടുപോയത്. കേരളത്തോട് ചെയ്ത ഈ ചതി മാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്യുന്നില്ല എന്നും പലരും പരിതപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിശദാംശങ്ങൾ മാധ്യമ സിൻഡിക്കറ്റ് പരിശോധിച്ചു.

വാട്ടർ മെട്രോക്കായി ഓർഡർ ചെയ്ത ബോട്ടുകൾ കൃത്യമായി കിട്ടിയിട്ടുണ്ട്, മറ്റാരും കൊണ്ടുപോയിട്ടില്ല എന്ന് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബഹ്റ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. “23 ബോട്ടുകളാണ് വാട്ടർ മെട്രോക്കായി ഞങ്ങൾ ആവശ്യപ്പെട്ടത്, അതിൽ 12 എണ്ണം കിട്ടി. ബാക്കിയുള്ള 11 എണ്ണം കരാർ പ്രകാരം ഘട്ടംഘട്ടമായി കിട്ടും. കേന്ദ്ര ഏജൻസിയായ കൊച്ചിൻ ഷിപ്പ്‌യാർഡിന് ആർക്കു വേണമെങ്കിലും ബോട്ട് നിർമിച്ചുനൽകാൻ അവകാശമുണ്ട്. വാട്ടർ മെട്രോക്ക് നൽകുന്ന ബോട്ടുകളും യുപിയിലേക്ക് അയക്കുന്നതുമായി ബന്ധമില്ല”; ലോക്നാഥ് ബഹ്റ വിശദീകരിച്ചു.

കൊച്ചി കപ്പൽശാല ഉണ്ടാക്കിയ ബോട്ടുകൾ ഉത്തർപ്രദേശിലേക്ക് അയച്ചുവെന്നത് വാസ്തവമാണ്. ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ മുൻപേ നൽകിയ ഓർഡറുകൾ പ്രകാരമാണ് അത്. അയോദ്ധ്യ, വാരാണസി എന്നിവിടങ്ങളിൽ സർവീസ് നടത്താനാണ് ഇവ ഉപയോഗിക്കുക. ഇക്കഴിഞ്ഞ ഡിസംബർ രണ്ടാംവാരമാണ് അവ കൈമാറിയതെന്നും പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധമൊന്നുമില്ലെന്നും കൊച്ചിൻ ഷിപ്പ്‌യാർഡ് പിആർഒയുടെ ഓഫീസ് മാധ്യമ സിൻഡിക്കറ്റിനോട് പ്രതികരിച്ചു. ആറ് ഇലക്ട്രിക്ക് ഹൈബ്രിഡ് ബോട്ടുകൾ കൂടി വിവിധ സംസ്ഥാനങ്ങളിലേക്ക് നിർമിച്ചു നൽകാൻ കൊൽക്കത്തയിലെ ഹൂഗ്ളിയിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ അനുബന്ധ കമ്പനിക്ക് കരാറുണ്ട്’- പിആർഒ പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി നാലിന് പ്രധാനമന്ത്രി കേരളം സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെയാണ് കൊച്ചി വാട്ടർ മെട്രോയുടെ ബോട്ടുകൾ ഉത്തർപ്രദേശിലേക്ക് കടത്തിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം തുടങ്ങിയത്. അയോധ്യയിലേക്കും വാരാണസിയിലേക്കും കൊച്ചിൻ ഷിപ്പ്‌യാർഡ് ബോട്ട് നൽകുന്ന വിവരം കേന്ദ്ര തുറമുഖ, ജലഗതാഗത വകുപ്പിന്റെ സമൂഹമാധ്യമ പേജിൽ ഡിസംബർ 14ന് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top