നവജാത ശിശുവിനെ ഫ്ലാറ്റില്‍ നിന്നും വലിച്ചെറിഞ്ഞത് ഇരുപത്തിമൂന്നുകാരി; പീഡനത്തിനിരയായ അതിജീവിതയെന്ന് പൊലീസ്; രക്ഷിതാക്കള്‍ ഒന്നും അറിഞ്ഞിരുന്നില്ല
കൊച്ചി : പനമ്പള്ളി നഗറിലെ വിദ്യാ നഗറില്‍ ഫ്ലാറ്റില്‍ നിന്നും നവജാത ശിശുവിനെ വലിച്ചെറിഞ്ഞത് അവിവാഹിതയായ അമ്മ. ഇരുപത്തിമൂന്ന് വയസുകാരിയായ യുവതിയാണ് കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞത്. പീഡനത്തിനിരയായി ഗര്‍ഭിണിയായതായാണ് പൊലീസിന് യുവതി നല്‍കിയിരിക്കുന്ന മൊഴി. മൃതദേഹം പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് കവറിലുണ്ടായിരുന്ന വിലാസത്തില്‍ നിന്നാണ് യുവതിയിലേക്ക് പൊലീസ് എത്തിയത്.
യുവതി ഗര്‍ഭിണിയാണെന്ന വിവരം രക്ഷിതാക്കള്‍ക്ക് അറിവുണ്ടായിരുന്നില്ല. വീട്ടില്‍ അച്ഛനും അമ്മയ്‌ക്കുമൊപ്പമാണ് യുവതി കഴിഞ്ഞിരുന്നത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് യുവതി ശുചിമുറിയില്‍ പ്രസവിച്ചത്. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനും രക്ഷപ്പെടാനുമാണ് കുഞ്ഞിനെ ആമസോണ്‍ കുറിയർ കവറില്‍ പൊതിഞ്ഞ് വലിച്ചെറിഞ്ഞത്. പൊലീസ് ചോദ്യം ചെയ്യലില്‍ യുവതി ഇക്കാര്യങ്ങള്‍ സമ്മതിക്കുകയും ചെയ്തു. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ മാത്രമാണ് രക്ഷിതാക്കള്‍ ഇക്കാര്യങ്ങളെല്ലാം അറിഞ്ഞത്. കുഞ്ഞിന് ജനിച്ചപ്പോള്‍ തന്നെ ജീവനില്ലായിരുന്നുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
നിലവില്‍ രണ്ട് കേസുകളെടുത്ത് അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം. കുഞ്ഞിന്റെ കൊലപാതകത്തിനൊപ്പം ബലാത്സംഗം നടന്നുവെന്ന മൊഴിയില്‍ മറ്റൊരു കേസുകൂടിയെടുക്കും. പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ 8 മണിയോടെയാണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. റോഡില്‍ കുഞ്ഞിന്റെ ശരീരം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിലാക്കി മുകളില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞിന്റേതാണ് മൃതദേഹം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here