കൊല്ലപ്പെടുമ്പോള്‍ പ്ലസ്ടുക്കാരി നാലര മാസം ഗര്‍ഭിണി; സഫര്‍ ഷാ കാറില്‍ വാല്‍പ്പാറയിലേക്ക് കൂട്ടിയത് പ്രശ്നങ്ങള്‍ തീര്‍ക്കാമെന്ന് പറഞ്ഞ്
കൊച്ചി: കേരളത്തെ നടുക്കിയ ഒരു കൊലപാതകക്കേസിലെ വിധിയാണ് ഇന്ന് എറണാകുളം പോക്‌സോ കോടതിയില്‍ നിന്നുണ്ടായത്. സൗഹൃദത്തില്‍ നിന്നും പിന്മാറിയതിന്റെ പകയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി നെട്ടൂര്‍ സ്വദേശി സഫര്‍ ഷായ്ക്ക് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവിനുപുറമെ വിവിധ വകുപ്പുകളിലായി രണ്ടര ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. കൊല നടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. 2020 ജനുവരി ഏഴിനാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയെ സഫര്‍ ഷാ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്.
കൊച്ചി നഗര മധ്യത്തിലെ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി വീട്ടിലേക്ക് പോകും വഴിയാണ് കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം, മലക്കപ്പാറയ്ക്കും വാല്‍പ്പാറയ്ക്കും ഇടയിലുള്ള വനപ്രദേശത്തുവെച്ച് പീഡിപ്പിച്ച ശേഷം പ്രതി കാറിലിട്ട് കുത്തിക്കൊന്നത്. മൃതദേഹം വനമേഖലയിലെ കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ച ശേഷം മടങ്ങുമ്പോള്‍ പോലീസ് സംഘത്തിന്റെ വലയില്‍ വീഴുകയായിരുന്നു. കൊച്ചി മരടിലെ കാര്‍ സര്‍വീസ് സെന്ററിലെ ജീവനക്കാരനായ സഫര്‍ഷായും പെണ്‍കുട്ടിയും മുന്‍പ് അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടി അകന്നപ്പോഴുള്ള വൈരാഗ്യത്തിലാണ് കൊന്നത് എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കൊല്ലപ്പെടുമ്പോള്‍ പ്ലസ് ടു പെണ്‍കുട്ടി നാലരമാസം ഗര്‍ഭിണിയായിരുന്നു.
സര്‍വീസ് സെന്റര്‍ ജീവനക്കാരനായ പ്രതി സഫര്‍ ഷാ കാറുമായി കടന്ന് കളയുകയായിരുന്നു. കാര്‍ കാണാതായപ്പോള്‍ പരാതി വന്നു. ഇതേ സമയം നഗരത്തിലെ സ്‌കൂളില്‍നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങിയ 17-കാരിയേയും കാണാനില്ല എന്ന പരാതിയും ഒപ്പം വന്നു. പെണ്‍കുട്ടിയും യുവാവും ഇത് തന്നെയാണ് എന്നുറപ്പിച്ച പോലീസ് അന്വേഷണം തുടങ്ങി. ഇതേ സമയം യുവാവിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അതിരപ്പിള്ളി, മലക്കപ്പാറ ഭാഗത്താണെന്ന് മനസിലായി. ഇതോടെ വിവരം ആ സ്റ്റേഷനുകളിലേക്ക് പോലീസ് കൈമാറി.
വാഴച്ചാലിലെയും മലക്കപ്പാറയിലെയും ചെക്ക് പോസ്റ്റ് രജിസ്റ്ററുകള്‍ പരിശോധിച്ചപ്പോള്‍ കാര്‍ അവിടെ കടന്നുപോയതായി കണ്ടു. ഇതോടെ വാല്‍പ്പാറ, പൊള്ളാച്ചി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായി പോലീസിന്റെ പരിശോധന. ഈ അന്വേഷണം പുരോഗമിക്കുമ്പോഴാണ് രാത്രിയോടെ വാല്‍പ്പാറ വാട്ടര്‍ഫാള്‍സ് പോലീസ് സഫര്‍ഷായെ കൈയോടെ പിടികൂടിയത്. കാറിന്റെ മുന്‍സീറ്റില്‍ ചോരപ്പാടുകള്‍ കണ്ടതോടെ യുവാവിനെ കസ്റ്റഡിയിലെടുത്തു. മലക്കപ്പാറയില്‍നിന്ന് കേരള പോലീസ് സംഘവും ഇവിടേക്കെത്തി. ഇതോടെ അരുംകൊലയുടെ ചുരുളഴിഞ്ഞു.
പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ക്കാമെന്നും യാത്രപോകാമെന്നും പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ കാറില്‍കയറ്റിയത്. 130 കിലോമീറ്ററോളം ദൂരമാണ് യൂണിഫോം ധരിച്ച പെണ്‍കുട്ടിയുമായി പ്രതി സഞ്ചരിച്ചത്. പെണ്‍കുട്ടിയെ കൊലപ്പെടുത്താനായി കത്തി നേരത്തെ വാങ്ങിവെച്ചിരുന്നതായാണ് പോലീസിന് നല്‍കിയ മൊഴി. കാറുമായി മലക്കപ്പാറ ഭാഗത്തേക്ക് പ്രവേശിച്ചതോടെ ഇരുവരും വഴക്കായി. പിന്നാലെ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് പെണ്‍കുട്ടിയെ കുത്തിവീഴ്ത്തി. അക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടിയുടെ കൈയിലും കുത്തേറ്റിരുന്നു.
ക്രൂരമായ കൊലയ്ക്ക് ശേഷം മൃതദേഹം കാപ്പിത്തോട്ടത്തില്‍ തള്ളി. ഇതിനുശേഷം കാറുമായി പൊള്ളാച്ചി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. സെര്‍ച്ച് ലൈറ്റുകള്‍ ഘടിപ്പിച്ച ജീപ്പുമായി മലക്കപ്പാറ-വാല്‍പ്പാറ റോഡിലെ പരിശോധനയ്ക്കിടെയാണ് കാപ്പി തോട്ടത്തിന്റെ താഴ്ചകള്‍ക്കിടയില്‍ ഒരു കല്ലില്‍ തട്ടിനിന്ന നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതി ജാമ്യത്തിലിറങ്ങിയതും ഏറെ വിവാദമായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് പറഞ്ഞത് കളവാണെന്ന് വ്യക്തമായതോടെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here