കൊച്ചുവേളി, നേമം പേരുമാറ്റം അനിവാര്യമെന്ന് ഗതാഗത സെക്രട്ടറി; റെയില്‍വേയുടെ കത്തിന് അംഗീകാരം; നേമം തിരുവനന്തപുരം സൗത്തും കൊച്ചുവേളി നോര്‍ത്തുമാകും

തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റം ഉടന്‍. നേമം സ്റ്റേഷന്‍ തിരുവനന്തപുരം സൗത്തെന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്തെന്നുമാണ് പേരുമാറ്റം യാഥാര്‍ഥ്യമാകുമ്പോള്‍ അറിയപ്പെടുക. പേരുമാറ്റം ആവശ്യപ്പെട്ട് തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ സംസ്ഥാന സര്‍ക്കാരിനു ഈ മാസം ഒന്നിന് കത്ത് നല്‍കിയിരുന്നു. ആവശ്യം അംഗീകരിച്ചുകൊണ്ട് ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെ കത്തയച്ചു.

കൊച്ചുവേളി, നേമം എന്ന് പറഞ്ഞാല്‍ കേരളത്തിന് പുറത്തുള്ളവര്‍ക്ക് അത് തിരുവനന്തപുരമാണെന്ന് മനസിലാകില്ല-ഗതാഗതസെക്രട്ടറി ബിജു പ്രഭാകര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “തിരുവനന്തപുരം നോര്‍ത്ത്- സൗത്ത് എന്ന് പറയുമ്പോള്‍ ഈ പ്രശ്നം വരില്ല. കൂടുതല്‍ ട്രെയിനുകള്‍ ഉള്ളത് കൊച്ചുവേളിയിലാണ്. നേമവും ഇതേ രീതിയില്‍ വികസിക്കും. പേരുമാറ്റല്‍ അനിവാര്യമാണ്” – ബിജു പ്രഭാകര്‍ പറയുന്നു.

“ഡിവിഷണല്‍ റെയില്‍വേ യൂസേഴ്സ് കണ്‍സല്‍ട്ടേറ്റീവ് കമ്മറ്റിയും എംപിമാരും നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കത്ത് നല്‍കിയിരുന്നു-ഇത് പ്രകാരമാണ് സംസ്ഥാന സര്‍ക്കാരിന് റെയില്‍വേ കത്ത് നല്‍കിയത്-” റെയില്‍വേ വൃത്തങ്ങള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിനലുകളായി വികസിപ്പിക്കുകയാണ്. അതിന്റെ ഭാഗംകൂടിയാണ് പേര് മാറ്റം. തിരുവനന്തപുരം നഗരമധ്യത്തിലാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. ജനബാഹുല്യം ഉള്‍ക്കൊള്ളാന്‍ സ്റ്റേഷന് കഴിയുന്നില്ല. ദീര്‍ഘദൂര ട്രെയിനുകള്‍ പലതും കൊച്ചുവേളിയില്‍ നിന്നും ആരംഭിച്ച് അവിടെ തന്നെ അവസാനിക്കുന്നതാണ്. കൊച്ചുവേളിയുടെ പ്രാധാന്യം കൂടുമ്പോഴാണ് ഈ പെരുമാറ്റലും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top