അസി.പ്രൊഫസറും കുടുംബവും റിസോര്‍ട്ടില്‍ ജീവനൊടുക്കിയ നിലയില്‍; മകളെ കൊന്ന് ആത്മഹത്യ; മൃതദേഹങ്ങള്‍ കണ്ടത് കുടകിലെ റിസോര്‍ട്ടില്‍

കുടക്‌: കര്‍ണാടക കുടകിലെ ഹോം സ്‌റ്റേയില്‍ മൂന്നംഗ മലയാളി കുടുംബത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്‌റ്റന്റ്‌ പ്രഫസര്‍ ജിബി ഏബ്രഹാം(38), മകള്‍ ജെയിന്‍ മരിയ ജേക്കബ്‌ (11), കൊട്ടാരക്കര സ്വദേശി വിനോദ്‌ ബാബുസേനന്‍(43) എന്നിവരാണ്‌ മരിച്ചത്‌. മകളെ കൊന്ന് ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. ഒരാഴ്‌ച മുന്‍പ്‌ ഡല്‍ഹിയിലേക്കെന്ന്‌ പറഞ്ഞ്‌ അവധിയെടുത്ത്‌ പോയതാണ്‌ ജിബി. പിന്നീട്‌ അറിയുന്നത്‌ മരണ വാര്‍ത്തയാണ്‌.

വെള്ളിയാഴ്‌ച വൈകിട്ട്‌ ആറിനാണ് കുടക്‌ മടിക്കേരിയിലെ കഗോഡ്‌ലു ലോസോ അരിഗോ റിസോര്‍ട്ടില്‍ ഇവരെത്തിയത്. ജീവനക്കാരോട് സംസാരിച്ച ശേഷം റിസോര്‍ട്ട് നടന്നുകണ്ടു. പുറത്ത് പോയി ഭക്ഷണം വാങ്ങിയ ശേഷമാണ് റൂമിലേക്ക് പോയത്. ശനിയാഴ്‌ച രാവിലെ പുറത്തു വരാത്തതിനെ തുടര്‍ന്നു ജീവനക്കാര്‍ ജനലിലൂടെ നോക്കിയപ്പോഴാണ്‌ ദമ്പതികള്‍ തൂങ്ങി നില്‍ക്കുന്നത്‌ കണ്ടത്‌.

ജിബിയുടേയും വിനോദിന്‍റെയും രണ്ടാം വിവാഹമാണ്. ജിബിക്ക് ആദ്യവിവാഹത്തിലുള്ള കുട്ടിയാണ് ജെയിന്‍ മരിയ ജേക്കബ്‌. വിനോദ് തിരുവല്ലയില്‍ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി നടത്തുകയാണ്‌. ജിബി കാനഡയിലേക്ക്‌ പോകാന്‍ വിസയ്ക്ക് വേണ്ടിയാണ് മൂന്നു വര്‍ഷം മുന്‍പ് വിനോദിനെ സമീപിച്ചത്‌. ഈ അടുപ്പമാണ് വിവാഹത്തില്‍ കലാശിച്ചത്.

കഴിഞ്ഞ മേയ്‌ മാസത്തിലാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. ഇതര മതത്തില്‍പ്പെട്ടവരായതിനാല്‍ വിനോദിനെ വിവാഹം കഴിക്കുന്നതില്‍ ജിബിയുടെ വീട്ടുകാര്‍ക്ക്‌ എതിര്‍പ്പുണ്ടായിരുന്നു. വിവാഹശേഷം തിരുവല്ലയില്‍ അപ്പാര്‍ട്ട്‌മെന്റ്‌ വാടകയ്‌ക്ക്‌ എടുത്താണ് താമസിച്ചത്.

ജിബിയുടെ മാതാപിതാക്കള്‍ ഗള്‍ഫിലായതിനാല്‍ ജിബിയുടെ പഠനം അവിടെയായിരുന്നു. എം.ടെക്‌ പാസായ ജിബി മാര്‍ത്തോമ്മ കോളജില്‍ എം.എസ്‌സി ബയോടെക്‌നോളജിയില്‍ അസി.പ്രൊഫസറായി ജോലി ചെയ്യുകയാണ്. എട്ടു വര്‍ഷമായി ഇവിടെയുണ്ട്. ഉദ്യോഗാര്‍ഥികളില്‍നിന്ന്‌ പണം വാങ്ങിയിട്ടും വിസ നല്‍കാന്‍ കഴിയാത്ത പ്രശ്നം വിനോദ് നേരിട്ടിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. വിസ ഇടനിലക്കാര്‍ ചതിച്ചതാണെന്നും പറയുന്നുണ്ട്. ഇതോടെ സാമ്പത്തിക ബാധ്യത വന്നു. ജീവനൊടുക്കലിന്റെ പിന്നില്‍ ഇതാണെന്നാണ് അനുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top