കൊടകര കുഴല്‍പ്പണത്തില്‍ പുതിയ അന്വേഷണം; പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍

കൊടകര കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണവുമായി സര്‍ക്കാര്‍. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ച ഉത്തരവായി. തൃശൂര്‍ ഡിഐജി തോംസണ്‍ ജോസ് ആണ് മേല്‍നോട്ടം വഹിക്കുക. കൊച്ചി ഡിസിപി സുദര്‍ശനാണ് അന്വേഷണ സംഘത്തലവന്‍.
കേസ് അന്വേഷിച്ച കഴിഞ്ഞ പോലീസ് സംഘത്തിലുള്ളവരെ ഒഴിവാക്കിയാണ് പുതിയ അന്വേഷണ സംഘത്തിന് രൂപം കൊടുത്തത്. പഴയ അന്വേഷണ സംഘത്തിലെ വി.കെ രാജു പുതിയ സംഘത്തിലുണ്ട്. നേരത്തെ ഐജി അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷണം നടത്തിയിരുന്നത്. ഇതിന് പകരമാണ് തൃശൂര്‍ ഡിഐജിക്ക് അന്വേഷണ ചുമതല നല്‍കിയത്. തൃശൂരിലെ വിവിധ സ്റ്റേഷനുകളിലെ പോലീസ് ഓഫീസര്‍മാര്‍ അടക്കം എട്ടംഗ സംഘമാണ് അന്വേഷിക്കുന്നത്.
ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലാണ് കൊടകര കുഴല്‍പ്പണവിവാദത്തെ ചൂടുപിടിപ്പിച്ചത്. കൊടകരയില്‍ പിടികൂടിയ മൂന്നരക്കോടിയുടെ കുഴല്‍പ്പണം ബിജെപിയുടെ ഓഫീസില്‍ എത്തിച്ചാണ് കടത്തിയതെന്നാണ് സതീഷ് പറഞ്ഞത്. കുഴല്‍പ്പണക്കടത്തിന്റെ അണിയറ വിവരങ്ങളും സതീഷ് പുറത്തുവിട്ടു.
ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് വെളിപ്പെടുത്തല്‍ എന്നതിനാല്‍ അത് തിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയമായി കൊടകര കുഴല്‍പ്പണം മാറി. പ്രതിപക്ഷം മുഖ്യമന്ത്രി പിണറായി വിജയന് നേരെ ആഞ്ഞടിച്ചു. കേസ് ഒതുക്കുന്നതിന് പിന്നില്‍ സിപിഎം-ബിജെപി ഡീല്‍ എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് സർക്കാർ നീക്കം തുടങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here