‘പിന്നിൽ ചാനൽ ഉടമയും ബിജെപി മുൻ പ്രസിഡൻ്റും’: കൊടകര കുഴൽപ്പണക്കേസിൽ ശോഭയുടെ വെളിപ്പെടുത്തൽ

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ശോഭ സുരേന്ദ്രൻ. സിപിഎമ്മും റിപ്പോർട്ടർ ചാനലുമാണ് സതീഷിൻ്റെ പിന്നിലെന്നാണ് ബിജെപി നേതാവ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. തിരൂർ സതീഷിന്റെ കോൾ ലിസ്റ്റ് എടുക്കണം. വിളിച്ചവർ ആരൊക്കെയെന്ന് മുൻ ഓഫീസ് സെക്രട്ടറിയെക്കൊണ്ട് പറയിപ്പിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. സതീഷിനും ആൻ്റോ അഗസ്റ്റിനുമെതിരായി ക്രിമിനൽ മാനനഷ്ടക്കേസ് കൊടുക്കുമെന്നും അവര്‍ അറിയിച്ചു.
ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് ശ്രീശൻ അടിയാട്ടിനും തനിക്കെതിരായ ആരോപണത്തിൽ പങ്കുണ്ടെന്നും ശോഭ പറഞ്ഞു. തിരൂർ സതീഷ് സിപിഎമ്മിന്റെ ഉപകരണമാണ്. പറയുന്നത് സതീഷാണെങ്കിലും പ്രവർത്തിക്കുന്നത് എകെജി സെന്ററാണെന്നും ശോഭ പറഞ്ഞു. സതീഷിനെ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. പ്രസിഡന്റ് ആകാൻ തനിക്ക് അയോഗ്യതയില്ല. ഉണ്ടെങ്കിൽ എന്താണ് അയോഗ്യതയെന്നും ശോഭ ചോദിച്ചു.
സതീഷന്റെ വീട്ടിൽ താൻ പോയിട്ടില്ലെന്ന ശോഭ സുരേന്ദ്രൻ്റെ വാദം പൊളിക്കുന്നു എന്നവകാശപ്പെടുന്ന ചിത്രം പുറത്ത് വന്നതിന് ശേഷമായിരുന്നു ബിജെപി നേതാവിൻ്റെ പ്രതികരണം. തിരൂർ സതീഷാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്. ആറുമാസം മുൻപ് തന്റെ വീട്ടിലെത്തിയപ്പോൾ മകനും ഭാര്യക്കും ഒപ്പം എടുത്ത ചിത്രമാണെന്നാണ് സതീഷിൻ്റെ അവകാശവാദം. എന്നാൽ സതീഷിന്‍റെ വീട്ടില്‍ താന്‍ പോയിട്ടുണ്ടെന്ന് പറഞ്ഞ് പുറത്തുവിട്ട ഫോട്ടോ തന്‍റെ സഹോദരിയുടെ വീട്ടില്‍ നിന്നാണെന്ന് ശോഭ പറയുന്നു.
ALSO READ: സതീഷ് പിണറായി വിജയന്റെ ടൂള്‍ ആണെന്ന് ശോഭ സുരേന്ദ്രന്‍; തിരക്കഥ എകെജി സെന്‍ററിന്റെത്
അത് സതീഷിന്‍റെ വീടിന്‍റെ ഉള്‍ഭാഗമല്ലെന്നും അവർ വ്യക്തമാക്കി.ഫോട്ടോയിൽ സ്വിച്ച് ബോർഡ് എഡിറ്റ് ചെയ്തു കയറ്റിയെന്നും ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
റിപ്പോർട്ടർ ടിവിക്കും ചാനൽ ഉടമകൾക്കുമെതിരെ രൂക്ഷ വിമർശനവും ഇന്ന് ബിജെപി നേതാവ് നടത്തി. തനിക്കെതിരെ ആൻ്റോ അഗസ്റ്റ്യൻ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ തെറ്റാണ്. ധെെര്യമുണ്ടെങ്കിൽ അവയുടെ തെളിവ് പുറത്തുവിടണമെന്നുമാണ് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടത്.
ആന്റോ അഗസ്റ്റിന്റെ വീട്ടിൽ താൻ എത്തിയതിന്റെ ഒരു ഫോട്ടോ തെളിയെങ്കിലും പൊതുജനങ്ങൾക്ക് മുന്നിൽ എത്തിക്കാൻ കഴിയുമോയെനും ശോഭ ചോദിച്ചു. ‘ഒരു 500 തവണയെങ്കിലും ഞാൻ ആന്റോ അഗസ്റ്റിന്റെ വീട്ടിലെത്തിയിരുന്നുവെന്ന് അയാൾ പറഞ്ഞു. അതിൽ നിന്ന് രണ്ട് പൂജ്യം ഞാൻ കളഞ്ഞു. ഒരു അഞ്ച് തവണയെങ്കിലും ഞാൻ ആന്റോയുടെ വീട്ടിൽ വന്നതിന്റെ തെളിവ് പുറത്തുവിടണം. ഞാൻ ആന്റോ അഗസ്റ്റിനെ ഫോണിൽ വിളിച്ചുവെന്ന് അയാൾ പറഞ്ഞു. ഞാൻ വിളിച്ച സമയം, നമ്പർ, തീയതി എന്നിവ കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ വയ്ക്കാൻ അയാൾ തയ്യാറാവണം. എനിക്ക് വേണ്ടി മുറികൾ എടുത്തിട്ടുണ്ടന്നാണ് അയാൾ കഴിഞ്ഞ ദിവസം പറഞ്ഞത്’ – ശോഭ പറഞ്ഞു.
ഇന്ത്യയിലെ ഏതെങ്കിലും ഒരു ഹോട്ടലിൽ തനിക്ക് വേണ്ടി മുറി ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഒറ്റ തന്തയ്ക്ക് പിറന്നവനാണെങ്കിൽ അതിന്റെ തെളിവ് പുറത്തുവിടണം. ശോഭയ്ക്ക് വിമാനത്തിൽ കയറാൻ ടിക്കറ്റ് എടുത്ത് കൊടുക്കുന്നത് താൻ ആണെനാണ് ആൻ്റോയുടെ അവകാശവാദം. ഇല്ലാത്ത ബലാത്സംഗ കുറ്റം ചുമത്താൻ മലപ്പുറത്ത് ഒരു സ്ത്രീക്ക് പണം വാഗ്ദാനം ചെയ്ത ആളാണ് അയാൾ. അതിന്റെ സാക്ഷിയാണ് താൻ. തിരൂർ സതീശന് പിന്നിൽ ആന്റോ അഗസ്റ്റിൻ ആണെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
ALSO READ: കൊടകര കുഴൽപ്പണക്കേസിൽ പുതിയ ട്വിസ്റ്റ്; ശോഭ സുരേന്ദ്രൻ സതീഷിൻ്റെ വീട്ടിലെത്തിയ ദൃശ്യങ്ങൾ പുറത്ത്
റിപ്പോർട്ടർ ചാനൽ ഉടമകൾ പ്രതിയായ മരംമുറി കേസിൻ്റെ അവസ്ഥ എന്തായെന്നും ബിജെപി നേതാവ് ചോദിച്ചു. താൻ ആൻ്റോയ്ക്ക് ഇട്ടിട്ടുള്ള പേര് മരംകൊത്തി എന്നാണ്. മാംഗോ ഫോണിന്‍റെ പേരിലും കോടിക്കണക്കിന് രൂപ ആൻ്റോ തട്ടി. മലപ്പുറത്ത് നിരവധി കേസുകൾ ഉണ്ട്. ആൻ്റോ തന്നെ കാണാൻ വന്നത് ബിജെപിയിലേക്ക് ഒരു പാസ് വേണം എന്ന് പറഞ്ഞാണ് . തന്നോടൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. ഒരു മാധ്യമം കയ്യിലുണ്ടെന്ന് കരുതി തന്തക്ക് പിറക്കാത്ത സ്വഭാവവുമായി തന്‍റെ നേർക്കു വരരുത് വാര്‍ത്താസമ്മേളനത്തില്‍ ശോഭ പറഞ്ഞുറിപ്പോർട്ടർ ടിവിയിലും 24 ന്യൂസിലും തൻ്റെ മുഖം വരരുതെന്നാണ് ആഗ്രഹം. അതിനാൽ അവരോട് വാർത്താ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടതായും ശോഭ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here