കൊടകര കുഴല്‍പ്പണക്കേസില്‍ തിരൂർ സതീഷിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും; തലവേദന സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്ക്

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് വൈകുന്നേരം നാലിന് മൊഴി രേഖപ്പെടുത്തുക. ഈ മൊഴി രേഖപ്പെടുത്തുന്നതോടെ കേസ് കടുപ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയും. മൊഴി പിന്നീട് സതീഷിന് പിന്‍വലിക്കാനും കഴിയില്ല. അതുകൊണ്ട് തന്നെ ഈ നീക്കം കേസില്‍ നിര്‍ണായകമാകും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നാല് ചാക്കുകളിലായി ആറരക്കോടി രൂപ എത്തിച്ചു എന്നായിരുന്നു തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ. ഉപതിരഞ്ഞെടുപ്പ് സമയത്ത് വന്ന സതീഷിന്റെ പ്രസ്താവന ബിജെപിക്ക് വന്‍ തിരിച്ചടിയായി മാറിയിരുന്നു. എങ്ങുമെത്താതെ നിന്ന കേസ് വീണ്ടും ചര്‍ച്ചയാകാനും പുനരന്വേഷത്തിനും വഴിവച്ചതും സതീഷിന്റെ വെളിപ്പെടുത്തലായിരുന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് വാഹനം തട്ടിക്കൊണ്ടുപോയി മൂന്നരക്കോടിയുടെ കുഴൽപ്പണം കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത്. പണവുമായിപോയ ധര്‍മരാജന്റെ പരാതിയിലുള്ള അന്വേഷണത്തിലാണ് ബിജെപി കർണാടകയിൽനിന്നെത്തിച്ച് കേരളത്തിൽ വിതരണംചെയ്യാനായി കൊണ്ടുപോയ കുഴൽപ്പണമാണെന്ന് കണ്ടെത്തിയത്.
പണം കേരളത്തിലേക്ക് കടത്തിയ ധർമരാജനെപ്പോലും അന്ന് പ്രതി ചേർത്തില്ല. ബിജെപി നേതാക്കളുൾപ്പെടെ 19 പേരെ സാക്ഷികളാക്കുകയാണ് ചെയ്തത്. കവര്‍ന്ന മൂന്നരക്കോടിയിൽ 1.40 കോടി കണ്ടെത്താനുമായില്ല. പുതിയ അന്വേഷണം കാര്യങ്ങള്‍ അപ്പാടെ മാറ്റിമറിക്കാനാണ് സാധ്യത. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് പുനരന്വേഷണം വന്നതോടെ വെട്ടിലാകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here