ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ എത്തിച്ചത് മൂന്നരക്കോടി രൂപ എന്ന് പ്രസീത അഴീക്കോട്‌; ജാനുവിന് നല്‍കിയത് 10 ലക്ഷം

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും കൊടകര മോഡലില്‍ പണം എത്തിയിട്ടുണ്ട് എന്ന് ജെആര്‍പി നേതാവ് പ്രസീത അഴീക്കോട്‌. ബിജെപി തൃശൂര്‍ ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറിയായ തിരൂര്‍ സതീഷിന്റെ ആരോപണമാണ് പ്രസീത ശരിവച്ചത്.

“ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഈ ഇടപാടുകള്‍ ഒക്കെ നടന്നത്. ബത്തേരിയില്‍ മൂന്നരക്കോടി രൂപ എത്തിച്ചിട്ടുണ്ട്. പ്രശാന്ത് മലവയലിന്റെ നേതൃത്തിലാണ് മഞ്ചേശ്വരത്ത് നിന്നും പണം ബത്തേരി എത്തിച്ചത്. അന്വേഷണ സംഘത്തോട് ഈ കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഇടപാടും അന്ന് അന്വേഷിച്ചതാണ്.

“എന്‍ഡിഎയുടെ ഭാഗമാകാന്‍ സി.കെ.ജാനുവിന് 10 ലക്ഷം രൂപ നല്‍കിയിരുന്നു. മൊത്തം 35 ലക്ഷമാണ് നല്‍കിയത്. ഞങ്ങള്‍ താമസിച്ച മുറിയിലാണ് പൂജാദ്രവ്യങ്ങള്‍ എന്ന് പറഞ്ഞ് പണം സൂക്ഷിച്ചത്. ജില്ലാ മജിസ്ട്രേട്ട് കൂടിയായ കളക്ടര്‍ക്ക് കൂടി പരാതി നല്‍കിയിട്ടും ഒരു അന്വേഷണവും നടന്നിട്ടില്ല.”- പ്രസീത പറഞ്ഞു.

തൃശൂരിലെ ബിജെപി ഓഫീസിൽ കുഴൽപ്പണം എത്തിച്ചെന്ന ആരോപണത്തിൽ ഉറച്ച് നില്‍ക്കുന്നെന്നാണ് ബിജെപി മുൻ ഓഫീസ്‌ സെക്രട്ടറി തിരൂർ സതീഷ്‌ പറഞ്ഞത്. “കൊടകര കുഴൽപ്പണ കേസിലെ മുഴുവൻ സത്യങ്ങളും പൊലീസിനോട് പറയും. പണം കൈകാര്യ ചെയ്തതിന്റെ തെളിവുകൾ കയ്യിലുണ്ട്. പണമെത്തിച്ച ധർമരാജ് വരുമ്പോൾ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ ഓഫിസിലുണ്ടായിരുന്നു.”

“തൃശൂരിലെ ബിജെപി ഓഫീസിൽ ആറ്‌ ചാക്കുകളിലായാണ്‌ കള്ളപ്പണം എത്തിച്ചത്. തൃശൂർ ജില്ലയിലേക്കുള്ള പണം ഓഫീസിൽ ഇറക്കി. ബാക്കി പണവുമായി ആലപ്പുഴയ്‌ക്കു പോകുമ്പോഴാണ്‌ കൊടകരയിൽ മൂന്നരക്കോടി രൂപ കൊള്ളയടിച്ചത്.” തിരൂർ സതീഷ്‌ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top