ടിപി കേസിലെ കൊടി സുനിയും ഷാഫിയും ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍; ന്യൂമാഹി ഇരട്ടക്കൊലയില്‍ വിചാരണ തുടങ്ങുന്നു
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ വിജിത്ത് (25), ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ 22 മുതൽ ഫെബ്രുവരി ഒന്നുവരെ തലശ്ശേരി അഡീഷണൽ സെഷൻസ് ഫസ്റ്റ് ട്രാക്ക് (മൂന്ന്) കോടതിയില്‍ നടക്കും.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി രണ്ടാം പ്രതിയും ഷാഫി നാലാം പ്രതിയുമാണ്. ഇവര്‍ അടക്കം 16 പ്രതികളാണ് ഈ കേസിലുള്ളത്. രണ്ട് പ്രതികൾ മരണപ്പെട്ടു. പത്താംപ്രതി രജികാന്ത്, പന്ത്രണ്ടാംപ്രതി മുഹമ്മദ് റജീസ് എന്നിവരാണ് മരണപ്പെട്ടത്. കൊടി സുനി ഉൾപ്പെടെയുള്ളവർ പരോളിൽ ഉള്ള സമയത്താണ് ഇരട്ടക്കൊലക്കേസിന്റെ വിചാരണ ആരംഭിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. 82 സാക്ഷികള്‍ ഉള്ള കേസ് ആണിത്. കൊടി സുനി അടക്കമുള്ള ടിപി കേസ് പ്രതികള്‍ പുറത്തിറങ്ങിയത് ഈ കേസിലെ സാക്ഷികള്‍ക്ക് ഭീഷണിയാകുമെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഒന്നു മുതൽ മൂന്നുവരെ സാക്ഷികളായ ഒ.പി.രജീഷ്, ഇ.സുനിൽകുമാർ, നികേഷ് എന്നിവരെയാണ് ആദ്യദിവസം വിസ്തരിക്കുക. 2010 മെയ് 28ന് രാവിലെയാണ് ഇരട്ടക്കൊലപാതകം നടന്നത്. മാഹി കോടതിയിൽനിന്നു കേസ് കഴിഞ്ഞ് വരികയായിരുന്ന വിജിത്തിനെയും ഷിനോജിനെയും ന്യൂമാഹി പെരിങ്ങാടിയിൽ വച്ച് അക്രമിസംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഏറെ വിവാദമായ കേസ് ആണിത്. എഫ്ഐആറിൽ പ്രതി ചേർക്കപ്പെട്ട അരഡസൻ പേര് അന്വേഷണഘട്ടത്തിൽ നിരപരാധികളാണെന്ന് കണ്ടെത്തിയിരുന്നു. ഡിവൈഎസ്പിയായിരുന്ന പ്രിൻസ് ഏബ്രഹാം, സിഐ യു. പ്രേമൻ എന്നിവരാണ് അന്വേഷണം നടത്തിയത്. ഡിവൈഎസ്പി എ.പി.ഷൗക്കത്തലിയാണ് കുറ്റപത്രം സമർപ്പിച്ചത്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here