DYFI പ്രസിഡന്റ് നയിക്കുന്ന ബാങ്കില്‍ കോടികളുടെ ക്രമക്കേട്; കൊടിയത്തൂര്‍ സഹകരണ ബാങ്ക് 20 കോടി നഷ്ടത്തില്‍; 14 കോടി സംശയാസ്പദ കടങ്ങളെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പ്രസിഡന്റായ കോഴിക്കോട് കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേടെന്ന് പരാതി. കഴിഞ്ഞ വര്‍ഷം 6.3 ലക്ഷം ലാഭമായിരുന്ന ബാങ്ക് ഒരു വര്‍ഷം കൊണ്ട് 20 കോടി 74 ലക്ഷം നഷ്ടത്തിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പിന്നാലെ തന്നെയാണ് സിപിഎം ഭരിക്കുന്ന കൊടിയത്തൂര്‍ ബാങ്കിലെ ക്രമക്കേടും പുറത്ത് വരുന്നത്.
20 കോടി പ്രവര്‍ത്തന നഷ്ടമെന്ന് വ്യക്തമാക്കുന്ന 2021–22 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ കോപ്പി മാധ്യമ സിന്‍ഡിക്കറ്റിന് ലഭിച്ചു. ബാങ്കിന്റെ കടങ്ങളില്‍ 14 കോടിയോളം സംശയാസ്പദമായ കടങ്ങളായി നിലനില്‍ക്കുകയാണെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പലവക ഇനത്തില്‍ ബാങ്കിന്റെ ചിലവ് കുത്തനെ കൂടിയിട്ടുണ്ട്. വായ്പാ തട്ടിപ്പുകളെ തുടര്‍ന്ന് സഹകരണ മേഖലയുടെ ഭാവി ആശങ്കയില്‍ തുടരുമ്പോള്‍ തന്നെയാണ് സിപിഎം ഭരിക്കുന്ന മറ്റൊരു ബാങ്കിന്റെ നഷ്ടത്തിന്റെ കഥ കൂടി വെളിയില്‍ വരുന്നത്.
കരുവന്നൂരിന് സമാനമായ ആരോപണങ്ങളാണ് കൊടിയത്തൂര്‍ ബാങ്കിനെതിരെയും ഉയരുന്നത്. ഭരണസമിതിയുടെ അനുമതിയില്ലാതെ കോടികള്‍ വകമാറ്റി, സ്ഥലം വാങ്ങി, അനധികൃത വായ്പ അനുവദിച്ചു എന്നൊക്കെയുള്ള ആക്ഷേപങ്ങളാണ് ബാങ്കിനെതിരെ ഉയര്‍ന്നത്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് ബാങ്കിന്റെ എ ക്ലാസ് ഓഹരി ഉടമയായ തോട്ടുമുക്കം ബാലകൃഷ്ണനാണ് ബാങ്കിനെതിരെ പരാതി നല്‍കിയത്. കോഴിക്കോട് അസിസ്റ്റന്റ്റ് രജിസ്ട്രാര്‍ക്കും സഹകരണ രജിസ്ട്രാര്‍ക്കും പരാതി നല്‍കി. വി.വസീഫ് പ്രസിഡന്റായി എത്തിയ ശേഷമാണ് ബാങ്ക് നഷ്ടത്തിലായത്-ബാലകൃഷ്ണന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
പരാതിയില്‍ പറയുന്നത് ഇങ്ങനെ:
കോസ്കോ വെന്‍ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കടലാസ് കമ്പനി രൂപീകരിച്ച് ബാങ്കില്‍ നിന്നും 45 ലക്ഷം പണമായി ആദ്യം നല്‍കി. ഒരു കോടി 30 ലക്ഷം രൂപ ഷെയര്‍ ആയി കാണിച്ച് ഇതേ കമ്പനിയ്ക്ക് നല്‍കി. അവിഹിതമായി ഈ പണം നല്‍കിയത് പൊതുയോഗത്തിന്റെ അനുമതിയോടെയോ രജിസ്ട്രാറുടെ അനുമതിയോടെയോ അല്ല. സംഘത്തിന്റെ പേരില്‍ പലയിടത്തായി ആകെ 8.05 ഏക്കര്‍ സ്ഥലം വാങ്ങി. ഇത് കമ്മീഷന്‍, ബ്രോക്കറേജ് ഇനത്തില്‍ പണം വാങ്ങാനും ആധാരത്തില്‍ വില കൂട്ടിവെച്ച് പണം തട്ടാനുമാണ്. വെളിച്ചെണ്ണ ഫാക്ടറി നവീകരണത്തിന് സ്ഥലമുണ്ടായിരിക്കെ മറ്റൊരു 67 സെന്റ് കൂടി വാങ്ങി. നവീകരണത്തിന്റെ പേരിലും ഒരുപാട് ക്രമക്കേടുകള്‍ നടന്നു.
സംഘത്തിന് ഒരു ബൊലെറോ ജീപ്പും വാടക വാഹനങ്ങളും ഉണ്ടായിരിക്കെ 26.5 ലക്ഷം മുടക്കി പ്രസിഡന്റിന് ആംഡബര കാര്‍ വാങ്ങി. കാര്‍ഷിക കടാശ്വാസം എഴുതി തള്ളിയതായി ബന്ധപ്പെട്ട് ബാങ്ക് പ്രസിഡനറും സെക്രട്ടറിയുമൊക്കെ പ്രതികളായി വിജിലന്‍സ് കേസും നിലനില്‍ക്കുന്നുണ്ട്-പരാതിയില്‍ പറയുന്നു. അസിസ്റ്റന്റ് രജിസ്ട്രാര്‍ക്കാണ് പരാതി നല്‍കിയതെന്ന് ബാലകൃഷ്ണന്‍ പറയുന്നുണ്ടെങ്കിലും അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.രജിതയെ മാധ്യമ സിന്‍ഡിക്കറ്റ് ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച പ്രതികരണം ഇങ്ങനെയാണ്. ‘കൊടിയത്തൂര്‍ ബാങ്കിന്നെതിരെ വന്ന പരാതി തന്റെ മുന്‍പാകെ വന്നിട്ടില്ല. പരാതി ലഭിച്ചാല്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും- രജിത പറഞ്ഞു.
നഷ്ടത്തിന്റെ കണക്കുമായി ഓഡിറ്റ് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. സര്‍ക്കാര്‍ നയമനുസരിച്ചാണ് കോസ്കോയ്ക്ക് പണം നല്‍കിയത്. 2019-20 കാലയളവില്‍ ലാഭമാണ്. സര്‍ക്കാര്‍ നയ പ്രകാരമാണ് കോസ്കോയ്ക്ക് പണം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം നഷ്ടമാണ്-ബാങ്ക് സെക്രട്ടറി ടി.പി.മുരളി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ബാങ്ക് പ്രസിഡന്റ് വസീഫിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here