രണ്ട് നേതാക്കള്‍ക്ക് രണ്ട് നീതിയോ; സിപിഎമ്മില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള വിവാദ ഇടപാടിനൊപ്പം ബിനീഷ് കോടിയേരിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസും സിപിഎമ്മില്‍ ചര്‍ച്ചയാകുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ് എക്സാലോജിക്കും സിഎംആർഎലും തമ്മിലുള്ള ഇടപാടെന്നാണ് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ കണ്ടെത്തൽ. ബിനീഷ് കോടിയേരിയുടെ കേസും കള്ളപ്പണം വെളുപ്പിക്കല്‍ കേസായിരുന്നു. ഒരേ കുറ്റം നേരിട്ട രണ്ട് നേതാക്കളുടെ മക്കള്‍ക്ക് രണ്ട് നീതിയോ എന്ന ചോദ്യമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്.

കോടിയേരി ബാലകൃഷ്ണന്‍ പാർട്ടി സെക്രട്ടറിയായിരിക്കെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തത്. എന്നാല്‍ ബിനീഷിനെതിരെയുള്ളത് വ്യക്തിപരം എന്ന് പറഞ്ഞ് പാര്‍ട്ടി കയ്യൊഴിഞ്ഞു. ‘പാർട്ടിക്കും സർക്കാരിനുമെതിരെ ആക്രമണം എന്നതു രാഷ്ട്രീയ വിഷയമാണ്. പാർട്ടി സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ടുള്ളതു കുടുംബപരവും വ്യക്തിപരവുമാണ്–’ആക്ടിങ് സെക്രട്ടറിയായി ചുമതലയേറ്റ എ.വിജയരാഘവൻ പറഞ്ഞത് ഇതായിരുന്നു.

നേതാക്കള്‍ മുനകൂര്‍ത്ത വിമര്‍ശനം എയ്യുകയല്ലാതെ പിന്തുണച്ച് രംഗത്ത് വന്നില്ല.
ഉദ്യോഗസ്ഥരോ പാർട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ ഭവിഷ്യത്ത് നേരിടുക തന്നെ വേണമെന്നാണ് പിബി അംഗം എം.എ.ബേബി ഫെയ്സ്ബുക് പോസ്റ്റ് നടത്തിയത്. സിപിഎമ്മിലെ കണ്ണൂര്‍ ലോബിയും പിന്തുണച്ചില്ല.

തെറ്റുപറ്റിയവരെയോ കുറ്റം ചെയ്തവരെയോ സിപിഎം സംരക്ഷിച്ചിട്ടില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി അന്നു പറഞ്ഞത്. ബിനീഷ് മാസങ്ങള്‍ ജയിലിലാവുകയും കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കുകയും ചെയ്തു. ബിനീഷിന് ജാമ്യം ലഭിച്ച ശേഷമാണ് കോടിയേരി വീണ്ടും പാര്‍ട്ടി ചുമതലയില്‍ വന്നത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ മകള്‍ വിവാദ മാസപ്പടി കേസില്‍ കുരുങ്ങിയപ്പോള്‍ പാര്‍ട്ടി ഒന്നടങ്കം പ്രതിരോധവുമായി മുന്നിലുണ്ട്.

വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ വീണയുടെ കമ്പനിയുടെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നു പത്രക്കുറിപ്പിറക്കുകയാണ് സിപിഎം ചെയ്തത്. വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുന്ന കേസാണിതെന്ന് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ കണ്ടെത്തൽ വന്നിട്ടും ന്യായീകരിച്ച് കുഴങ്ങുകയാണ് പാര്‍ട്ടി. രണ്ട് നേതാക്കള്‍ക്ക് പാര്‍ട്ടി നല്‍കിയത് രണ്ട് നീതി എന്ന നിലയില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top