വിനയകുമാറിന്റെ വിക്രിയകള്‍, ആദ്യം സ്വന്തം പേര് മാറ്റിപ്പറഞ്ഞു, പിന്നെ അച്ഛന്‍റെതും; കോടിയേരിയുടെ അളിയന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തിയ ശ്രമങ്ങള്‍ തിരിച്ചടിയായി

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബില്‍ നിന്നും ചീട്ട്കളി സംഘത്തെ പോലീസ് പൊക്കിയപ്പോള്‍ സംഘത്തില്‍ ഉള്‍പ്പെട്ട സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാ സഹോദരന്‍ എസ്.ആര്‍.വിനയകുമാര്‍ രക്ഷപ്പെടാന്‍ അച്ഛന്റെ പേര് പോലും മാറ്റിപ്പറഞ്ഞു. ആദ്യം സ്വന്തം പേര് തെറ്റിച്ച് പറഞ്ഞു. പക്ഷെ പോലീസുകാര്‍ക്ക് മനസിലായപ്പോള്‍ വിനയകുമാര്‍ എന്ന സ്വന്തം പേര് തന്നെ പറഞ്ഞു. അച്ഛന്റെ പേര് ചോദിച്ചപ്പോള്‍ അരവിന്ദാക്ഷന്‍ എന്നാണ് അയാള്‍ പറഞ്ഞത്. അത് എഫ്ഐആറില്‍ രേഖപ്പെടുത്തുകയും ചെയ്തു. സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ വിനയകുമാറിന്റെ ഫോണ്‍ കണക്ഷനിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ അച്ഛന്‍റെ പേര് രാജഗോപാല്‍ എന്ന് കണ്ടെത്തി.

കോടിയേരിയുടെ ഭാര്യയുടെ അച്ഛന്റെ പേര് എം..വി. രാജഗോപാലന്‍ എന്നാണ്. 1980-82 കാലത്ത് അദ്ദേഹം തലശ്ശേരി എംഎൽഎ ആയിരുന്നു. കണ്ണൂരിലെ സിപിഎമ്മിന്റെ തലയെടുപ്പുള്ള നേതാക്കളില്‍ ഒരാളുമായിരുന്നു അദ്ദേഹം. രാജഗോപാലന്റെ മൂത്ത മകള്‍ വിനോദിനിയെയാണ് കോടിയേരി വിവാഹം ചെയ്തത്. രാജഗോപാലന്‍ എന്ന സിപിഎം നേതാവിന്റെ മകനാണ് വിനയകുമാര്‍.

ഈ വസ്തുതകള്‍ പൊതുമണ്ഡലത്തില്‍ നില്‍ക്കുമ്പോഴാണ് വിനയകുമാര്‍ സ്വന്തം പേരും അച്ഛന്‍റെ പേരും മാറ്റിപ്പറഞ്ഞത്. പൊതുമേഖലാ സ്ഥാപനമായ കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയ ഇദ്ദേഹത്തെ പണംവെച്ച് ചീട്ട് കളിച്ചതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എഫ്ഐആറില്‍ തെറ്റിച്ച് ചേര്‍ത്ത അച്ഛന്‍റെ പേര് തിരുത്താന്‍ പോലീസ് കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കും.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് ചീട്ട്കളി സംഘത്തെ കസ്റ്റഡിയില്‍ എടുത്തത്. കേരളത്തിലെ എല്ലാ മാധ്യമങ്ങളും ചീട്ടുകളി വാർത്തയും അതിൽ അറസ്റ്റിലായത് കോടിയേരിയുടെ ഭാര്യാ സഹോദരനാണെന്നും റിപ്പോർട്ട് ചെയ്തിരുന്നു. കൊല്ലത്തുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡിയുടെ പേരിലാണ് കോട്ടേജ് ബുക്ക്‌ ചെയ്തത്. കഴിഞ്ഞ പത്ത് വര്‍ഷമായി വിനയകുമാര്‍ ഇവിടെ എംഡിയായി ജോലി ചെയ്യുകയാണ്.

തിരുവനന്തപുരത്തെ മുൻനിര ക്ലബ്ബാണ് വഴുതക്കാട്ടെ ട്രിവാൻഡ്രം ക്ലബ്ബ്. അംഗത്വം ലഭിക്കാന്‍ ലക്ഷങ്ങൾ ഫീസ് കൊടുക്കണം. ഇതിനൊപ്പം സമൂഹത്തിലെ മുൻനിരക്കാർക്ക് മാത്രമേ അംഗത്വം നൽകുകയുമുള്ളൂ. രാഷ്ട്രീയക്കാരും ഐഎഎസുകാരും ഐപിഎസുകാരും എല്ലാം അംഗങ്ങളാണ്. പ്രമുഖ സിനിമാക്കാരുടെ ഇഷ്ട താവളം. ഇതിന് അകത്ത് തോക്കെടുത്ത് കാട്ടി താരമായ സിനിമാതാരം പോലും ഉണ്ട്. എങ്കിലും ഉന്നതരുടെ ഈ ക്ലബ്ബിലേക്ക് സാധാരണ ഗതിയില്‍ പൊലീസ് കടക്കാറില്ല. ഈ ക്ലബ്ബിലേക്കാണ് തിങ്കളാഴ്ച വൈകുന്നേരം മ്യൂസിയം പൊലീസ് റെയ്ഡ് നടത്തിയത്.

കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ സഹോദരൻ വിനയകുമാറിന്റെ പേരിലുള്ള മുറിയിൽ തന്നെ അവർ കൃത്യമായി എത്തി. ആളുകളെ പിടിക്കുകയും ഇതെല്ലാം നടന്നത് കോടിയേരിയുടെ ഭാര്യാ സഹോദരന്റെ പേരിലുള്ള മുറിയിലാണെന്ന് വ്യക്തമായി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

Logo
X
Top