മത്സര ഓട്ടം, നടുറോഡില്‍ കല്ലേറ്; കൊടുങ്ങല്ലൂരിലെ കാർ യാത്രക്കാർക്കെതിരെ വധശ്രമത്തിന് കേസ്

തൃശൂർ: കൊടുങ്ങല്ലൂരില്‍ നടുറോഡില്‍ കല്ലേറ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ചെയ്ത കാർ യാത്രക്കാർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മുഖ്യപ്രതി പത്താഴക്കാട് സ്വദേശി അസീമുള്‍പ്പടെ മതിലകം, കൊടുങ്ങല്ലൂര്‍ സ്വദേശികളായ എട്ടുപേർക്കെതിരെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അസീം ഇന്നലെ തന്നെ അറസ്റ്റിലായിരുന്നു. മറ്റ് ഏഴുപേര്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് 6.10 ന്, കൊടുങ്ങല്ലൂര്‍ സെന്റ് തോമസ് പള്ളിയ്ക്ക് സമീപത്തുവച്ചായിരുന്നു സംഘർഷം. ഫിയറ്റ് കാറിലെത്തിയ സംഘം റിറ്റ്സ് കാറിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ക്കുകയായിരുന്നു. തൃപ്രയാറിൽ വെച്ച് രണ്ട് കാർ യാത്രക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊടുങ്ങല്ലൂരില്‍ ആക്രമണം നടന്നത്. മുഖ്യപ്രതിയായ അസീം പത്താഴക്കാടുള്ള സുഹൃത്തുക്കളെ വിളിച്ചു വരുത്തിയാണ് ആക്രമണം നടത്തിയത്.

ആക്രമണത്തിന് ശേഷം രണ്ട് കാറുകളും സ്ഥലം വിട്ടെങ്കിലും ഫിയറ്റ് കാറില്‍ യാത്ര ചെയ്തിരുന്ന സംഘം മതിലകത്ത് വെച്ച് അപകടത്തിൽപ്പെട്ടു. തുടർന്ന് കാർ ഓടിച്ചിരുന്ന അസീമിനെ നാട്ടുകാർ ചേർന്ന് തടഞ്ഞുനിർത്തി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റുള്ളവരെ തിരിച്ചറിഞ്ഞത്. ഇരു കൂട്ടരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. ആക്രമിക്കപ്പെട്ട കാറിലെ യാത്രക്കാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top