പ്രതി നുണപരിശോധന ആവശ്യപ്പെട്ടത് എന്തിന്? മൃതദേഹം കണ്ടെത്തിയ ഹാളിൽ രണ്ട് പിജി ഡോക്ടര്‍മാരുടെ വിരലടയാളങ്ങളും
കൊൽക്കത്ത ആർജി കർ സർക്കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി സഞ്ജയ് റോയി നുണപരിശോധന വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടെന്ന് അഭിഭാഷകൻ. എന്തിനാണ് പോളിഗ്രാഫ് ടെസ്റ്റിന് തയാറായത് എന്ന പ്രത്യേക കോടതിയുടെ ചോദ്യത്തിന് പ്രതി നൽകിയ മറുപടിയാണ് എൻഡിടിവിയോട് വെളിപ്പെടുത്തിയത്. താൻ നിരപരാധിയാണെന്നും തന്നെ കേസിൽ കുടുക്കിയതാണെന്നും അതിനാലാണ് നുണപരിശോധന നടത്താൻ ആഗ്രഹിച്ചതെന്നും പ്രതി കോടതിയെ അറിയിച്ചതായിട്ടാണ് വെളിപ്പെടുത്തൽ.
സഞ്ജയ്റോയി, ഡോക്ടറുടെ മൃതദേഹം സെമിനാർ ഹാളിൽ കണ്ടെത്തിയ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, മറ്റ് നാല് ഡോക്ടർമാർ എന്നിവരുടെ നുണപരിശോധന പൂർത്തിയായി. ഇവരിൽ രണ്ട് പേർ ഒന്നാം വർഷ പിജി വിദ്യാർത്ഥികളാണ്. ഇവരുടെ വിരലടയാളം സെമിനാർ ഹാളിൽ നിന്ന് കണ്ടെത്തിയിരുന്നു. 88 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് നൽകിയ മറുപടികളും ആശുപത്രി രേഖകളും തമ്മിൽ പൊരുത്തപ്പെടാത്തതിനാലാണ് ഡോ. ഘോഷിനെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഡൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ പോളിഗ്രാഫ് വിദഗ്ധരുടെ സംഘമാണ് നുണപരിശോധന നടത്തിയത്. സഞ്ജയ് റോയിയുടെ പോളിഗ്രാഫ് ടെസ്റ്റ് ജയിലിൽ വച്ചും മറ്റുള്ളവരുടെ പരിശോധന കൊൽക്കത്തയിലെ സിബിഐ ഓഫീസിൽ വച്ചും നടന്നു. കഴിഞ്ഞ ദിവസമാണ് ഇന്ന് ടെസ്റ്റ് നടത്താൻ കൊൽക്കത്തയിലെ പ്രത്യേക കോടതി അനുമതി നൽകിയത്.
ഓഗസ്റ്റ് 9 ന് പുലർച്ചെ നടന്ന കൊലപാതകത്തിൻ്റെ തൊട്ടടുത്ത ദിവസമാണ് ആശുപത്രിയിലെ സിവിക് പോലീസ് വോളണ്ടിയറായ സഞ്ജയ് റോയി അറസ്റ്റിലാവുന്നത്. പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. കൃത്യം നടന്ന ദിവസം പുലർച്ചെ 1:03 ന് സഞ്ജയ് റോയ് ആശുപത്രിയിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സിബിഐ പുറത്തുവിട്ടിരുന്നു. മൃതദേഹത്തിനരികിൽ നിന്നും കണ്ടെത്തിയ ഹെഡ് ഫോൺ ആ സമയം ഇയാളുടെ പക്കൽ ഉണ്ടായിരുന്നുവെന്ന് അതിൽ വ്യക്തമായിരുന്നു. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം മറച്ചുവെക്കാൻ ശ്രമം നടന്നതായി സിബിഐ വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തെളിവുകൾ നശിപ്പിച്ചെന്നായിരുന്നു കേന്ദ്ര ഏജൻസിയുടെ ആരോപണം. അന്വേഷണം ഏറ്റെടുക്കുമ്പോൾ കുറ്റകൃത്യം നടന്ന സ്ഥലത്തിന് മാറ്റം വരുത്തിയതായി ബോധ്യപ്പെട്ടു എന്നായിരുന്നു കോടതിയെ അറിയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here