വനിത ഡോക്ടർ പീഡനത്തിൽ കൊല്ലപ്പെട്ട കേസ് സിബിഐക്ക്; പ്രക്ഷോഭം അവസാനിപ്പിക്കാൻ ഡോക്ടർമാരോട് കോടതി

ബംഗാള്‍ സര്‍ക്കാര്‍ മെഡിക്കൽ കോളജിൽ വനിത ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. കൊലപാതകം വന്‍ വിവാദമായിരിക്കെയാണ് ഹൈക്കോടതി ഉത്തരവ് വന്നത്. ബന്ധപ്പെട്ട എല്ലാ രേഖകളും ബുധനാഴ്ച രാവിലെ 10നകം സിബിഐക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു.

ആശുപത്രി അധികൃതരുടെ നടപടികളിൽ ഗുരുതര വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളജ് പ്രിൻസിപ്പലായിരുന്ന ഡോ. സന്ദീപ് ഘോഷിനെ വേണം ആദ്യം ചോദ്യം ചെയ്യാനെന്നും ഹൈക്കോടതി പറഞ്ഞു. ആർജി കർ മെഡിക്കൽ കോളജ് അധികൃതർ കൊല്ലപ്പെട്ട യുവതിയുടെയോ അവരുടെ കുടുംബത്തിന്റെയോ ഒപ്പം നിന്നില്ല. അപൂർവമായ കേസാണിത്. തെളിവു നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

പ്രക്ഷോഭത്തിലുള്ള ഡോക്ടര്‍മാരോട് സമരം പിന്‍വലിച്ച് ജോലിക്ക് കയറണം എന്ന് ഹൈക്കോടതി അഭ്യർത്ഥിച്ചു. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ആർജി കർ ആശുപത്രി സെമിനാർ ഹാളിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം വിശ്രമത്തിനായി പോയ ഡോക്ടറാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ആശുപത്രിയുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട സിവിക് പോലീസ് വളണ്ടിയറാണ് അറസ്റ്റിലായത്.

പ്രതിഷേധത്തെ തുടർന്നു രാജിവച്ച സന്ദീപ് ഘോഷിനെ മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു കോളജിൽ സമാന തസ്തികയിൽ നിയമിച്ചിരുന്നു. അടിയന്തരമായി സന്ദീപിനെ നിലവിലെ സ്ഥാനത്തുനിന്നു മാറ്റണമെന്നും നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളജിലാണു ഘോഷിനെ ഇപ്പോൾ നിയമിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top