പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതും സഹപാഠികള്‍; കേസെടുക്കാന്‍ പോലീസ്
കൊല്ലം അഞ്ചല്‍ വെസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. സ്കൂളിലെ തന്നെ സഹപാഠികളാണ് പി.എസ്.അഭിനവിനെ ക്രൂരമായി മര്‍ദിച്ചത്. സ്കൂള്‍ വിട്ട ശേഷം വിദ്യാര്‍ത്ഥിയെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയതിനു ശേഷമാണ് മര്‍ദിച്ചത്. മൂന്നംഗ വിദ്യാര്‍ത്ഥി സംഘം കുട്ടിയെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും റോഡിലേക്ക് വലിച്ചറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ഞെട്ടിക്കുന്ന സംഭവമാണ് ഇന്നലെ വൈകീട്ട് അഞ്ചലില്‍ നടന്നത്.
ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് വീട്ടുകാരും സ്കൂള്‍ അധികൃതരും അറിയുന്നത്. മര്‍ദനം മൊബൈല്‍ ഫോണില്‍ പകര്‍ത്തി കുട്ടികള്‍ തന്നെയാണ് ആഘോഷമായി പുറത്തുവിട്ടത്. എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ മിടുക്കന്‍ വിദ്യാര്‍ത്ഥിയാണ് ആക്രമിക്കപ്പെട്ടത്.
സംഭവം അറിഞ്ഞ വീട്ടുകാര്‍ രാത്രി തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ ഇന്ന് രാവിലെ വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള വകുപ്പുകള്‍ ഉപയോഗിച്ച് കേസ് എടുക്കുമെന്ന് അഞ്ചല്‍ പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
തനിക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കുട്ടി വീട്ടില്‍ പറഞ്ഞില്ല. പിതൃസഹോദരിയായ ടീച്ചര്‍ വി.ഗീതാലക്ഷ്മിയെ അറിയുന്നവരാണ് വിവരം കൈമാറിയത്. ടീച്ചര്‍ വീട്ടിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥി പുതച്ചുമൂടി കിടക്കുകയായിരുന്നു. സൗഹൃദവും സ്നേഹവും നടിച്ചാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്ന് ടീച്ചര്‍ പറഞ്ഞു. “ആ വീഡിയോ കണ്ടാല്‍ ആരും സഹിക്കില്ല. മര്‍ദന വീഡിയോ ചിത്രീകരിച്ച് പാട്ടുപാടി കുട്ടികള്‍ ഉല്ലസിക്കുകയാണ്. അവന്‍ ചത്തെന്നാണ് വീഡിയോയില്‍ പറയുന്നത്. പഠനരംഗത്ത് മിടുക്കനായ വിദ്യാര്‍ത്ഥിയെയാണ് കൊല്ലാക്കൊല ചെയ്തത്. ശരീരമാസകലം മര്‍ദനം ഏറ്റിട്ടുണ്ട്. ഇനി ഇത്തരം ഒരു സംഭവം ഉണ്ടാകരുത്.” ഗീതാലക്ഷ്മി പറഞ്ഞു.
“രാത്രി പത്തുമണിയോടെ വീട്ടില്‍ വന്നപ്പോഴാണ് സംഭവം അറിഞ്ഞത്. കാര്യങ്ങള്‍ മകന്‍ അപ്പോഴാണ് തുറന്നു പറഞ്ഞത്. സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ പിതാവിനെക്കുറിച്ച് എന്തോ പറഞ്ഞെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. എന്നാല്‍ മകന്‍ അങ്ങനെ പറഞ്ഞിട്ടില്ല. രാത്രി തന്നെ മകനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.” കുട്ടിയുടെ പിതാവ് വി.പ്രദീപ് കുമാര്‍ പറഞ്ഞു. സംഭവം അഞ്ചലില്‍ വിവാദമുണ്ടാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here