കൊല്ലത്തെ റോഡപകടം കൊലക്കേസായി; ധനകാര്യ സ്ഥാപനത്തിലിട്ട 90 ലക്ഷം തട്ടാൻ മാനേജറുടെ ക്വട്ടേഷൻ; അരുംകൊലയുടെ ഞെട്ടിക്കും വിവരങ്ങൾ
കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം ജൂൺ 19നുണ്ടായ വാഹനാപകടത്തിൽ എൺപതുകാരൻ മരിച്ചത് കൊലക്കേസായി മാറുന്നു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ചുരുളഴിയുന്നത്. ബിഎസ്എൻഎല്ലിൽ ഉന്നത തസ്തികയിലിരുന്ന് വിരമിച്ച പാപ്പച്ചൻ എന്നയാളാണ് മരിച്ചത്. ഇത് റോഡ് അപകടമാണെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തുവരുന്നത്. വിവരങ്ങൾ മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു.
വിരമിക്കൽ ആനുകൂല്യമായി കിട്ടിയ 90 ലക്ഷം രൂപ കൊല്ലത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചൻ സ്ഥാപനത്തിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. (പോലീസിൻ്റെ അറസ്റ്റ് നടപടികൾ പൂർത്തിയായിട്ടില്ല എന്നതിനാൽ മാത്രം സ്ഥാപനത്തിൻ്റെ പേരുവിവരങ്ങൾ മാധ്യമ സിൻഡിക്കറ്റ് ഇന്ന് പുറത്തുവിടുന്നില്ല) അതുകൊണ്ട് തന്നെ അദ്ദേഹം കുടുംബവുമായി നല്ല ബന്ധത്തിലല്ല എന്ന വിവരം മാനേജർ അടക്കമുള്ളവർക്ക് അറിയാമായിരുന്നു. ഇദ്ദേഹം ഇല്ലാതായാൽ തുക ചോദിച്ച് ആരും വരില്ലെന്നും വ്യക്തമായി മനസിലാക്കിയാണ് മാനേജറായ വനിതയും അക്കൌണ്ടൻ്റും ചേർന്ന് ആസൂത്രണം നടത്തിയത്.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ കേസുകളിൽ പ്രതിയായ അനി എന്നയാളെ സമീപിച്ചാണ് ക്വട്ടേഷൻ ഉറപ്പിച്ചത്. പാപ്പച്ചൻ്റെ അക്കൌണ്ടിലെ 90 ലക്ഷത്തിൽ നിന്ന് രണ്ടുലക്ഷം പ്രതിഫലമായി നൽകാം എന്നായിരുന്നു വാഗ്ദാനം. ഇതുപ്രകാരം അനി ജൂൺ 19ന് ആസിഫ് എന്നയാളിൽ നിന്ന് വാടകക്കെടുത്ത കാർ പാപ്പച്ചൻ ഉപയോഗിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രാമം മൈതാനത്തിന് തൊട്ടടുത്ത ഇടവഴിയിൽ ആയിരുന്നു അപകടം. സ്ഥിരമായി സൈക്കിൾ മാത്രം ഉപയോഗിച്ചിരുന്ന ആളാണ് പാപ്പച്ചൻ.
പാപ്പച്ചൻ സൈക്കിളിലേ യാത്ര ചെയ്യൂവെന്നും പ്രതികൾക്ക് നന്നായി അറിയാമായിരുന്നു. ജൂൺ 19ന് പാപ്പച്ചൻ്റെ സൈക്കിളിലേക്ക് നീല നിറത്തിലുള്ള വാഗൺ-ആർ കാർ ചെന്നിടിക്കുന്നതിൻ്റെ സിസിടിവി വീഡിയോ അന്നുതന്നെ പോലീസിന് കിട്ടിയിരുന്നു. എന്നാൽ അപ്പോഴും ഇത് ആസൂത്രിതമാണെന്ന് ആരും കരുതിയില്ല. കാറിൻ്റെ കളറും നമ്പറുമെല്ലാം നോക്കി ഓടിച്ചയാളെ അറസ്റ്റ് ചെയ്ത് കൊണ്ടു വന്നപ്പോഴും കൊലപാതകമാണെന്ന സൂചനകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ വാഹനമോടിച്ച അനിയുടെ ബാങ്ക് അക്കൌണ്ട് പരിശോധിച്ചതാണ് നിർണായകമായത്.
എൺപതുകാരൻ്റെ അരുംകൊലയ്ക്ക് ക്വട്ടേഷനെടുത്ത അനി, കാർ വാടകക്ക് കൊടുത്ത ആസിഫ്, ധനകാര്യ സ്ഥാപനത്തിൻ്റെ ബ്രാഞ്ച് മാനേജർ സരിത, അക്കൌണ്ടൻ്റ് അനൂപ് എന്നിങ്ങനെ നാലുപേരെ വൈകിട്ടോടെ കസ്റ്റഡിയിലെടുത്തു. കൊല്ലം സിറ്റി പോലീസ് കമ്മിഷണർ വിവേക് കുമാറിൻ്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. രാത്രി വൈകിയോ നാളെ പുലർച്ചെയോ ആകും അറസ്റ്റ് രേഖപ്പെടുത്തുക. ധനകാര്യ സ്ഥാപനത്തിൻ്റെ ഉന്നതർ അടക്കമുള്ളവരുടെ ഭാഗത്ത് നിന്നും വീഴ്ചകൾ ഉണ്ടായിട്ടുള്ളതായി വിവരമുണ്ട്. പ്രതികളുടെ അറസ്റ്റിന് ശേഷം അക്കാര്യങ്ങളിൽ വിശദമായ അന്വേഷണം ഉണ്ടാകും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here