അച്ഛനോടുള്ള വൈരാഗ്യം തന്നെ; കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ മൊഴി പുറത്ത്; വിശദമായി ചോദ്യംചെയ്യുന്നു
കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയതിനു പിന്നില്‍ കുട്ടിയുടെ അച്ഛനുമായുള്ള സാമ്പത്തിക ഇടപാടിനെചൊല്ലിയുള്ള തര്‍ക്കം. തെങ്കാശിയില്‍ നിന്ന് പിടിയിലായ പ്രതി ചാത്തന്നൂർ സ്വദേശി പത്മകുമാറിൻ്റെ പ്രാഥമിക മൊഴിയിലാണ് ഈ വിവരമുള്ളത്. പത്മകുമാർ (52) ഭാര്യ അനിത, മകള്‍ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നുപേരാണ് പിടിയിലായത്. എന്‍ജിനീയറിങ് ബിരുദധാരിയാണ് പദ്മകുമാര്‍.
പത്തനംതിട്ടയിലെ ഒരു പ്രമുഖ കോളജില്‍ പത്മകുമാറിന്റെ മകളുടെ നഴ്സിംഗ് അഡ്മിഷന് വേണ്ടി കുട്ടിയുടെ അച്ഛനായ റെജിക്ക് അഞ്ച് ലക്ഷം രൂപ നല്‍കി. എന്നാല്‍ പ്രവേശനം ലഭിച്ചില്ല. ഈ പണം തിരികെ നല്‍കിയതുമില്ല. ഇതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് മൊഴി. കുടുംബം മുഴുവന്‍ ഈ തട്ടിക്കൊണ്ട് പോകലില്‍ ഉള്‍പ്പെട്ടു എന്ന വിവരമാണ് പുറത്ത് വരുന്നത്. മറ്റ് രണ്ടുപേര്‍ കൂടി സഹായം ചെയ്തോ എന്ന സംശയം പൊലീസിനുണ്ട്. അവരെക്കുറിച്ചുള്ള വിവരമാണ് പിടിയിലായവരില്‍ നിന്നും തിരക്കുന്നത്.
പത്മകുമാറിൻ്റെ മൊഴി പക്ഷേ പോലീസ് പൂർണമായും മുഖവിലക്ക് എടുത്തിട്ടില്ല. അഞ്ചുലക്ഷം രൂപക്കായി ഇങ്ങനെയൊരു ക്രിമിനൽ പ്രവൃത്തി ചെയ്യേണ്ട തരത്തിലുള്ള പശ്ചാത്തലമല്ല അയാൾക്ക് ഉള്ളത് എന്നതാണ് പ്രധാന കാര്യം. ഇപ്പോൾ നടത്തുന്ന വിശദമായ ചോദ്യം ചെയ്യലിലൂടെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും.
മൂന്ന് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലുണ്ട്. കുട്ടിയെ കടത്തിക്കൊണ്ട് പോയ വെള്ള സ്വിഫ്റ്റ് കാര്‍, ഓട്ടോ റിക്ഷ, ഇന്ന് പിടിച്ചെടുത്ത നീല കാര്‍. കുട്ടിയെ രാത്രി താമസിപ്പിച്ചത് പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലും ഫാം ഹൗസിലുമായാണ്. നീല കാറിലാണ് ആശ്രാമം മൈതാനത്തിലേക്ക് എത്തിച്ചത്. പത്മകുമാറിന്റെ മൊഴിയുടെ പാശ്ചാത്തലത്തില്‍ റെജിയെ പോലീസ് വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്.
തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് കൊല്ലത്ത് നിന്നുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here