കൊല്ലം സ്ഫോടനം ഒറ്റപ്പെട്ടതല്ല; മലപ്പുറത്തും ബോംബ് സ്ഫോടനം നടത്തിയത് ഇതേ സംഘം; ‘ബേസ് മൂവ്മെന്റ്’ അൽ ഖായിദയുടെ ഇന്ത്യന്‍ രൂപം
2016 ജൂണ്‍ 15നാണ് കേരളത്തെ ഞെട്ടിച്ച് കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനമുണ്ടായത്. മുന്‍സിഫ് കോടതിക്ക് മുന്നില്‍ കിടന്ന ജീപ്പിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ പേരയം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് സാബുവിന് പരുക്കേറ്റിരുന്നു. ഇതിനുശേഷം ഇതേവര്‍ഷം നവംബർ ഒന്നിനാണ് മലപ്പുറം സിവിൽ സ്റ്റേഷൻ വളപ്പിലെ കോടതിമുറ്റത്ത് നിർത്തിയിട്ട കാറിനടിയിൽ സ്ഫോടനമുണ്ടായത്.
ഇത് അന്വേഷിച്ച പോലീസ് സംഘമാണ് കൊല്ലത്തുണ്ടായ സ്ഫോടനത്തിന് സമാനമായ സ്ഫോടനമാണ് മലപ്പുറത്തും നടന്നതെന്ന വിവരം പുറത്തുവിട്ടത്.
സംഭവസ്ഥലത്ത് നിന്ന് ‘ദ ബേസ് മൂവ്മെന്‍റ്’ എന്നെഴുതിയ പെട്ടി പോലീസിന് ലഭിച്ചിരുന്നു. ആന്ധ്രപ്രദേശിലും കർണാടകയിലും നടന്ന സ്ഫോടനങ്ങളുമായി ഈ സ്ഫോടനത്തിന് ബന്ധമുണ്ടെന്നും തെളിഞ്ഞു. ഈ കേസിലെ പ്രതികള്‍ പിന്നീട് അറസ്റ്റിലായി. തീവ്രവാദബന്ധം സംശയിക്കപ്പെട്ടുള്ള ഈ അന്വേഷണമാണ് ബേസ് മൂവ്മെന്റ് എന്ന തീവ്രവാദ സംഘടനയിലേക്ക് നീങ്ങിയത്. എന്താണ് ബേസ് മൂവ്മെന്റ്. ആരാണ് ഈ തീവ്രവാദ സംഘടനയ്ക്ക് പിറകിലുള്ളത്.
അൽ ഖായിദയുടെ ഇന്ത്യന്‍രൂപമാണ് ബേസ് മൂവ്മെന്റ്. കൊല്ലപ്പെട്ട ഭീകര നേതാവ് ഒസാമ ബിൻ ലാദനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തീവ്രവാദ സംഘടനയായ അല്‍ ഉമ തമിഴ്നാട്ടില്‍ സ്ഥാപിതമായത്. ബാബറി മസ്ജിദ് തകർത്തതിന് ഒരു വർഷത്തിന് ശേഷം 1993ലാണ് സംഘടനയുടെ രൂപീകരണം. നിരോധിത തീവ്രവാദ സംഘടനയായ അൽ ഉമ ആണ് ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള ബേസ് മൂവ്‌മെന്റായി മാറിയത്. അൽ ഖായിദ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ് ഇവര്‍. ഐഎസ് ഭീകരസംഘടനയായി വളര്‍ന്നപ്പോഴും അൽ-ഖ്വയ്ദയ്ക്ക് ഒപ്പം ഉറച്ചുനിന്നു.
2015 ജനുവരിയിൽ അഞ്ചംഗ സംഘത്തെ വിളിച്ചുകൂട്ടി സത്യവാചകം ചൊല്ലിക്കൊടുത്ത് ബേസ് മൂവ്മെന്റിന് രൂപം കൊടുത്തത് ദാവൂദ് സുലൈമാന്‍ ആയിരുന്നുവെന്ന് എന്‍ഐഎ പറയുന്നു. ഇവരാണ് ദക്ഷിണേന്ത്യയില്‍ കോടതികളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയത്. സോഫ്റ്റ്‌വെയർ പ്രൊഫഷണലായിരുന്നു ദാവൂദ് സുലൈമാൻ. ഇയാള്‍ പിന്നീട് അറസ്റ്റിലായി. ഇന്ത്യയില്‍ ജിഹാദ് നടത്തുകയായിരുന്നു ഈ ഗ്രൂപ്പിന്‍റെ ഉദ്ദേശ്യം. മൈസൂരു കോടതിയിൽ ബോംബ് വെച്ചതിന് പിന്നില്‍ ദാവൂദ് ആയിരുന്നു. ഇത് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. കൊല്ലം സ്ഫോടനത്തില്‍ കോടതി ശിക്ഷിച്ച അബ്ബാസും വെറുതെ വിട്ട ഷംസുദീനും ബോംബ് നിര്‍മാണത്തില്‍ വിദഗ്ധരാണ്.
ബെംഗളുരുവിൽ നിന്നാണ് ബേസ് മൂവ്മെന്റ് അതിന്‍റെ ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. 2015 ജനുവരിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസിലേക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്. ആക്രമണം നടത്തുമെന്ന ഭീഷണിക്ക് താഴെ ബേസ് മൂവ്‌മെന്റ് എന്നാണ് കുറിച്ചത്. ഒസാമ ബിന്‍ ലാദന്‍റെയും ഇന്ത്യയുടെയും ചിത്രങ്ങളായിരുന്നു കത്തിലുണ്ടായിരുന്നത്. ഫ്രഞ്ച് കോൺസുലേറ്റിന് ലഭിച്ച ഭീഷണി സന്ദേശത്തിലും ഈ ഗ്രൂപ്പിന്റെ പേരുണ്ടായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ സന്ദർശിക്കുന്നതിനെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാൻഡിന് മുന്നറിയിപ്പ് നൽകിയാണ് കത്ത് അയച്ചത്. ഈ രണ്ട് കത്തും ചെന്നൈയില്‍ നിന്നാണ് അയച്ചിരുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യക്തികള്‍, വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ എന്നിവയെ ബേസ് മൂവ്‌മെന്റ് ലക്ഷ്യം വച്ചിരുന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
ആന്ധ്രയിലെ ചിറ്റൂര്‍, നെല്ലൂര്‍ കോടതികള്‍, കൊല്ലം, മലപ്പുറം, മൈസൂര് കോടതി എന്നിവിടങ്ങളിലാണ് ബെയ്സ് മൂവ്മെന്റ് സ്ഫോടനം നടത്തിയത്. ബെയ്സ് മൂവ്മെന്റിലെ മൂന്നു പേരാണ് ഇപ്പോള്‍ കൊല്ലം സ്ഫോടനത്തില്‍ ശിക്ഷിക്കപ്പെട്ടത്. തമിഴ്നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നിവരാണ് ഈ കേസിലെ പ്രതികൾ. ഇതില്‍ ഷംസുദീനെ കോടതി വെറുതെ വിട്ടു, ബാക്കി മൂന്നു പ്രതികള്‍ക്കുള്ള ശിക്ഷയാണ് ചൊവ്വാഴ്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here