മോചനദ്രവ്യം ആവശ്യപ്പെട്ട അനിതകുമാരിയുടെ ശബ്ദം പരിശോധിക്കും; പഴുതടയ്ക്കാന്‍ പോലീസ്

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനിതകുമാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിക്കാന്‍ പോലീസ്. മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ച സ്ത്രീ ഇവർ തന്നെയാണെന്ന് ഉറപ്പാക്കാനാണിത്. കിഴക്കനേലയിലുള്ള ഹോട്ടലുടമയുടെ ഭാര്യയുടെ ഫോണിൽ നിന്ന് ആറ് വയസുകാരിയുടെ അമ്മയെ വിളിച്ച് പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പോലീസ് പരിശോധനക്ക് കൈമാറും.
വിചാരണ നടക്കുമ്പോൾ ശബ്ദം തന്റെതല്ലെന്ന് പറഞ്ഞ് തടിയൂരാനുള്ള ശ്രമം പൊളിക്കാനാണ് ശബ്ദ പരിശോധന. പിടിയിലായതിന് പിന്നാലെ എഡിജിപിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ പറഞ്ഞ കാര്യങ്ങൾ ഇന്നലെ മൂവരും ക്രൈം ബ്രാഞ്ചിന് മുന്നിലും ആവർത്തിച്ചു.
കടബാധ്യത തീർക്കാനാണ് തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്തതെന്നും അഞ്ച് കുട്ടികളെ ലക്ഷ്യം വച്ചെന്നും പത്മകുമാർ വെളിപ്പെടുത്തി. എന്നാൽ ആറ് വയസുകാരിയെ മാത്രമാണ് തട്ടിക്കൊണ്ടുപോകാനായത്. മൂവരുടെയും മൊഴികളിലെ വൈരുധ്യങ്ങൾ പരിശോധിക്കുകയാണ്. ധനകാര്യ സ്ഥാപനങ്ങളോടും സ്വകാര്യ വ്യക്തികളോടും ഇടപാടുകളുടെ വിവരങ്ങൾ ആരാഞ്ഞിട്ടുണ്ടെങ്കിലും പൂർണമായും ലഭിച്ചിട്ടില്ല.
പ്രതികളുമായി ആദ്യഘട്ട തെളിവെടുപ്പ് ഇന്ന് നടന്നേക്കും. കുട്ടിയുമായി ഇവര്‍ പോയ ഇടങ്ങളിലും ഒളിവിൽ കഴിയാനായി പോയ തെങ്കാശി, പുളിയറൈ എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here