കുട്ടിയെ തട്ടിയെടുത്തത് പണം ലക്ഷ്യമിട്ട് തന്നെ; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
പത്തനംതിട്ട: ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശിയായ പത്മകുമാറിനെയും കുടുംബത്തിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി. മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മൂന്ന് പേരെയും തമിഴ്നാട് അതിർത്തിയിൽ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയിൽനിന്നാണ് ഇന്നലെ പൊലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി പത്മകുമാര്‍ ഇന്നലെ മാരത്തണ്‍ ചോദ്യം ചെയ്യലിനാണ് വിധേയനായത്. ചോദ്യംചെയ്യൽ ഇന്ന് പുലർച്ചെ മൂന്ന് മണി വരെ നീണ്ടിരുന്നു.
പ്രതികളെ പത്തനംതിട്ട എ ആര്‍ ക്യാമ്പിൽ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും. ഇന്ന് തന്നെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയേക്കും. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പ്ലാൻ ആയിരുന്നു സംഭവത്തിന് പിന്നില്‍. ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീര്‍ക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
അടൂർ കെഎപി മൂന്നാം ബറ്റാലിയൻ ക്യാമ്പിലാണ് പ്രതികളെ ചോദ്യം ചെയ്തത്. എഡിജിപി, ഡിഐജി എന്നിവരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ആറുവയസ്സുകാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ളവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് പത്മകുമാറിലെത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here