10 വയസുകാരി പീഡനത്തിനിരയായി ജീവനൊടുക്കിയ കേസ് രണ്ടുമാസം പൂഴ്ത്തി; മാധ്യമ ഇടപെടലിൽ പുറത്തുവന്ന് വിധിയായപ്പോൾ മേനിപറയാൻ പോലീസ്

കൊല്ലം കുണ്ടറയിൽ പത്തും പതിമൂന്നും വയസുള്ള പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ചത് സ്വന്തം മുത്തച്ഛൻ. 2017 ജനുവരി 15ന് പത്തുവയസുകാരി ജീവനൊടുക്കി. മരണത്തിന് തൊട്ടുമുൻപും പീഡനമുണ്ടായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൃത്യം വിവരം ഉണ്ടായിട്ടും കൊല്ലം കുണ്ടറ പോലീസ് കേസ് മുക്കിവച്ചത് രണ്ടുമാസം. ഒടുവിൽ മനോരമ ന്യൂസ് ചാനൽ വിവരം പുറത്ത് കൊണ്ടുവന്നപ്പോൾ എസ്ഐ, സിഐ എന്നിവർക്ക് സസ്പെൻഷൻ. മേൽനോട്ട പിഴവിന് അച്ചടക്കനടപടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട അന്നത്തെ കൊട്ടാരക്കര ഡിവൈഎസ്പിയാണ് ഇപ്പോൾ മാധ്യമങ്ങളോട് പറയുന്നത്, അഞ്ചാം ദിവസം പ്രതിയെ അറസ്റ്റ് ചെയ്തെന്നും, ഒട്ടേറെ പ്രതിസന്ധികൾ താൻ നേരിട്ടെന്നും. പൊതുജനരോഷം അണപൊട്ടിയ കേസിൽ നിയമസഭയിൽ മുഖ്യമന്ത്രി വരെ സമാധാനം പറയേണ്ടിവന്നു. എന്നിട്ടും വിധി വന്നപ്പോൾ അന്വേഷണ മികവിനെക്കുറിച്ച് വീമ്പിളക്കുന്ന പോലീസ് കൗതുകക്കാഴ്ചയാണ്.

കുട്ടികളുടെ സ്വന്തം മുത്തച്ഛന് കോടതി മൂന്നു ജീവപര്യന്തം വിധിച്ചത് ഇന്നലെയാണ്. കൊല്ലം കുണ്ടറയിൽ ജീവനൊടുക്കിയ പത്തുവയസുകാരിക്ക് തുടരെ പീഡനമേറ്റതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയെന്നും എന്നാൽ കേസിൽ അന്വേഷണം നടക്കുന്നില്ലെന്നും വിവരം കിട്ടി മനോരമ ചാനൽ കൊല്ലം റിപ്പോർട്ടറായിരുന്ന ദീപു രേവതി 2017 മാർച്ച് രണ്ടാം ആഴ്ചയിലാണ് പോലീസിനെ സമീപിക്കുന്നത്. പ്രതികരണം നെഗറ്റീവായതോടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെ കോപ്പി കണ്ടെത്തി വാർത്ത പുറത്തുവിട്ടു. പിന്നാലെ വൻ വിവാദമായി മാറിയ കേസിലെ വീഴ്ചയുടെ പേരിൽ എസ്ഐ ആർ രജീഷ്, സിഐ ആർ ഷാബു എന്നിവർക്ക് സസ്പെൻഷൻ. കേസിനെക്കുറിച്ച് നേരിട്ട് അറിവുണ്ടായിരുന്ന ഡിവൈഎസ്പി ബി കൃഷ്ണകുമാറിൻ്റെ വീഴ്ചയും ചർച്ചയായെങ്കിലും അന്നത്തെ എസ്പി എസ് സുരേന്ദ്രൻ്റെ കാരുണ്യത്തിൽ രക്ഷപെട്ടു. തുടർന്ന് പുതിയ പോലീസ് സംഘത്തെ നിയോഗിച്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.

കേസ് പൂഴ്ത്തിവച്ചത് വൻ വിവാദമായി പോലീസ് പ്രതിക്കൂട്ടിലായ ശേഷവും അന്വേഷണം അട്ടിമറിക്കാൻ നീക്കം ഉണ്ടായി. കുട്ടിയുടെ മരണത്തിൽ മുത്തച്ഛൻ്റെ പങ്ക് ചൂണ്ടിക്കാട്ടി നിരന്തരം പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയ കുട്ടികളുടെ അച്ഛനെ പ്രതിയാക്കി കേസ് അവസാനിപ്പിക്കാൻ ആയിരുന്നു ശ്രമം. മുത്തച്ഛനെതിരെ മൊഴി നൽകാൻ കേസിനെക്കുറിച്ച് നേരിട്ട് അറിവുണ്ടായിരുന്നവർ ആരും തയ്യാറാകാതെ വന്നപ്പോൾ മുഖം രക്ഷിക്കാനായിരുന്നു പോലീസ് ഇത്തരമൊരു കൊലച്ചതിക്ക് നീക്കം നടത്തിയത്. ഇതേ മുത്തച്ഛൻ്റെ പീഡനത്തിന് വിധേയയായ മൂത്ത സഹോദരി പോലും പലവട്ടം നടത്തിയ കൌൺസിലിങിന് ശേഷമാണ് താൻ നേരിട്ടത് തുറന്നുപറയാൻ തയ്യാറായത്. പിന്നാലെ കുട്ടിയുടെ അമ്മ അവരുടെ അച്ഛനെതിരെ മൊഴി നൽകി. പീഡനത്തിനെല്ലാം ദൃസാക്ഷിയായിരുന്ന മുത്തശ്ശി ഏറ്റവുമൊടുവിൽ തൻ്റെ ഭർത്താവിൻ്റെ ക്രൂരതകളെക്കുറിച്ച് മനസ് തുറന്നു. എന്നാൽ വിചാരണക്കിടെ അവർ മരിച്ചു.

ഇങ്ങനെയെല്ലാം പലവിധ പ്രതിസന്ധികളെ അതിജീവിച്ചാണ് അന്വേഷണം പൂർത്തിയാക്കിയത് എന്ന് പോലീസ് അവകാശപ്പെടുന്നത് ശരിയാണ്. എന്നാൽ അതിനെക്കാളെല്ലാം വലിയ പ്രതിസന്ധി തുടക്കം മുതൽ ഉണ്ടാക്കിയത് പോലീസാണ്. അവരുടെ കൃത്യവിലോപവും കഴിവുകേടുമാണ് ഏറ്റവും തിരിച്ചടിയായത്. അതിനെയെല്ലാം മറികടന്നത് മാധ്യമ ഇടപെടൽ കൊണ്ടാണ്. ഇതെല്ലാം മറച്ചുവച്ചാണ് പ്രതിസന്ധികളെക്കുറിച്ച് മാധ്യമങ്ങളോട് ഉദ്യോഗസ്ഥർ ഗീർവാണം മുഴക്കുന്നത്. ഏഴുവർഷം എത്തുമ്പോൾ വസ്തുതകളെല്ലാം മറന്ന് പോലീസിൻ്റെ പല്ലവി ഏറ്റുപാടുന്ന മാധ്യമങ്ങളുടെ നിലപാടില്ലായ്മ കൂടിയാണ് ഇപ്പോൾ തുറന്നുകാട്ടപ്പെടുന്നത്. മലയാള മനോരമ അടക്കം ഇന്നത്തെ ഒട്ടുമിക്ക പത്രങ്ങളും ശിക്ഷയുടെ വാർത്തക്കൊപ്പം പോലീസിൻ്റെ അവകാശവാദവും തൊണ്ടതൊടാതെ വിഴുങ്ങുന്നത് കാണാം. അന്നത്തെ ഡിവൈഎസ്പി ബി കൃഷ്ണകുമാർ ഇപ്പോൾ ഐപിഎസ് നേടി തൃശൂർ റൂറൽ എസ്പിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top