ഡോ. ശ്രീക്കുട്ടിയും അജ്മലും എംഡിഎംഎ ഉപയോഗിച്ചുവെന്ന് പോലീസ്; രണ്ടുപേരെയും കസ്റ്റഡിയില്‍ വിട്ടു

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ കാർകയറ്റി കൊന്ന കേസില്‍ ഒന്നാംപ്രതി അജ്മൽ, രണ്ടാംപ്രതി ഡോ. ശ്രീക്കുട്ടി എന്നിവരെ പോലീസ് കസ്റ്റഡിയിൽവിട്ടു. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഞായറാഴ്ച വരെയാണ് കസ്റ്റഡി അനുവദിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരി​ഗണിക്കും.

കേസിലെ പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും എംഡിഎംഎ ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. സംഭവ സമയത്ത് ഇവര്‍ മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇവര്‍ ഉപയോഗിച്ച എംഡിഎംഎയുടെ ഉറവിടത്തെക്കുറിച്ച് വിവരങ്ങള്‍ തേടണം. ലഹരി ഉപയോഗിച്ച ശേഷം വേറെ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നറിയണം. ഇതൊക്കെ ഉന്നയിച്ചാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.

കൊല്ലം മൈനാഗപ്പള്ളിയില്‍ തിരുവോണ ദിവസം വൈകീട്ടാണ് അജ്മല്‍ ഓടിച്ച കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ സ്ത്രീകള്‍ തെറിച്ചുവീണത്. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നു. സ്ത്രീ കാറിനു അടിയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് നാട്ടുകാര്‍ അലറിവിളിച്ച് പറഞ്ഞിട്ടും ഇതൊന്നും കൂസാതെ അജ്മല്‍ കാര്‍ മുന്നോട്ട് എടുക്കുകയായിരുന്നു. ഇതോടെയാണ് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറി ഇറങ്ങിയത്. ആശുപത്രിയില്‍ എത്തിച്ചിട്ടും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ കുഞ്ഞുമോളുടെ സഹോദരി ഫൗസിയക്കും പരുക്കേറ്റു.

ഈ അപകടത്തിനുശേഷം മുന്നോട്ടുപോയ അജ്മല്‍ തുടര്‍ അപകടങ്ങള്‍ സൃഷ്ടിച്ചു. കാര്‍ മതിലില്‍ ഇടിച്ച് നിന്നതോടെയാണ് അജ്മലും ശ്രീക്കുട്ടിയും ഇറങ്ങി ഓടിയത്. തൊട്ടടുത്ത വീട്ടില്‍ ഓടിക്കയറിയെ ശ്രീക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. അടുത്ത ദിവസം സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അജ്മല്‍ പിടിയിലായത്. വന്‍രോഷമാണ്‌ പ്രതികള്‍ക്കെതിരെ കരുനാഗപ്പള്ളിയില്‍ നിലനില്‍ക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top