സരിത രഹസ്യമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ പിടിച്ചെടുത്തു; കൊല്ലത്തെ ക്വട്ടേഷന്‍ കൊലയില്‍ കുറ്റപത്രം സെപ്റ്റംബര്‍ ഏഴിനകം
കൊല്ലം മിനി മുത്തൂറ്റ് നിധി ലിമിറ്റഡിലെ നിക്ഷേപകന്റെ ക്വട്ടേഷന്‍ കൊലപാതകത്തില്‍ നിര്‍ണ്ണായക തെളിവായ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. കേസിലെ മൂന്നാംപ്രതിയും സ്ഥാപനത്തിലെ മാനേജറുമായിരുന്ന സരിതയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണുമാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം കാലടിയിലുള്ള ഭര്‍ത്തൃവീട്ടില്‍നിന്നാണ് ഇവ കണ്ടെടുത്തത്. കൊലപാതകം നടന്ന കാലയളവില്‍ സരിത രഹസ്യമായി ഉപയോഗിച്ചിരുന്ന ഫോണാണ് ലഭിച്ചത്. ഇത് വീട്ടില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
ക്വട്ടേഷന്‍ സംഘവുമായി സരിത ബന്ധപ്പെട്ടതും പണം അയച്ചു നല്‍കിയതും ഈ ഫോണ്‍ ഉപയോഗിച്ചാണ്. കൊല്ലം ഈസ്റ്റ് വനിതാ എസ്ഐ ഷബ്‌നയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായെത്തി ഇവ കണ്ടെത്തിയത്. ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടശേഷം സരിത പലതവണ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇവിടെ വിശദമായ പരിശോധന നടത്തിയത്. നാലുമണിക്കൂര്‍ നീണ്ട തെളിവെടുപ്പും പരിശോധനയുമാണ് വീട്ടില്‍ നടന്നത്.
കേസിലെ പ്രതികളായ അനിമോന്‍, മാഹിന്‍, സരിത, അനൂപ് എന്നിവരുടെ പോലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസില്‍ ഒരുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. സെപ്റ്റംബര്‍ ഏഴിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. പോലീസ് ആവശ്യപ്പെട്ടിട്ടുള്ള ചില രേഖകള്‍ ധനകാര്യസ്ഥാപനം ഇതുവരെ നല്‍കിയിട്ടില്ല. സരിതയും അനൂപും ചേര്‍ന്ന് കൊല്ലപ്പെട്ട പാപ്പച്ചനില്‍നിന്ന് തട്ടിയെടുത്ത തുക എത്രയാണെന്നും വായ്പ എടുപ്പിച്ച തുക എത്രയാണ് എങ്ങനെയാണ് തുടങ്ങിയ വിവരങ്ങള്‍ ധനകാര്യസ്ഥാപനത്തില്‍ നിന്ന് ആവശ്യപ്പെട്ട രേഖകള്‍ ലഭിച്ചാലെ വ്യക്തത വരികയുള്ളൂ.
മെയ് 23നാണ് ബിഎസ്എന്‍എല്‍ മുന്‍ ജീവനക്കാരനും സ്ഥാപനത്തിലെ നിക്ഷേപകനുമായ പാപ്പച്ചനെ സംഘം കൊലപ്പെടുത്തിയത്. സൈക്കിളില്‍ സഞ്ചിരിച്ചിരുന്ന പാപ്പച്ചനെ ഇടിച്ചു വീഴ്ത്തിയ ശേഷം ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here