80കാരൻ്റെ ക്വട്ടേഷൻ കൊലപാതകം മിനിമുത്തൂറ്റ് നിധിയിലെ തിരിമറി പുറത്തുവരാതിരിക്കാൻ; മാനേജർ സരിത ഒന്നാംപ്രതി; വിശദീകരിച്ച് കമ്മിഷണർ

കൊല്ലത്ത് വയോധികനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയത് ധനകാര്യ സ്ഥാപനത്തിലെ മാനേജർ തന്നെ നടത്തിയ തിരിമറി പുറത്തു വരാതിരിക്കാനെന്ന് പോലീസ്. മിനി മുത്തൂറ്റ് നിധി ലിമിറ്റഡിന്റെ കൊല്ലം ബ്രാഞ്ച് മാനേജര്‍ സരിത, ബ്രാഞ്ച് എക്‌സിക്യൂട്ടീവ് അനൂപ് എന്നിവരുമായി മരിച്ച പാപ്പച്ചന് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇതേതുടര്‍ന്നാണ് വിവിധ ബാങ്കുകളിലായി ഉണ്ടായിരുന്ന നിക്ഷേപമെല്ലാം പിന്‍വലിച്ച് ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിക്ഷേപിക്കാന്‍ പാപ്പച്ചന്‍ തയാറായതും.

ALSO READ: കൊല്ലത്തെ റോഡപകടം കൊലക്കേസായെന്ന മാധ്യമ സിൻഡിക്കറ്റ് വാർത്ത സ്ഥിരീകരിച്ച് പോലീസ്; കമ്മിഷണറുടെ വാർത്താസമ്മേളനം ഉടൻ

80 ലക്ഷം രൂപയാണ് പാപ്പച്ചന്‍ നിക്ഷേപമായി നല്‍കിയത്. എന്നാല്‍ പ്രതികള്‍ ഈ പണത്തില്‍ 36 ലക്ഷം രൂപ മാത്രമാണ് ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചത്. ബാക്കി പണം വീതംവച്ച് എടുക്കുകയും ചെയ്തു. നിക്ഷേപത്തിന്റെ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച് പാപ്പച്ചന് നല്‍കുകയും ചെയ്തതായി സിറ്റി പൊലീസ് കമ്മീഷണര്‍ വിവേക് കുമാര്‍ വ്യക്തമാക്കി.

എണ്‍പത് ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഉറപ്പ് നല്‍കിയ പലിശ ലഭിക്കാതെ വന്നതോടെ പാപ്പച്ചന്‍ ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങി. സരിതയോടും അനൂപിനോടും പലതവണ പാപ്പച്ചന്‍ പരാതി പറഞ്ഞു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് മടക്കിയതല്ലാതെ കൃത്യമായ ഉത്തരം നല്‍കിയില്ല. തുടക്കത്തിൽ പാപ്പച്ചൻ ഇരുവരെയും സംശയിച്ചില്ല. ആവര്‍ത്തിച്ച് പരാതി പറഞ്ഞിട്ടും നടപടിയുണ്ടാകാതെ വന്നതോടെ മിനി മുത്തൂറ്റ് നിധി ലിമിറ്റഡിലെ ഉന്നതരുമായി പാപ്പച്ചന്‍ ബന്ധപ്പെടാൻ തുടങ്ങി. ഇതോടെയാണ് കൊല ചെയ്യാനുളള തീരുമാനത്തില്‍ പ്രതികളെത്തിയത്.

ALSO READ: കൊല്ലത്തെ റോഡപകടം കൊലക്കേസായി; ധനകാര്യ സ്ഥാപനത്തിലിട്ട 90 ലക്ഷം തട്ടാൻ മാനേജറുടെ ക്വട്ടേഷൻ; അരുംകൊലയുടെ ഞെട്ടിക്കും വിവരങ്ങൾ

സംഭവദിവസം അനൂപ് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാപ്പച്ചന്‍ വീട്ടില്‍ നിന്നും പുറപ്പെട്ടതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപത്തിന്റെ കാര്യം വീട്ടുകാരിൽ നിന്ന് പാപ്പച്ചന്‍ രഹസ്യമാക്കി വച്ചതും സരിതയുടേയും അനൂപിന്റേയും നിര്‍ദേശ പ്രകാരമാണ് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പാപ്പച്ചന്‍ മരിച്ചാല്‍ നിക്ഷേപം തിരക്കി ആരും വരാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു ഇത്.

ഇങ്ങനെയെല്ലാം കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള കൊടിയ ക്രൂരതയുടെ ആസൂത്രണമാണ് സിറ്റി പോലീസ് കമ്മിഷണർ വെളിപ്പെടുത്തിയത്. ധനകാര്യസ്ഥാനത്തിൽ നിക്ഷേപിച്ച തുക തട്ടിയെടുക്കാൻ ബ്രാഞ്ച് മാനേജർ ക്വട്ടേഷൻ കൊടുത്ത് നടപ്പാക്കിയ അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇന്നലെ രാത്രി മാധ്യമ സിൻഡിക്കറ്റ് ആണ് പുറത്തുവിട്ടത്. തുടർന്ന് ഇന്ന് രാവിലെ ഇക്കാര്യത്തിൽ പോലീസ് സ്ഥിരീകരണം വന്നു. പിന്നാലെ ചാനലുകളടക്കം മാധ്യമങ്ങളെല്ലാം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് കമ്മിഷണർ വാർത്താസമ്മേളനം വിളിച്ച് വിശദീകരിക്കാൻ തീരുമാനിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top